
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരങ്ങളിൽ ഇത്തരത്തിൽ സംസ്കാരം നടത്താറില്ലെന്നതിനാൽ പള്ളി അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം കല്ലറ വീണ്ടും അടച്ച് സെമിത്തേരി താൽക്കാലികമായി പൂട്ടി. തുടർന്ന് ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പള്ളിയിലെ മരണ രജിസ്റ്ററുകളും രേഖകളും പരിശോധിച്ചെങ്കിലും കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകൾക്ക് പുതിയ നമ്പറുകൾ നൽകിയിരുന്നു. പഴയതും പുതിയതുമായ നമ്പറുകളിലെ വ്യത്യാസം കാരണം അടക്കം ചെയ്തവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് അധികൃതർ പറയുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി സംസാരിച്ച് വിവരശേഖരണം നടത്താനാണ് പള്ളിയുടെ തീരുമാനം. ഇതിനിടെ, ചില കുടുംബാംഗങ്ങളെ പൊലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ 38-ാം നമ്പർ കല്ലറയിൽ അവരുടെ ബന്ധുക്കളെ സംസ്കരിച്ചിട്ടില്ലെന്ന് വ്യക്തമായി.
കല്ലറയിൽ അസ്വാഭാവിക സാഹചര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ അറിയിച്ചു. ജൂൺ 13-ന് കല്ലറ തുറന്നപ്പോൾ സംശയകരമായ രീതിയിൽ ഒരു ശരീരം കണ്ടെത്തിയതിനെ തുടർന്ന് സംസ്കാരം മറ്റൊരു കല്ലറയിൽ നടത്തുകയും പൊലീസിനും അതിരൂപതയ്ക്കും വിവരം കൈമാറുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മരണ രജിസ്റ്ററുകളുടെയും മറ്റ് രേഖകളുടെയും പരിശോധന പൂർത്തിയാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കരിക്കോട്ടക്കരി പൊലീസ് അറിയിച്ചു.










