
ചെങ്ങന്നൂർ: 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചെങ്ങന്നൂർ നഗരം ചുട്ടുപൊള്ളുമ്പോൾ, എൻഡിഎ ക്യാമ്പിൽ ആവേശം ആളികത്തിച്ച് ബിജെപിയുടെ താരപ്രചാരക മൈഥിലി താക്കൂർ. കനത്ത ചൂടിൽ കുളിർമഴയായി ബീഹാർ എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ എത്തിയതോടെ ആട്ടവും പാട്ടും താളവുമായി നഗരത്തിൽ എൻഡിഎ നിറഞ്ഞാടി.
പെൺകുട്ടികളും യുവതികളും വനിതകളും ഉൾപ്പെടെ സ്ഥാനാർത്ഥി എം.വി. ഗോപകുമാറും മൈഥിലി താക്കൂറും അണിചേർന്ന മഹിളാ റോഡ് ഷോ ചെങ്ങന്നൂർ നഗരത്തെ ഇളക്കിമറിച്ചു. പതിനൊന്നു മണിയോടെ ആശുപത്രി ജങ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 12 മണിയോടെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനു സമീപത്തെ എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സമാപിച്ചു.
ചെങ്ങന്നൂരിലെത്തിയ മൈഥിലി താക്കൂറിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. പാതയോരങ്ങളൽ കാത്തു നിന്നവരെ അഭിവാദ്യം ചെയ്ത മൈഥിലി താക്കൂർ ഇടയ്ക്ക് അയ്യപ്പ കീർത്തനങ്ങളും പാടി ജനങ്ങളുടെ കയ്യടി നേടി.
കൊടുംചൂടിനെ വകവയ്ക്കാതെ ഇന്നലെ രാവിലെ 10ന് തന്നെ ബിജെപി പ്രവർത്തകർ പാർട്ടി കൊടികളും പ്രധാനമന്ത്രിയുടേയും ഫ്ളക്സുമായി ചെങ്ങന്നൂർ ആശുപത്രി ജങ്ഷനിൽ എത്തിച്ചേർന്നിരുന്നു. രാജ്യ വികസനത്തിന്റെ മാറ്റത്തെ നേരിൽ കണ്ട് ബിജെപി സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ച് മുതിർന്നവർ തുടങ്ങി യുവതികളും പെൺകുട്ടികളും വരെ മഹിളാ റോഡ് ഷോയിൽ പങ്കെടുത്തത് മാറ്റത്തിന്റെ പ്രതീകമാണ്. വികസനലക്ഷ്യം മുന്നിൽ കണ്ട് ഓരോരുത്തരും അണിചേരുകയായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പ്രായമായവരും പുരുഷന്മാരും പങ്കെടുത്ത് റോഡ് ഷോ ഒരു വലിയ വിജയമാക്കിത്തീർത്തു.
മൈഥിലി താക്കൂറിന് താമര മൊട്ടുകളും പൂക്കളും നൽകിയാണ് മഹിളാമോർച്ച പ്രവർത്തകർ സ്നേഹം പങ്കുവെച്ചത്. പച്ച ബൗസും സെറ്റ് സാരിയും അണിഞ്ഞ് കേരളത്തിന്റെ സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന പരമ്പരാഗത വേഷത്തിലെത്തിയ വനിതകൾ കാഴ്ചയ്ക്ക് ഏറെ ആകർഷണം നൽകി.
റോഡ് ഷോ കടന്നുപോയ ഓരോ വഴികളിൽ വർണകടലാസുകൾ വാനിൽ വർണ പ്രപഞ്ചം തീർത്തും. ആവേശം പകർന്ന് ശിങ്കാരി മേളവും കാവടിയാട്ടവും ബാൻഡ് മേളവും ഉത്സവ പ്രതീതിയാണ് ചെങ്ങന്നൂർ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്.
വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരണം: മൈഥിലി താക്കൂർ
ചെങ്ങന്നൂർ: കഴിഞ്ഞ 70 വർഷം കേരളം മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് നാട്ടിൽ വികസനം എത്തിക്കാൻ സാധിച്ചില്ലെന്നും കേന്ദ്രവും കേരളം എൻഡിഎ ഭരിക്കുന്ന ഡബിൾ എൻജിൻ സർക്കാരിലൂടെ മാത്രമെ കേരളത്തിൽ വികസനം എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും ബീഹാർ എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ. ചെങ്ങന്നൂർ എൻഡിഎ സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരത്തിൽ ബിജെപി നടത്തിയ മഹിളാ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് കേരളത്തിൽ വികസനം കണ്ടുതുടങ്ങിയത്. കേന്ദ്രത്തിലും കേരളത്തിലും ബിജെപി സർക്കാർ വന്നാൽ ഇരു സർക്കാരുകളും ഒത്തു ചേർന്ന് വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ നയിക്കാൻ കഴിയുമെന്നും അതിനായി ചെങ്ങന്നൂർ എൻഡിഎ സ്ഥാനാർത്ഥി എം.വി.േേ ഗാപകുമാറിനെ വിജയിപ്പിക്കണമെന്നും മൈഥിലി താക്കൂർ പറഞ്ഞു.
മൈഥലി താക്കൂർ ആലപിച്ച 'സ്വാമി അയ്യപ്പാ' എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് റോഡ് ഷോ ആരംഭിച്ചത്. ചെങ്ങന്നൂർ ആശുപത്രി ജംങ്ഷനിൽ നിന്ന് ആരംഭിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം എൻഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ റോഡ് ഷോ സമാപിച്ചു.
ചെങ്ങന്നൂർ ജനതയുടെ സ്വീകരണത്തിന് ഒരുപാട് നന്ദി ഉണ്ടെന്നും ഇവിടെ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും തുടർന്ന് 'പമ്പാ ഗണപതി' എന്നു തുടങ്ങുന്ന ഭക്തിഗാനം പാടിയാണ് മൈഥിലി താക്കൂർ ചെങ്ങന്നൂർ റോഡ് ഷോ അവസാനിപ്പിച്ചത്.
കേരളത്തിന്റെ മാറ്റത്തിന് എൻഡിഎ: ഗോപാൽ ഷെട്ടി
ചെങ്ങന്നൂർ: എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തിയാൽ മാത്രമെ, കേരളത്തിൽ മാറ്റം കുറിക്കാൻ സാധിക്കുകയുള്ളുവെന്ന് മഹാരാഷ്ട്ര മുൻ എംപി ഗോപാൽ ഷെട്ടി. ചെങ്ങന്നൂരിൽ മൈഥിലി താക്കൂർ പങ്കെടുത്ത റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ നയിക്കാൻ എൻഡിഎയ്ക്കു മാത്രമെ സാധിക്കൂ. കേന്ദ്ര സഹായത്തോടെ വികസന ഭൂമിയാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.










