
ദോഹ: പ്രാദേശിക ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന അധിനിവേശ പക്ഷിയായ മൈനകളുടെ കടന്നുകയറ്റം തടയാൻ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപ്പിലാക്കുന്ന പ്രതിരോധ ദൗത്യം വിജയകരമായി മുന്നേറുന്നു. വന്യജീവി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സമഗ്ര പരിശോധനകളിൽ ഈ വർഷം ഇതുവരെ പതിമൂവായിരത്തോളം (12,844) മൈനകളെ പിടികൂടി.പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 61,999 മൈനകളെ പരിസ്ഥിതി മന്ത്രാലയം നിയന്ത്രണത്തിലാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 58 പ്രധാന മേഖലകളിലായി 849 പ്രത്യേക കൂറ്റൻ കൂടുകളാണ് പദ്ധതിക്കായി സജ്ജീകരിച്ചിരിക്കുന്നത്.തദ്ദേശീയ പക്ഷികളുടെ ഭക്ഷണവും വാസസ്ഥലങ്ങളും കവർന്നെടുക്കുന്ന മൈനകൾ, സ്വാഭാവിക പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുന്നതിനാലാണ് ഇവയെ പിടികൂടുന്നത്.
ഖത്തറിലെ തദ്ദേശീയ പ്രകൃതിയെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പദ്ധതി കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.










