11:40pm 07 November 2026
NEWS
പിണറായിയുടെ നയരേഖയെ ന്യായീകരിച്ച് പാർട്ടി സെക്രട്ടറിയും
08/03/2025  11:16 AM IST
nila
പിണറായിയുടെ നയരേഖയെ ന്യായീകരിച്ച് പാർട്ടി സെക്രട്ടറിയും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സംസ്ഥാന സമ്മേളനം നയരേഖ ചർച്ച ചെയ്യുന്നതിന് മുമ്പ് തന്നെ എം വി ​ഗോവിന്ദൻ നയരേഖയെ പിന്തുണച്ച് രം​ഗത്തെത്തി. പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് എം വി ​ഗോവിന്ദൻ പിണറായി വിജയന്റെ നയരേഖയെ ന്യായീകരിക്കുന്നത്. നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നാണ് എം വി ​ഗോവിന്ദന്റെ വാദം.

വികസനത്തിന് പണം വേണമെന്നാണ്  ഇന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.  പണമില്ലെന്ന പേരിൽ വികസനം മുടക്കാനാകില്ല. നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നും എം വി ​ഗോവിന്ദൻ വാദിക്കുന്നു. 

 'നിരവധി തുടർവികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്‌ക്കുന്നത്. ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ അവഗണിക്കുകയാണ്. പണമില്ലെന്ന് പറഞ്ഞ് വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയില്ല. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകൾ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുമുള്ള ചോദ്യം രേഖ ഉയർത്തുന്നത്. ഈ സന്ദർഭത്തിലാണ് വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതല്ല. 

അതേസമയം, മുഥ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ ഇന്ന് സമ്മേളനം ചർച്ച ചെയ്യും. നാല് മണിക്കൂറാണ് ചർച്ച. സ്വകാര്യ നിക്ഷേപങ്ങൾക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിർദേശങ്ങൾ അടങ്ങിയ നയരേഖയിൽ ജില്ല കമ്മിറ്റികൾ അഭിപ്രായം അറിയിക്കും. പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ എംവി ഗോവിന്ദൻറെ മറുപടിയും ഇന്നുണ്ടാകും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img