12:20am 02 July 2026
NEWS
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവർണറുടെ അംഗീകാരം
01/07/2026  06:43 PM IST
nila
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: ജില്ലാജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന എതിർപ്പുകൾക്കിടയിലാണ് ഗവർണറുടെ അനുമതി ലഭിച്ചത്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചതിനെ തുടർന്ന് ഭരണമുന്നണിക്കുള്ളിലും വിഷയത്തിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. എന്നാൽ ആ വിവാദങ്ങൾക്കൊടുവിലാണ് നിയമന നടപടികൾക്ക് അന്തിമരൂപമായത്.

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായ എ. ഷാജഹാൻ മാർച്ച് 30-ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മൂന്നുമാസത്തോളമായി ആ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന് മുമ്പ് ചവറ കുടുംബക്കോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ മുൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, ജഡ്ജിയായിരിക്കെ ഹൈക്കോടതിയുടെ അനുമതി തേടാതെയായിരുന്നു നിയമനശുപാർശയെന്ന വിമർശനം ഉയർന്നതോടെ ഗവർണർ അതിന് അംഗീകാരം നൽകിയിരുന്നില്ല.

തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് എൻ. ശേഷാദ്രിനാഥന്റെ പേര് പരിഗണിക്കുകയും നിയമനത്തിന് ശുപാർശ നൽകുകയും ചെയ്തത്.

എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ 1990 ജനുവരി 13-ന് അഭിഭാഷകനായി എൻറോൾ ചെയ്തു. 2000-ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി പ്രവേശിച്ച അദ്ദേഹം 2018 ഫെബ്രുവരിയിൽ ജില്ലാ ജഡ്ജിയായി ഉയർന്നു.

കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി.), എറണാകുളം, തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതികൾ, കേരള സഹകരണ ട്രിബ്യൂണൽ, കൊച്ചിയിലെ എൻ.ഐ.എ./സി.ബി.ഐ. പ്രത്യേക കോടതി, കവരത്തി ജില്ലാ കോടതി എന്നിവിടങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചു. 2026 മേയ് 31-ന് ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം, സേവനകാലാവധി ദീർഘിപ്പിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img