
ടിബറ്റൻ ജനതയുടെ ആത്മീയനേതാവായ ദലൈലാമയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതി 90 വയസ്സായി (ജനനം 1935, ജൂലൈയ് 6). ഹിമാചലിലെ ധരംശാലയിൽ പ്രവാസ ഗവൺമെന്റ് സ്ഥാപിച്ച് ഇന്ത്യയുടെ സംരക്ഷണയിൽ കഴിയുകയാണ് ദലൈലാമയും നൂറുകണക്കിന് അനുയായികളും. ഈ അവസരത്തിൽ ചൈനയുടെ അധിനിവേശത്തെക്കുറിച്ചും 'എന്റെ നാടും എന്റെ ജനങ്ങളും' എന്ന പ്രശസ്തമായ ആത്മകഥയിൽ ദലൈലാമ വിവരിക്കുന്ന ഭാഗങ്ങൾ വായനക്കാർക്ക് കൗതുകകരമായിരിക്കും.
ടിബറ്റു കൈയടക്കാൻ അവർ ആഗ്രഹിച്ചതിന് ആരംഭത്തിൽ മൂന്ന് കാരണങ്ങളാണുണ്ടായിരുന്നത്. ഞങ്ങളുടെ രാജ്യം വളരെ വിസ്തൃതവും, എന്നാൽ കേവലം ഏഴോ എട്ടോ ദശലക്ഷം ജനങ്ങൾ മാത്രമുള്ളതുമായപ്പോൾ അറുനൂറ് ദശലക്ഷത്തിലധികം വന്നിരുന്നു ചീനക്കാർ. അവരുടെ ജനസംഖ്യ പ്രതിവർഷം ദശലക്ഷങ്ങൾ വർദ്ധിച്ചുകൊണ്ടുമിരുന്നു. മിക്കപ്പോഴും ക്ഷാമബാധിതരായിരുന്നു അവർ. ടിബറ്റ് ഒരു എക്‌സ്ട്രാ അധിവാസസ്ഥലമായി കിട്ടാൻ അവർ ആഗ്രഹിച്ചു. വാസ്തവത്തിൽ ചൈനീസ് കൃഷീവലരുടെ ഒരു വലിയ പടയെത്തന്നെ അവർ ടിബറ്റിൽ അധിവസിപ്പിച്ചിരുന്നു. ടിബറ്റുകാർ ഒരഗണ്യന്യൂനപക്ഷമായിത്തീരുന്ന ആ കാലം അവർ മുൻകൂട്ടി കണ്ടിരുന്നു എന്നതിലും സംശയിക്കാനില്ല. അതേസമയം കൈയേറിക്കൊണ്ടിരുന്ന വർഗ്ഗത്തിനുവേണ്ടി ടിബറ്റൻ കർഷകർ കൂടുതൽ മോശമായ പരിതഃസ്ഥിതികളിലേക്ക് പിൻവാങ്ങേണ്ടി വരികയും ചെയ്തു. ടിബറ്റിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഒരിക്കലും അവിടെ ക്ഷാമം ഉണ്ടായിട്ടില്ല: എന്നാൽ ഇന്നത് ക്ഷാമബാധിതമാണ്.
രണ്ടാമതായി, ഞങ്ങളുടെ നാട് ധാതുസമ്പത്താൽ സമൃദ്ധമാണ്. ലൗകിക സമ്പത്തിൽ വളരെയധികം ഔത്സുക്യമില്ലാതിരുന്നതിനാൽ ഒരിക്കലും ഞങ്ങൾ അവയെ ചൂഷണം ചെയ്യാൻ ശ്രമിച്ചില്ല. ടിബറ്റിൽ വമ്പിച്ച പുരോഗതി ഉണ്ടെന്ന് ചീനക്കാർ അവകാശപ്പെടുന്നുണ്ട്. അവരുടെ അവകാശവാദങ്ങൾ സത്യം തന്നെ ആണെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. എന്നാൽ ഈ പുരോഗതികൾ ടിബറ്റിന്റെ നന്മയ്ക്ക് വേണ്ടിയല്ല; ചൈനയുടെ സമ്പദ്‌സമൃദ്ധിക്ക് വേണ്ടിയാണ് എന്നുമാത്രം.
