
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മീ എനിതിങ്' സെഷനിലൂടെ യുവാക്കളുമായി സംവദിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി. അതിൽ ഏറെ ശ്രദ്ധനേടിയത്, 'നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണ്?' എന്ന ചോദ്യത്തിനുള്ള പ്രതികരണമാണ്.
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും നിലവിൽ ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങാണ് തന്റെ പ്രിയപ്പെട്ട ബിജെപി നേതാവെന്ന് രാഹുൽ പറഞ്ഞു. "ക്യാപ്റ്റൻ അമരീന്ദർ സിങ് തന്നെയാണ്. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹം വളരെ കൂളാണ്. സൈനിക ചരിത്രത്തെക്കുറിച്ച് മികച്ച അറിവുള്ള വ്യക്തിയാണ്," എന്നായിരുന്നു മറുപടി. വീഡിയോ അവസാനിപ്പിച്ചത് "ഹലോ, അങ്കിൾ അമരീന്ദർ" എന്ന വാക്കുകളോടെയായിരുന്നു.
സോണിയയുടെ വളർത്തുനായയായ നൂറയ്ക്കൊപ്പമാണ് രാഹുൽ വിഡിയോ പങ്കിട്ടത്. നായകളെക്കുറിച്ചുള്ള ചോദ്യത്തിനും രാഹുൽ വ്യത്യസ്തമായ കാഴ്ചപ്പാടാണ് പങ്കുവെച്ചത്. താൻ ഒരു നായയുടെ ഉടമയല്ലെന്നും, "നായകൾ നമ്മുടെ ഉടമസ്ഥതയിലുള്ളവരല്ല. അവർ നമ്മോടൊപ്പം ഈ ഭൂമിയിൽ ജീവിക്കുന്ന സഹജീവികളാണ്. അവർക്കും സ്നേഹവും ബഹുമാനവും ലഭിക്കണം," എന്നും അദ്ദേഹം പറഞ്ഞു.
ഏത് ആശയത്തിലാണ് കൂടുതൽ താൽപര്യം എന്നാണ് മറ്റൊരു ചോദ്യം. ഗൗതമ ബുദ്ധൻ, ഗുരു നാനക് ദേവ്, ബസവണജി, ശങ്കർദേവ് ജി, ധർത്തി അബ്ബ ബിർസ മുണ്ട, പെരിയാർ, മഹാത്മാ ഫൂലെ, നാരായണ ഗുരു ജി, ബാബാസാഹബ് അംബേദ്കർ, ഗാന്ധിജി തുടങ്ങി നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയ വിവിധ തത്വശാസ്ത്രങ്ങളെല്ലാം താൽപര്യമാണെന്ന് രാഹുൽ മറുപടി പറഞ്ഞു.
സ്ത്രീകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും, വിദ്യാഭ്യാസ മേഖലയിലും കോർപ്പറേറ്റ് മേഖലയിലും അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "നിങ്ങൾ ബാറ്റ്മാനാണോ?" എന്ന രസകരമായ ചോദ്യത്തിന്, "ഞാനും ബാറ്റ്മാനും ഒരേ സ്ഥലത്ത് ഉണ്ടായിരിക്കുന്നത് ആരും കണ്ടിട്ടില്ലല്ലോ," എന്ന തമാശ കലർന്ന മറുപടിയാണ് രാഹുൽ നൽകിയത്.
അതേസമയം, ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ വിമർശിച്ച രാഹുൽ, ആർഎസ്എസിന്റെ സ്വാധീനത്തിലുള്ള നിലവിലെ വിദ്യാഭ്യാസരീതി സ്വതന്ത്രമായി ചിന്തിക്കുന്നവരെ വളർത്തുന്നതിനേക്കാൾ ചിന്താശേഷി ഇല്ലാതാക്കുകയാണെന്നും ആരോപിച്ചു.










