
കൊച്ചി : ജില്ലയിൽ എൽഡിഎഫ് ശക്തിപ്പെടുത്തി തദ്ദേശ തെരെഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കലാണ് ലക്ഷ്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചും ഘടകകക്ഷികളെ ശക്തമായി ചേർത്തുനിർത്തിയും കൂട്ടായ പ്രവർത്തനത്തിലൂടെ ലക്‌ഷ്യം നേടാനാകുമെന്നും അരുൺ വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് നൂറ് വർഷമായി. ഇതിനിടയിൽ വിവിധ മേഖലകളിൽ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളതുപോലെ പല തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. പുതിയ സാധ്യതകളിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനും വർഗീയ, ജനാധിപത്യ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനും ഒരു ജനാധിപത്യ ബദൽ സൃഷ്ടിക്കുന്നതിനുമായി പ്രവർത്തിക്കുമെന്നും അരുൺ പറഞ്ഞു.ഒരു പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. നിലവിൽ അത്തരം പ്രശ്നങ്ങൾ ഇല്ല. മണ്ഡലം, ജില്ലാ സമ്മേളനങ്ങൾ ഐക്യകണ്ട്യേന സെക്രട്ടറിയെയെയും കമ്മിറ്റിയെയും തെരെഞ്ഞെടുത്തുകൊണ്ട് പൂർത്തിയാക്കാനായത് അതിന്റെ ഉദാഹരണമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. അച്ചടക്കത്തോടുകൂടി പാർട്ടിയെ നിലനിർത്തുകയാണ് പ്രധാനം.മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണ്. സംഘപരിവാർ സംഘടനകളുടെ ഫാസിസത്തെ ഗൗരവമായി കാണാത്ത സംഘടനകളും വ്യക്തികളും ഈ അപകടം തിരിച്ചറിയണമെന്നും വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ കടന്നുകയറ്റം അനുവദിക്കില്ല. ഗവർണർ രാജ്ഭവൻ ആർഎസ്എസ് കാര്യാലയമാക്കാനാണ് ശ്രമിക്കുന്നത്. ഇത് നാടിൻറെ മതേതരത്വത്തിനും ജനാധിപത്യത്തിനും ദോഷകരമായി ബാധിക്കും. ഇതിനെതിരെ ഇടത് വിദ്യാർഥിപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളിൽ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അണിചേരേണ്ടതാണെന്നും അരുൺ പറഞ്ഞു. . പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം ഷജിൽകുമാർ നന്ദിയും പറഞ്ഞു
Photo Courtesy - Google









