09:38pm 18 April 2026
NEWS
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തന്നെ; നികേഷ് കുമാർ സിപിഎം ജില്ലാ കമ്മിറ്റിയിൽ

03/02/2025  01:19 PM IST
nila
 കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തന്നെ; നികേഷ് കുമാർ സിപിഎം ജില്ലാ കമ്മിറ്റിയിൽ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജനെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. അനാരോ​ഗ്യം കാരണം ചുമതല ഒഴിയാൻ എം വി ജയരാജൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, ജില്ലാ സമ്മേളനം വീണ്ടും ജയരാജനെ തന്നെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. 

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.

പതിനൊന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ 50 പേരാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img