01:05am 06 July 2026
NEWS
വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്; എം വി ജയരാജനെ തള്ളി എം വി ​ഗോവിന്ദൻ
05/07/2026  05:17 PM IST
nila
വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്; എം വി ജയരാജനെ തള്ളി എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും തെറ്റ് തിരുത്തിയാൽ വീണ്ടും സിപിഎമ്മിലേക്ക് സ്വീകരിക്കാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശം തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജയരാജൻ പ്രകടിപ്പിച്ചത് പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ലെന്നും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"പാർട്ടിയുടെ ഔദ്യോഗിക നിലപാടായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കുമെന്നത് പൊതുവായ നിലപാടാണ്. എന്നാൽ പാർട്ടിയെ വഞ്ചിച്ച് വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും അത്തരക്കാരാണ്. അവർക്കെതിരായ രാഷ്ട്രീയ വിമർശനം തുടരും," എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

സിപിഎമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന പ്രചാരണവും അദ്ദേഹം തള്ളി. നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർചേരി രൂപപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്നായിരുന്നു എം.വി. ജയരാജന്റെ നിലപാട്. കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലും ജീവിതാവസാനത്തിൽ പാർട്ടി സ്വീകരിച്ചിരുന്നുവെന്നും, നയപരമായ തെറ്റുകൾ സംഭവിച്ചവരെ ശാശ്വതമായി ഒറ്റപ്പെടുത്തുന്ന സമീപനം സിപിഎമ്മിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റിയിരുന്നെങ്കിൽ വിജയം നേടാനാകുമായിരുന്നുവെന്നും ജയരാജൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ജയരാജന്റെ പരാമർശത്തോട് പ്രതികരിച്ച വി. കുഞ്ഞികൃഷ്ണൻ, "ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം എം.വി. ജയരാജൻ വ്യക്തമാക്കട്ടെ. അതിന് ശേഷമേ മറുപടി പറയാനാകൂ. ഞാൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി ഇപ്പോൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img