
നബിദിനറാലി കടന്നു പോകവെ റാലിയുടെ ഭാഗമായിരുന്ന വൊളന്റിയർമാർ ക്ഷേത്രത്തിന് നൽകിയ സല്യൂട്ടാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. കാസർകോട് കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിയാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനും സല്യൂട്ട് നൽകിയത്. അൻഷിത്ത് അശോകൻ എന്ന യുവാവ് പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് വൈറലാകുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇരുപത് ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടത്.
പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 11.30-ന് പാലക്കുന്ന് ക്ഷേത്രത്തിന് മുൻവശമുള്ള അച്ഛൻ അശോകന്റെ ഫാൻസി കടയിൽ അൻഷിത്ത് ഇരിക്കുമ്പോഴാണ് നബിദിനറാലി വന്നത്. നബിദിന റാലിയിലെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് സല്യൂട്ട് ചെയ്യുകയായിരുന്നു.
വൊളന്റിയർമാർ ക്ഷേത്രത്തിനുനേരേ സല്യൂട്ട് ചെയ്യുന്ന രംഗം കണ്ട് കൗതുകം തോന്നിയ അൻഷിത്ത് വീഡിയോ ചിത്രീകരിച്ച് വൈകിട്ട് അഞ്ചോടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഈ വീഡിയോ പറന്നുതുടങ്ങി.ഇൻസ്റ്റഗ്രാമിൽ ഞായറാഴ്ച രാത്രി 8.25 ആയപ്പോൾ 20 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.











