
മഹാരാഷ്ട്രയിലെ നാഗ്പുരിൽ വർഗീയ സംഘർഷം. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പുരിലെ മഹലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ നാഗ്പുരിലും സംഘർഷമുണ്ടായി. പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ തുടർന്നു. സംഭവത്തിന് പിന്നാലെ നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി.
മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. അക്രമകാരികൾ ഫയർ ഫോഴ്‌സ് വാഹനങ്ങൾക്കും തീയിട്ടു. അക്രമികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളിൽ പൊലീസുകാരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.