12:35pm 09 November 2026
NEWS
അയാൾ വന്നു, ഇരുന്നു, ‘പണി’ തുടങ്ങി
പ്രശാന്ത് പിന്നെയും പടിക്കുപുറത്ത്...
മാടമ്പള്ളിയിലെ ‘മനോരോഗി’ക്ക് പക !

08/05/2025  06:46 AM IST
അനീഷ് മോഹനചന്ദ്രന്‍
മാടമ്പള്ളിയിലെ ‘മനോരോഗി’
HIGHLIGHTS

ജയതിലക് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കേ അദ്ദേഹത്തെ പരോക്ഷമായി മാടമ്പള്ളിയിലെ മനോരോഗി എന്നാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ജയതിലകിനെതിരെ ചില പത്രങ്ങളിൽ വന്ന വാര്‍ത്ത... 

തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറി എ. ജയതിലക് ഹജൂര്‍ കച്ചേരിയിലെ ആ മുന്തിയ ആപ്പീസിൽ എത്തിയതിന് പിന്നാലെ ‘പണി’ തുടങ്ങി. തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷനിലായ എൻ. പ്രശാന്തിനെ വീണ്ടും ആറുമാസത്തേയ്ക്ക് കൂടി സസ്പെന്റ് ചെയ്താണ് ജയതിലക് തന്റെ പ്രതികാര നടപടികൾക്ക് തുടക്കമിട്ടത്. അഖിലേന്ത്യാസര്‍വ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജയതിലക് മുന്നോട്ടുനീങ്ങുന്നത്. പ്രശാന്തിനെ സര്‍വ്വീസിൽ തിരിച്ചെടുക്കാമെന്ന് മുൻചീഫ് സെക്രട്ടറി ശാരദാമുരളീധരൻ വിരമിക്കലിന് തൊട്ടുമുന്നേ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായാണ് അറിയുന്നത്. ഇത് നിലനിൽക്കെ, മേയ് അഞ്ചിന് വീണ്ടും സസ്പെൻഷൻ റിവ്യൂ കമ്മറ്റി വിളിച്ചുചേര്‍ത്ത ജലതിലക് പ്രശാന്തിനെ വീണ്ടും പടിക്ക് പുറത്തുനിര്‍ത്താൻ തീരുമാനിക്കുകയായിരുന്നു. അഖിലേന്ത്യാ സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥരെ ആറുമാസത്തിൽ കൂടുതൽ സസ്പെന്റ് ചെയ്ത് നിര്‍ത്തണമെങ്കിൽ മതിയായ കാരണം ഉണ്ടാകണം. പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളും ധാരാളമുണ്ട്. എന്നാൽ പ്രശാന്തിന്റെ കാര്യത്തിൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. 
          ഏപ്രിൽ 23ന് ചേര്‍ന്ന യോഗത്തിലാണ് പ്രശാന്തിനെ തിരിച്ചെടുക്കാൻ നേരത്തേ തീരുമാനമുണ്ടായത്. എന്നാൽ മേയ് ഏഴിന് പുറത്തിറങ്ങിയ ഉത്തരവിൽ അതേക്കുറിച്ച് ഒരുപരാമര്‍ശവും ഉണ്ടായിട്ടില്ല. എന്നാൽ അതിന് മുമ്പ് പ്രശാന്തിനെ പുറത്താക്കാൻ വേണ്ടി കൂടിയ യോഗങ്ങളുടേയും മറ്റും വിശദാംശങ്ങൾ ഇതിൽ പരാമര്‍ശിക്കുന്നുമുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്ന് സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറയുന്നുണ്ട്. എന്നിരുന്നാലും പുതിയ ചീഫ് സെക്രട്ടറിയെ വെറുപ്പിക്കേണ്ട എന്നുകരുതി പലരും പ്രതികരണങ്ങൾക്ക് മുതിരുന്നില്ല. ജയതിലക് ചെയ്യുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങൾ വ്യക്തിതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് ഉത്തമബോദ്ധ്യമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനും മൗനത്തിലാണ്. മുൻ ഡി.ജി.പി. ഡോ. ജേക്കബ് തോമസിന്റെ കാര്യത്തിൽ താൻ കാട്ടിയ അതേ നിയമവിരുദ്ധനീക്കങ്ങൾ ഇന്ന് മറ്റൊരു ചീഫ് സെക്രട്ടറി അദ്ദേഹത്തിന്റെ താത്പര്യങ്ങൾക്കനുസൃതമായി കാട്ടിക്കൂട്ടുമ്പോൾ അത് തിരുത്താനുള്ള ധാര്‍മ്മിക അവകാശം മുഖ്യമന്ത്രിക്കുമില്ല എന്നതും ഇവിടെ എടുത്ത് പറയേണ്ടതാണ്. 
          ജയതിലക് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കേ അദ്ദേഹത്തെ പരോക്ഷമായി മാടമ്പള്ളിയിലെ മനോരോഗി എന്നാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ജയതിലകിനെതിരെ ചില പത്രങ്ങളിൽ വന്ന വാര്‍ത്ത പ്രശാന്ത് നൽകിയതാണ് എന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ പ്രശാന്ത് അത് നിരാകരിക്കുകയും ജയതിലകിനെതിരെ പരോക്ഷവിമര്‍ശവുമായി രംഗത്തുവരികയും ചെയ്തു. തുടര്‍ന്ന് സസ്പെൻഷനിലായ പ്രശാന്ത് ജയതിലകിനെതിരെ രൂക്ഷമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ജയതിലകിന് പ്രശാന്തിനോട് പക വര്‍ദ്ധിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img