
മൈസൂരു: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകൾ രക്ഷിത (21) എന്നിവരാണ് മരിച്ചത്. മൂവരെയും വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രക്ഷിതയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണ് കുടുംബത്തെ ദുരന്തം തേടിയെത്തിയത്. പൊലീസ് പറയുന്നതനുസരിച്ച്, അതേ ഗ്രാമത്തിലെ ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു. ഇതിനെ തുടർന്ന് ഉല്ലാസ് ഗൗഡയിൽ പക വളർന്നു.
വിവാഹം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രക്ഷിതയെക്കുറിച്ച് മോശം പരാമർശങ്ങളും ചിത്രങ്ങളും സന്ദേശങ്ങളും പ്രതിശ്രുത വരന്റെ കുടുംബത്തിന് അയച്ചതായാണ് ആരോപണം. ഇതുമൂലം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ മരണത്തിന് ഉല്ലാസ് ഗൗഡയാണ് ഉത്തരവാദിയെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ കുറിപ്പിന്റെ പൂർണ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടിട്ടില്ല.
കേസെടുത്ത പൊലീസ് ആത്മഹത്യാക്കുറിപ്പും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.











