
ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ ഇന്ന് മ്യാൻമറിലേക്ക് അയക്കും. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങൾ സൈനിക ഗതാഗത വിമാനത്തിൽ മ്യാൻമറിൽ എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനമാണ് ഇന്ന് ഉച്ചയോടെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്നും ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് പുറപ്പെടുക.
അതേസമയം, തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മ്യാൻമറിന് സഹായമെത്തിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‍ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ 150 പേരോളം മരിച്ചെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അനവധിപേരാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
മ്യാൻമറിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.











