
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിനും ആവശ്യമായവരെ ഉൾപ്പെടുത്തുന്നതിനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നില്ലെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സുരേഷ് ബാബുവിനെതിരെ കൂടുതൽ ശക്തമായ അച്ചടക്ക നടപടിയിലേക്ക് സിപിഎം നീങ്ങുന്നതായാണ് വിവരം. പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായതിന് പിന്നാലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
സുരേഷ് ബാബുവിനെതിരെ യുവതി നേതൃത്വത്തിന് നൽകിയത് ശക്തമായ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടുത്തിയ പരാതിയാണെന്നാണ് വിവരം. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് ആരോപണം. സംഭവം പാർട്ടി ഓഫീസിൽവച്ച് നടന്നതെന്നത് പരാതിയുടെ ഗൗരവം വർധിപ്പിക്കുന്നതായി നേതൃത്വവും വിലയിരുത്തുന്നു.
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായും സൂചനയുണ്ട്. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി പരാതി വായിച്ചുകേൾപ്പിച്ച ശേഷമാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ ലൈംഗിക പരാതിയുടെ പേരിലാണ് തന്നെ മാറ്റിയതെന്ന വിവരം പുറത്തുവരരുതെന്ന് സുരേഷ് ബാബു നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെയാണ് ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം നടത്തുന്ന തിരുത്തൽ നടപടികളിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നത്. പാർട്ടി സമ്മേളന കാലയളവിന് പുറത്തുവച്ച് ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ പാലക്കാട് സിപിഎമ്മിലെ സംഘടനാ തലത്തിലെ തുടർനടപടികളും നിർണായകമാകും.