മൂന്നാമത്തെ കാര്യം, ചൈനക്കാർക്ക് ലോകത്തിൽ, അല്ലെങ്കിൽ, ഏഷ്യയിലെങ്കിലും ആധിപത്യം പുലർത്തണം. അവരിൽ പലരും അത് തുറന്നുപറയാറുമുണ്ട്. ഈ പ്രക്രിയയുടെ ആദ്യപടിയായിട്ടാണ് ടിബറ്റ് കീഴടക്കിയത്. ഒരു സൈനികകാര്യവിദഗ്ദ്ധന്റേതിൽ നിന്നും വിദൂരതയിലാണ് എന്റെ നില. എങ്കിലും ഏഷ്യയിൽ മറ്റൊരു രാഷ്ട്രത്തിനും ടിബറ്റിന്റെയത്ര സൈനികതന്ത്ര പ്രാധാന്യമില്ലെന്ന് പറയാൻ സാമാന്യബുദ്ധി മതിയാവും. ആധുനികായുധങ്ങളുടെ സഹായത്തോടെ ഇൻഡ്യ, ബർമ്മ, പാക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളേയും, തെക്കുകിഴക്കേ ഏഷ്യയിലെ ഇതരരാജ്യങ്ങളെയും ആക്രമിക്കുവാൻ ആ രാജ്യങ്ങളിലും ആധിപത്യം പുലർത്തുവാനും, ഞങ്ങളുടെ മതം നശിപ്പിച്ചതുപോലെ അവരുടെ മതവും നശിപ്പിക്കാനും, നിരീശ്വരത്വം കൂടുതൽ പരത്തുവാനും- ഉതകുന്ന അപ്രാപ്യമായ ഒരു കോട്ടയായി അവിടത്തെ ഗിരിനിരകളെ അവർക്കുപയോഗിക്കാം. ടിബറ്റിൽ ഇപ്പോൾത്തന്നെ പതിനെട്ട് വിമാനത്താവളങ്ങളും, വലപോലെ പട്ടാളറോഡുകളും ചൈനക്കാർ നിർമ്മിച്ചുകഴിഞ്ഞു എന്ന് അറിവുണ്ട്. ഇൻഡ്യക്ക് അവരെ ആക്രമിക്കണമെന്ന് യാതൊരു ഉദ്ദേശവും ഇല്ലെന്നുള്ള വിവരം അവർ നന്നായി അറിയുന്ന സ്ഥിതിക്ക് ഈ സൈനിക സജ്ജീകരണങ്ങളുടെ സാദ്ധ്യതയുള്ള ഏകോദ്ദേശം ഭാവിവികസനങ്ങൾക്കുവേണ്ടിയുള്ള അടിസ്ഥാനമിടൽ മാത്രമാണ് എന്നുള്ളത് വ്യക്തമാണ്.
ഹിമാലയം തരണം ചെയ്യുവാൻ ഒരു പാത കണ്ടുപിടിക്കുകയും അതേസമയം തന്നെ ചൈനീസ് കാവൽഭടന്മാരുടെ ദൃഷ്ടിയിൽപ്പെടാതിരിക്കുകയും ചെയ്യുക എന്ന വിഷമകരമായ കൃത്യം നിർവ്വഹിക്കേണ്ടിയിരുന്നിട്ടുകൂടി, ഞാൻ എന്റെ നാടുവിട്ടു പോന്നതിനുശേഷം ഏതാണ്ട് അറുപതിനായിരത്തോളം ജനങ്ങൾ രാജ്യം വിട്ട് എന്നെ പിൻതുടർന്നു. ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിൽ നിന്ന് മാത്രമല്ല അവർ വന്നത്. ഞങ്ങളുടെ ജനതയുടെ യഥാർത്ഥ പ്രതിനിധികളാണ് അവർ. ഞങ്ങളുടെ നാട്ടിൽ എടുത്തുപറയത്തക്ക പ്രശസ്തിയുള്ള ലാമമാർ, ജ്ഞാനികളായ പണ്ഡിതന്മാർ, ഏതാണ്ട് അയ്യായിരത്തോളം സന്യാസിമാർ, ഏതാനും ഗവൺമെന്റുദ്യോഗസ്ഥന്മാർ, വ്യാപാരികൾ, പടയാളികൾ, ഒരു വലിയ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട കർഷകർ, ദേശാന്തരവാസികൾ, വിദഗ്ദ്ധ വേലക്കാർ എന്നിവരെല്ലാം അവരിൽപ്പെടുന്നു. ഞാൻ കടന്നുപോന്നതിലും ദുർഘടവും അപകടകരവുമായ പാതകൾ വഴിയാണ് അവരിൽ പലരും രക്ഷപ്പെട്ടുവന്നത്. തങ്ങളുടെ കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോരാൻ ചിലർക്ക് സാധിച്ചു. ഗിരിനിരകൾ തരണം ചെയ്യുക എന്ന ദുർഘടം മൂലം കുറെ കുട്ടികൾ വഴിക്കുവെച്ച് മൃതരായി. എന്നാൽ ഒട്ടധികം പുരുഷന്മാർ യുദ്ധത്തിനിടയ്ക്ക് തങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് വേറിട്ടുപോയി. തങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ചീനക്കാരുടെ കൈയിലാണെന്നുള്ള അറിവ് അവരെ കൂടുതൽ ദുഃഖിതരാക്കി. ഈ അഭയാർത്ഥികളെല്ലാം ചെറുചെറു സംഘങ്ങളായി ചിന്നിച്ചിതറി ഇന്ന് ഇൻഡ്യയിലും ഭൂട്ടാനിലും, സിക്കിമിലും, നേപ്പാളിലുമായി കഴിയുന്നു.











