09:05am 21 July 2024
NEWS
ശരിക്കും ഒരു ആഘോഷമാക്കി മാറിയ നാജിയ ഷെറിന്റെ ബേബി ഷവർ
30/05/2024  07:30 AM IST
എൻ.സി
ശരിക്കും ഒരു ആഘോഷമാക്കി മാറിയ നാജിയ ഷെറിന്റെ ബേബി ഷവർ

കാറ്റാടിമരങ്ങൾക്കിടയിലൂടെ സായാഹ്ന സൂര്യന്റെ പൊൻകിരണങ്ങൾ നിളയെ സ്വർണ്ണവർണ്ണമാക്കിയ നിമിഷം. നിളയുടെ കുളിർതെന്നലിൽ പാറിപ്പറന്ന മുടിയിഴകൾ ഒതുക്കി നാജിയ ഷെറിൻ വേനലിന്റെ കാഠിന്യത്തിലും ഒരു നീർച്ചാലായി ഒഴുകിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴയിലേക്ക് കണ്ണുകൾ പായിച്ചു. പൂക്കളെ സ്‌നേഹിക്കുന്ന, പ്രകൃതിയെ സ്‌നേഹിക്കുന്ന നാജിയ ഷെറിനെ പരിചയപ്പെടുത്താം.

മൂർക്കനാട് വടക്കുംപുറത്ത് വീട്ടിലെ ഇബ്രഹാമിന്റെയും സുഹറയുടെയും രണ്ട് മക്കളിൽ ഇളയവൾ. ഇത്തയുടെ പേര് നഫ്‌ല.

പഠിക്കാൻ മിടുക്കിയായ നാജിയ പഠനത്തിനുശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുമ്പോഴും മേക്കപ്പ്, മെഹന്തി ആർട്ടിസ്റ്റ് കൂടിയായ നാജിയ തന്റെ പാഷനും കൂടെ കൊണ്ടുനടന്നു.

