
തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും പ്രൊഫഷണലുമാക്കാൻ ലക്ഷ്യമിട്ടുള്ള ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുന്നു.കസ്റ്റഡി പീഡനങ്ങൾ, മൂന്നാംമുറ, നിയമവിരുദ്ധ കസ്റ്റഡി എന്നിവ പൂർണ്ണമായി ഇല്ലാതാക്കി, നൂതന സാങ്കേതികവിദ്യയുടെയും ശാസ്ത്രീയ മാർഗ്ഗങ്ങളുടെയും സഹായത്തോടെ മികച്ച സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ 555 പൊലീസ് സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി 'കസ്റ്റമർ സാറ്റിസ്ഫാക്ഷൻ' ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന ലഭ്യമാക്കും. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ റേഞ്ച് ഡി.ഐ.ജിമാർ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ മാനസിക സമ്മർദ്ദം ഒഴിവാക്കാനും ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും സൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. ജനമൈത്രി സുരക്ഷാ പദ്ധതി നവീകരിച്ച് നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ജനാധിപത്യ പൊലീസിംഗ് സംവിധാനമായി കേരള പൊലീസിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.











