
കര്‍ണാടകം : "എന്റെ കസേര ഒഴിവില്ല. ഞങ്ങൾക്കിടയിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ല, പ്രശ്നങ്ങളുമില്ല. ഞങ്ങൾ സംതൃപ്തരാണ്. എന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ഞാൻ മാറി പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന്!. അതൊക്കെ അഭ്യൂഹമാണ്. അഭ്യൂഹമാധ്യമപ്രവർത്തനം സമൂഹത്തെ ദുഷിപ്പിക്കും. അത് നാടിന് ആപത്താണ്. മാധ്യമങ്ങൾ വസ്തുതകളേ പ്രചരിപ്പിക്കാവൂ. ജനവികാരമാണ് മാധ്യമങ്ങൾ പ്രതിഫലിപ്പിക്കേണ്ടത്" കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. " ഈയ്യിടെയായി അഭ്യൂഹ മാധ്യമപ്രവർത്തനം വ്യാപകമായിരിക്കുകയാണ്. രാഷ്ട്രീയനേതാക്കൾ അത്താഴ വിരുന്നിന് ഒത്തുകൂടിയാൽ അധികാരമാറ്റമായാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഞങ്ങൾ ചർച്ച ചെയ്ത വിഷയം മറ്റൊന്നായിരിക്കും. അത് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാനല്ല, മുഖ്യമന്ത്രി മാറുമെന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ താല്പര്യം കാട്ടുന്നത്. വസ്തുതാപരമല്ലാത്ത മാധ്യമപ്രവർത്തനം സമൂഹത്തിന് ദോഷം ചെയ്യും. അത് അപകടകരമാണ്. വസ്തുതകൾ റിപ്പോർട്ട് ചെയ്യാനാണ് മാധ്യമങ്ങൾ പരിശ്രമിക്കേണ്ടത്" മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഉപദേശിച്ചു. " ആരോഗ്യകരമായ വിമർശനമാകാം. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെങ്കിൽ, വാഗ്ദാനങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. ഞാനത് സ്വാഗതം ചെയ്യുന്നു. അതിനുള്ള ജനാധിപത്യപരമായ അവകാശം മാധ്യമങ്ങൾക്കുണ്ട്. വസ്തുതകൾ ജനങ്ങളെ അറിയിക്കുക. ഊഹാപോഹങ്ങൾക്ക് പിറകെ പോകാതിരിക്കുക" സിദ്ധരാമയ്യ ഉദ്ബോധിപ്പിച്ചു. മന്ത്രിമാരുടെയും എം എൽ എമാരുടെയും പിന്തുണ ഉറപ്പാക്കിയതിന്റെ ആത്മവിശ്വാസം സിദ്ധരാമയ്യയുടെ വാക്കുകളിൽ പ്രകടമായിരുന്നു. അഞ്ചുകൊല്ലം തികച്ചു ഭരിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. പതിനാറിന് എം എം ഹിൽസിൽ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കാനും അംഗീകരിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ പ്രബലരായ ലിങ്കായത്ത്, വൊക്കലിഗ വിഭാഗങ്ങൾ അതിനെതിരാണ്. അവർക്ക് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരോക്ഷ പിന്തുണയുണ്ട്. അശാസ്ത്രീയമായ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യരുതെന്നും ശാസ്ത്രീയാടിസ്ഥാനത്തിൽ സർവ്വേ നടത്തി മറ്റൊരു റിപ്പോർട്ട് തയ്യാറാക്കണമെന്നുമാണ് ലിങ്കായത്ത്- വൊക്കലിഗ വിഭാഗങ്ങൾ വാദിക്കുന്നത്. സിദ്ധരാമയ്യയാകട്ടെ അഹിന്ദ താല്പര്യം പ്രയോഗികമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടയിൽ ഈ മാസംതന്നെ കോൺഗ്രസ്സ് നിയമസഭാകക്ഷി യോഗം വിളിച്ചുചേർക്കുന്നുണ്ട്.











