08:11pm 29 August 2026
NEWS
നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനം രാജിവെച്ചേക്കും പകരം സന്ദൂർ എം എൽ എ അന്നപൂർണ്ണ മന്ത്രിയായേക്കും
29/08/2026  06:23 PM IST
വിഷ്ണുമംഗലം കുമാർ
നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനം രാജിവെച്ചേക്കും പകരം സന്ദൂർ എം എൽ എ അന്നപൂർണ്ണ മന്ത്രിയായേക്കും

ബംഗളുരു: മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപറേഷനിലെ ശതകോടികളുടെ ധനാപഹരണ കേസ്സിൽ പ്രതിയായി ഇഡി, സിബിഐ അന്വേഷണം നേരിടുന്ന ബി. നാഗേന്ദ്രയെ മന്ത്രിസഭയിലെടുത്തത് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ബിജെപി അവസരം പരമാവധി മുതലെടുക്കുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്ന നാഗേന്ദ്രയെ ഹൈക്കമാണ്ട് നിർദ്ദേശപ്രകാരമാണ് ഡി കെ മന്ത്രിസഭയയിൽ ഉൾപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. നിയമസഭാസമ്മേളനം ബഹളമയമാക്കിയ ബിജെപി സെപ്റ്റംബർ ഒന്നിന് നാഗേന്ദ്രയുടെ ബെല്ലാരി റൂറൽ മണ്ഡലം ഉൾപ്പെടുന്ന കല്യാൺ കർണാടക മേഖലയിൽ പദയാത്രയ്ക്ക് ഒരുങ്ങുകയാണ്. പദയാത്ര ആരംഭിക്കും മുമ്പ് നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് വാർത്തയുണ്ട്. ഡി കെ ശിവകുമാർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. നാഗേന്ദ്രയുടെ രാജി വാങ്ങി പകരം സന്ദൂരിൽ നിന്നുള്ള വനിതാ എംഎൽഎ അനുപമയെ മന്ത്രിസഭയിൽ എടുക്കാമെന്ന സൂചനയാണത്രെ ഡി കെ രാഹുൽഗാന്ധിയ്ക്ക് നൽകിയത്. ബെല്ലാരി എം പി ഇ. തുക്കാറാമിന്റെ ഭാര്യയായ അനുപമയും പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രതിനിധിയാണ്. വനിതാ മന്ത്രി ഇല്ലാത്തതിന്റെ അഭാവവും അതുവഴി പരിഹരിക്കാമെന്നാണ് ഡി കെ രാഹുലിനെ അറിയിച്ചത്. വിഷയം എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുമായി ചർച്ച ചെയ്യാനാണ് രാഹുൽ നിർദ്ദേശിച്ചതത്രേ. അതിനായി ഡി കെ വീണ്ടും ഡൽഹിയിലേക്ക് പോകും. നിലവിൽ മന്ത്രിസഭയിൽ ഒരു ഒഴിവുണ്ട്. നാഗേന്ദ്രയ്‌ക്ക് പകരം അന്നപൂർണ്ണ മന്ത്രിയാകുമ്പോൾ ബ്യാദഗി എം എൽ എയും കുറുബ നേതാവുമായ ബസവരാജ് ശിവണ്ണനവരെയും മന്ത്രിസഭയിലെടുക്കുമെന്ന് സൂചനയുണ്ട്. കുറുബ വിഭാഗത്തെ കൂടി തൃപ്തിപ്പെടുത്താൻ കോൺഗ്രസ്സ് ഹൈക്കമാണ്ടും മുഖ്യമന്ത്രിയും ആഗ്രഹിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img