
നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫാഹിം ഷാഹിം ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നാഗ്പൂരിലെ രണ്ട് സ്ഥലങ്ങളിൽ ഇയാൾ ജനങ്ങളെ സംഘടിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളടക്കം 50 പേരെയാണ് കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘർഷത്തിൽ പോലീസിനുനേരെയും വ്യാപക അക്രമം ഉണ്ടായിരുന്നു. തീവെപ്പിലും കല്ലേറിലും പോലീസുകാരടക്കം ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതടക്കമുള്ള കാര്യങ്ങൾ എഫ്.ഐ.ആറിൽ പറയുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. സംഘർഷം നിയന്ത്രിക്കുന്നതിനുള്ള പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമിലും ശരീരത്തിലും മോശമായി സ്പർശിച്ച സംഭവമടക്കം ഉണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.











