മഹാ വികാസ് അഘാഡി സഖ്യം തകർച്ചയിലേക്ക്

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ കടുത്ത ഭിന്നത. ശിവസേന (ഉദ്ധവ് വിഭാഗം)–എംഎൻഎസ് അടുക്കുന്നതാണ് മഹാ വികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകാൻ കാരണം. ശിവസേന - എംഎൻഎസ് സഖ്യത്തെ കോൺഗ്രസ് തുറന്നെതിർക്കുകയാണ്. ഇതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാവി തന്നെ തുലാസിലാടുകയാണ്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, മഹാരാഷ്ട്ര നവനിർമാൺ സേനയുമായി രാഷ്ട്രീയ ധാരണയിലേക്കാണ് നീങ്ങുന്നത്. എന്നാൽ കോൺഗ്രസിന് ഈ സഖ്യത്തോട് താത്പര്യമില്ല. കോൺഗ്രസിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ നിലപാട്.
“എംഎൻഎസുമായി സഖ്യത്തെക്കുറിച്ച് കോൺഗ്രസിന് എന്താണ് അഭിപ്രായം എന്നതൊന്നും ഞങ്ങൾ നോക്കില്ല. ജനങ്ങൾ ആഗ്രഹിക്കുന്നത് ശിവസേനയും എംഎൻഎസും ഒരുമിച്ചുള്ള പോരാട്ടമാണ്,” എന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് വ്യക്തമാക്കി. ഡൽഹിയിലെ ഹൈക്കമാൻഡ് പരിശോധിക്കാതെ തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് അനാവശ്യ ജാഗ്രത പുലർത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ശരദ് പവാറിന്റെ എൻസിപി ഈ നീക്കത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന നിലപാടിലാണ്. ബിജെപിയെ നേരിടാൻ ശക്തമായ ഏകോപനം ആവശ്യമാണ് എന്ന ആശയമാണ് പവാർ മുന്നോട്ട് വെച്ചത്. എംഎൻഎസ് സഖ്യത്തിൽ ചേരുമ്പോഴും അതിനെ അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സമാജ്വാദി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, അംബേദ്കർ സംഘടനകൾ തുടങ്ങി വിവിധ ശക്തികൾ ഒന്നാകണം എന്ന ആഹ്വാനവും ഉയർന്നിട്ടുണ്ട്.
എംഎൻഎസുമായി യാതൊരു തരത്തിലുള്ള രാഷ്ട്രീയ സഹകരണവും വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. സംഘടനയുടെ രാഷ്ട്രീയ നിലപാടുകളും സമീപനവും കോൺഗ്രസുമായി യോജിക്കില്ലെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ, മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എംവിഎയുടെ ഐക്യം പ്രവചിക്കാനാവാത്ത അവസ്ഥയിലാണ്.











