
തന്റെ ഭാര്യക്ക് മുന്നോ നാലോ കാമുകന്മാരുണ്ടെന്നും ഇവരെല്ലാം ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്നും ആരോപിച്ച് യുവാവിന്റെ പ്രതിഷേധം. തന്റെ ഭാര്യയെ ശിക്ഷിക്കണം എന്ന് എഴുതിയ പ്ലക്കാർഡുമായാണ് യുവാവിന്റെ പ്രതിഷേധം അരങ്ങേറിയത്. ഗ്വാളിയാർ സ്വദേശിയായ അമിത് കുമാർ സെൻ എന്ന മുപ്പത്തെട്ടുകാരനാണ് ഫൂൽബാഗ് കവലയിൽ പ്രതിഷേധിച്ചത്.
മീററ്റിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട "ബ്ലൂ ഡ്രം" കൊലപാതക കേസിന് സമാനമായി ഭാര്യയും കാമുകന്മാരും ചേർന്ന് തന്നെ കൊല്ലുമെന്നാണ് യുവാവിന്റെ ആരോപണം. "അവൾ എന്നെ ചതിച്ചു, എന്റെ മകനെ കൊന്നു. അവൾ എന്നെയും കൊല്ലും. അടുത്തിടെ, രാജ്യത്ത് ഇത്തരം നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യ, കാമുകനുമായി ഒത്തുചേർന്ന്, നിരവധി ഭർത്താക്കൻമാരെ കൊലപ്പെടുത്തിയിട്ടുണ്ട്.എന്റെ ഭാര്യയ്ക്ക് മൂന്നോ നാലോ കാമുകന്മാരുണ്ട്'- എന്നും അമിത് പറയുന്നു.
അതേസമയം, യുവാവ് പ്രതിഷേധിച്ചെങ്കിലും ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും പരാതികൾ ലഭിച്ചാൽ സമഗ്രമായി അന്വേഷിക്കുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.











