
ആർ ടി ഒ (എൻഫോഴ്‌സ്മെൻ്റ്) യുടെ നേതൃത്വത്തിൽ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്തുന്നതിനുള്ള പരിശോധന
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമാനുസൃതമല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് വ്യാപക മിന്നൽ പരിശോധന നടത്തി. അന്യ ജില്ലകളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനും, യാത്രക്കാർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് - സുരക്ഷിതവും ഭയരഹിതവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് എം.വി.ഡി സ്ക്വാഡുകൾ തെരുവിൽ പരിശോധന ശക്തമാക്കിയത്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 40 ഇ-ചല്ലാനുകൾ വഴി 1,17,750 രൂപ പിഴ ഈടാക്കി.
ലഭിച്ച രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ആലുവ, വൈറ്റില ഹബ്, കളമശ്ശേരി, തൃപ്പൂണിത്തുറ, കാക്കനാട്, തുടങ്ങിയ തിരക്കേറിയ മേഖലകളിൽ നടത്തിയ തിരച്ചിലിൽ 60 ഓട്ടോറിക്ഷകൾ പരിശോധിച്ചു.
പരിശോധനയിൽ അന്യജില്ലകളിൽ രജിസ്റ്റർ ചെയ്ത ശേഷം നഗരത്തിൽ വന്ന് പെർമിറ്റില്ലാതെ അനധികൃതമായി ഓടുന്ന 10 ഓട്ടോറിക്ഷകൾ പിടികൂടി പിഴ ചുമത്തി.ഫിറ്റ്നസ് ഇല്ലാത്ത ആറും,നികുതി അടയ്ക്കാത്ത 16ഉം ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ചും ഓട്ടോറിക്ഷകൾക്കെതിരെയും, യാതൊരു രേഖയുമില്ലാതെ വാഹനം ഓടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
കൂടാതെ സ്റ്റേജ് ക്യാരേജ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളിൽ കണ്ടെത്തിയ 176 നിയമലംഘനങ്ങൾക്ക് 4,10,000 രൂപ പിഴ ചുമത്തി.നഗരത്തിലെ യാത്രാ സുരക്ഷ മുൻനിർത്തി ഇത്തരത്തിലുള്ള പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജിതമായി തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
Photo Courtesy - Google