ബസ്‌യാത്രയ്ക്കിടയിൽ എപ്പോഴോ തന്റെ കണ്ണുകളിൽ കാക്കുവിന്റെ കണ്ണുകൾ ഉടക്കിയതായിരിക്കാം വളാഞ്ചേരി വെങ്ങാട് ചോർണിയിലെ വീട്ടിലെ മരുമകളായി എത്താൻ കാരണം. മാനുവിന്റെയും മുനീറയുടെയും നാല് മക്കളിൽ ഇളയമകനാണ് മുഹമ്മദ് സഹൽ എന്ന എന്റെ കാക്കു. കാക്കുവിന് മൂന്ന് സഹോദരിമാരാണ് ഉള്ളത്. അദ്ധ്യാപികയായ റുബീനയും വിദേശത്ത് ജോലി ചെയ്യുന്ന റിസ്‌വാനയും സഞ്ജയും. കുടുംബത്തിലെ ഏക ആൺതരിയായ കാക്കുവിന് എല്ലാ സ്വാതന്ത്ര്യവും ഉള്ളതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രണയം റുബീത്തയോടാണ് കാക്കു പറഞ്ഞത്. ഇത്താത്തമാരെല്ലാം കട്ട സപ്പോർട്ട്. ഉമ്മയ്ക്കും ഉപ്പയ്ക്കും എതിർപ്പ് കാണുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവർ എന്റെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് വീട്ടിൽ വന്ന് മകന് പെണ്ണ് ചോദിച്ചു. അങ്ങനെ ഞാൻ ആ കുടുംബത്തിലെ അംഗമായി.
ഭാരതപ്പുഴയുടെ തീരത്തെ മനോഹരമായ നിളയോരം പാർക്കിൽ മരുമകളുടെ ബേബി ഷവറിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന മുനീറയെ കെട്ടിപ്പിടിച്ചുകൊണ്ട് നാജിയ പറഞ്ഞു, ഇതാണ് എന്റെ അമ്മായി അമ്മപ്പോര് കാണിക്കാത്ത എന്റെ ഉമ്മ. കേക്കെല്ലാം സെറ്റ് ചെയ്യുന്ന റുബീനയും കൂട്ടുകാരി നസിയും ചിരിച്ചുകൊണ്ട് പറഞ്ഞു.  ഞങ്ങളൊക്കെ ഉള്ളതുകൊണ്ട് നിന്റെ ഭാഗ്യം സത്യമാണ്. ഇത്തമാരും ഉപ്പയും ഉമ്മയും എല്ലാം എന്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ട് നിൽക്കും. കാക്കുവിന് ഒന്നിനും എതിർപ്പില്ല. മോഡലിംഗിനും റീൽസിനുമെല്ലാം റുബീത്തയുടെ മകൻ മുന്നയാണ് എനിക്ക് കൂട്ട്. ഡാൻസറും മോഡലുമായ മുന്ന ജാസിർ ഒരു ബാലതാരമാണ്. ഒന്നുരണ്ട് സിനിമകളിലും അഭിനയിച്ചു. റുബീത്തയും കൂട്ടുകാരി നസിയും ജീവിതം ശരിക്കും ആസ്വദിച്ച് നടക്കുന്ന കൂട്ടുകാരികളാണ്. കട്ട സപ്പോർട്ടുമായി അവരുടെ ഭർത്താക്കന്മാരും കൂടെയുണ്ട്. നല്ല ഭർത്താവിനെ കിട്ടുക, നല്ലൊരു കുടുംബത്തിൽ എത്തിച്ചേരുക എന്നതൊക്കെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതല്ലേ... എവിടെ എത്തിയാലും നമ്മൾ അവിടെ പോസിറ്റീവ് എനർജി നൽകിയാൽ, സന്തോഷം കൊണ്ടുവന്നാൽ എല്ലായിടവും നല്ലതായിരിക്കും എന്നതാണ് എനിക്ക് തോന്നിയത്.
സോഷ്യൽമീഡിയകളിലൂടെ തരംഗമായ പേളിമാണിയുടെ ബേബി ഷവർ കണ്ട് അന്നുമുതലേ ഞാൻ മനസ്സിൽ കരുതിയതാണ് ഞാനും ഗർഭിണിയായാൽ ബേബി ഷവർ ആഘോഷിക്കണമെന്ന്. എന്റെ മനസ്സിലുള്ളത് ഞാൻ കാക്കുവിനോട് പറഞ്ഞു കാക്കുവിന് നൂറുവട്ടം സമ്മതം.

കുടുംബത്തിലേക്ക് വരാൻ പോകുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള ഞങ്ങളുടെ ഒരുക്കങ്ങൾ ‘മഹിളാരത്‌ന’ത്തിലൂടെ ലോകം അറിയുന്നു എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം.

മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള പുഴയോരം വിനോദസഞ്ചാരകേന്ദ്രമായ കുറ്റിപ്പുറം നിളയോരം പാർക്കിൽ അങ്ങനെ ആദ്യമായി ഒരു ബേബി ഷവർ ആഘോഷത്തിന് തുടക്കമായി. റുബീനയുടെ കൂട്ടുകാരി നസിയുടെ മക്കളും മുന്ന ജാസിറിന്റെ കൂട്ടുകാരനും ബാലതാരവുമായ റിഷിയും(കണ്ണൻ) എല്ലാവരും കൂടിച്ചേർന്ന് നാജിയ ഷെറിന്റെ ബേബി ഷവർ ശരിക്കും ഒരു ആഘോഷമാക്കി മാറ്റി.

കരുതലോടെ ആഘോഷിക്കുക
ഏഴ്, എട്ട് മാസമായ ഗർഭിണികൾ ബേബി ഷവർ ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല. ഗർഭിണികളുടെ കൂട്ടുകാരും ഫാമിലിയും എല്ലാം ചേർന്ന് ഒരു ഫംഗ്ഷൻ നടത്തുമ്പോൾ ഗർഭിണികൾക്ക് അതൊരു ഇമോഷണൽ ബൂസ്റ്റപ്പാണ്. തീർച്ചയായും അവർക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കും.

