07:26pm 19 October 2026
NEWS
സോഷ്യലിസമല്ല, തൊഴിലില്ലായ്മ കൊണ്ടുവരും; എഐ യിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി

04/02/2025  05:17 PM IST
nila
സോഷ്യലിസമല്ല, തൊഴിലില്ലായ്മ കൊണ്ടുവരും; എഐ യിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി

തൊടുപുഴ: ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സോഷ്യലിസം കൊണ്ടുവരുമെന്ന മുൻ നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എഐ സംവിധാനം വന്നാൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന്  സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ എം വി ​ഗോവിന്ദൻ പറഞ്ഞു.  എഐ സാർവ്വത്രികമാകുന്നതോടെ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും തൊഴിലില്ലായ്മ 60 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് എം വി ​ഗോവിന്ദൻ ഇന്ന് പറഞ്ഞത്. എന്നാൽ, എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നായിരുന്നു നേരത്തേ കണ്ണൂരിൽ എം വി ഗോവിന്ദൻ പറഞ്ഞത്.

എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് ഗോവിന്ദന്റെ നിലപാട് മാറ്റം. എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന മുൻനിലപാടിൽ നിന്ന് പിന്മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ഒരു ഭാഗത്ത് സമ്പത്ത് കേന്ദ്രീകരിക്കുകയാണെന്നാണ് ഞാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. കേരളത്തിലേത് പരിശോധിക്കുകയാണെങ്കിൽ, 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണ്. മൂന്ന് ശതമാനം സ്വത്ത് 50 ശതമാനം ജനങ്ങൾക്കും. എ.ഐ. വരുന്നതോടെ വൈരുധ്യം കൂടും. അതിശക്തിയായി കൂടും. അത് ഇന്നല്ലെങ്കിൽ നാളെ ചർച്ച ചെയ്യും. 60% തൊഴില്ലിലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാൽതന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. അത് വളരെ വളരെ ഗുരുതരമായിരിക്കും. നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയെ വർഗസമരത്തിലൂടെ മാറ്റാതെ ലോകത്ത് ഒരു രാജ്യത്തിനും മുന്നോട്ടു പോവാൻ കഴിയാത്ത സാഹചര്യം വരുന്നതിനുള്ള ഒരു ഇടവഴിയാണ് എ.ഐ. ഉൾപ്പെടെയുള്ളതെന്നാണ് പറഞ്ഞത്.

ഉത്പാദന വിതരണ ഘടനയിലാണ് മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. എഐ ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത വരുന്നത് കുത്തക മുതലാളികളുടെ കൈയ്യിലായിരിക്കും. ഈ എ.ഐ. സംവിധാനം മുഴുവൻ ആരുടെ കയ്യിലാ വരിക? നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളിയുടെ കയ്യിലാണോ, കൃഷിക്കാരന്റെ കയ്യിലാണോ, ഇടത്തരക്കാരന്റെ കയ്യിലാണോ? എല്ലാം വരുന്നത് കുത്തകമുതലാളികളുടെ കയ്യിലായിരിക്കും. കുത്തക മുതലാളിത്തത്തിന്റെ കൈയ്യിൽ ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത വരുന്നതോടെ 60 ശതമാനത്തിലധികം തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെടുകയും, വാങ്ങൽശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതി? സ്ഫോടനാത്മകമായിരിക്കും. അതുകൊണ്ടാണ് സോഷ്യലിസത്തിലേക്കുള്ള യാത്രയിൽ അധ്വാനിക്കുന്ന വർഗം അതിശക്തിയായി ഈ ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റി പുതിയ രീതിയിൽ മുന്നോട്ടുപോവുമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സ് പറഞ്ഞത്', എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലെ ചിത്രച്ചുമർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞത് ഇങ്ങനെ: 

 

എ.ഐ. ഇങ്ങനെ മൂത്തുമൂത്തുവന്നാൽ മാർക്‌സിസത്തിനെന്താണ് പ്രസക്തിയെന്ന് സഖാക്കൾ ചോദിക്കുന്നുണ്ട്. എന്നാൽ, അവിടെയും മാർക്‌സിസത്തിനാണ് പ്രസക്തി. മാർക്‌സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പറഞ്ഞ മുതലാളിത്ത പ്രതിസന്ധി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാവുമെന്നതാണ്.

എ.ഐ. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കൈയിലാണ്. വിവിധതലങ്ങളിൽ 60 ശതമാനം മനുഷ്യരുടെ അധ്വാനശേഷിയെ പൂർണമായും എ.ഐ. ഉപയോഗിച്ച് ഇല്ലായ്മചെയ്യും. ഈ 60 ശതമാനവും വാങ്ങൽശേഷിയുള്ള കമ്പോളത്തിലെ ക്രയവിക്രയശേഷിയുള്ള മനുഷ്യരല്ലാതാകും. മുതലാളിത്തം ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെ വരും. സമ്പന്നനും അതിസമ്പന്നരായ വിഭാഗവും പാവപ്പെട്ടവരും തമ്മിലുള്ള വൈരുധ്യം കൂടി നിലവിലുള്ള ഭൗതികസാഹചര്യത്തിൽ മൗലികമായ മാറ്റം വരും. സമ്പത്തിന്റെ വിഭജനമാണത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോൾ എ.ഐ. മൂത്താൽ സോഷ്യലിസത്തിലേക്കുള്ള യാത്രയാണ്, ഒരു സംശയവും വേണ്ട.

'ഇതിപ്പോ നാളെത്തന്നെ വരുമെന്നൊന്നും ഞാൻ പറയുന്നില്ല. ഇനിയിപ്പോ ഗോവിന്ദൻ മാഷ് അങ്ങനെ പറഞ്ഞിട്ട് ഞാൻ നോക്കിനോക്കി ഇരിക്കുകയായിരുന്നു സോഷ്യലിസം വരുമല്ലോ വരുമല്ലോ എന്നു വിചാരിട്ട്, വന്നുകാണുന്നില്ലല്ലോ എന്ന് നാളെ പറയണ്ട. ഇത് ചിലപ്പോ നൂറോ നൂറ്റമ്പതോ ഇരുന്നൂറോ കൊല്ലമെടുക്കും. സാമൂഹികപരിവർത്തനം എന്നു പറയുന്നത് ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്ന് വിചാരിക്കേണ്ട.'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img