ആഘോഷങ്ങൾക്കിടയിൽ കുറച്ച് സമയത്തേക്ക് നമ്മളിൽ പലരും ഗർഭിണിയാണെന്ന കാര്യം മറന്നുപോകും. നമ്മുടെ സുഹൃത്തുക്കൾ കളിക്കുന്നതുപോലെ തന്നെ ഡാൻസ് കളിക്കാനും മറ്റും ഓവർ എക്‌സൈറ്റ് ചെയ്യും. അവിടെയാണ് പ്രശ്‌നം വരുന്നത്. ഏറ്റവും നല്ലതായി പറയുകയാണെങ്കിൽ വളരെ കെയർഫുളായിട്ടുവേണം ഫംഗ്ഷൻ നടത്താൻ.

പരിപാടി നടക്കുമ്പോൾ ഗർഭിണി കൂടുതൽ നേരം കാൽ താഴേക്ക് ഇട്ട് ഇരിക്കരുത്. കുറേസമയം രണ്ടുകാലുകളും താഴേക്ക് ആയി തൂക്കിയിട്ട് ഇരുന്നാൽ ലെഗ്‌സിൽ നീര് വരും. വീക്കം കൂടും വേദനയും സ്‌ട്രെസ് ഉണ്ടാകും. ഇങ്ങനെ വരുന്ന അവസരത്തിൽ സീറ്റിംഗ് അറേഞ്ച്‌മെന്റ് അഡ്ജസ്റ്റ് ചെയ്യുക. ഇരുന്ന് കാല് പൊക്കിവയ്ക്കാവുന്ന രീതിയിൽ റെഡിയാക്കാം. മാത്രമല്ല ഒരേ പൊസിഷനിൽ കൂടുതൽ നേരം ഇരിക്കരുത്. കൂട്ടുകാരോടൊത്ത് ഡാൻസ് കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കുറച്ച് സ്റ്റെപ്പുകൾ ചെയ്യുക. ചാടിക്കളിക്കുന്നതും മറ്റും ഒഴിവാക്കുക. കൂടുതൽ സമയം ഡാൻസിനായി പ്രാക്ടീസ് ചെയ്യുന്നതും ഒഴിവാക്കുക. നാളെ ഫംഗ്ഷനാണെങ്കിൽ കഴിയുന്നതും തലേദിവസം തന്നെ മാക്‌സിമം റെസ്റ്റ് എടുക്കണം. ഗർഭിണിക്ക് ചേരുന്നതും കംഫർട്ടായ മെറ്റീരിയലും കംഫർട്ടായ ഫിറ്റിംഗുമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് ധരിക്കുക.

ഏഴ്, ഏട്ട് മാസമാകുമ്പോഴേക്കും ഗർഭിണിയുടെ വയറ് വലുതായിട്ടുണ്ടാകും. ഒരുപാട് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കരുത്. അത് നെഞ്ചെരിച്ചിലിനും ഗ്യാസ് ട്രൈറ്റിസിനും കാരണമാകും. കുറഞ്ഞ അളവിൽ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. ആഘോഷവേളയിൽ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് കഴിക്കാൻ ശ്രമിക്കും. അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എണ്ണയും എരിവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിയുന്നതും കഴിക്കാതിരിക്കാൻ ശ്രമിക്കുക. ബേബി ഷവർ ഫംഗ്ഷൻ കഴിഞ്ഞാലുടനെ വിശ്രമം അത്യാവശ്യമാണ്. ഗർഭിണി എപ്പോഴും ബേബിയുടെ മൂമെന്റ് വളരെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടുതന്നെ ആഘോഷങ്ങളിൽ പങ്കെടുത്ത് മനസ്സിനും ശരീരത്തിനും സന്തോഷം നൽകൂ..

Dr. Shine mary D cunha

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM