02:15am 24 August 2026
NEWS
ഇ.ഡിക്കും മാധ്യമങ്ങൾക്കും സിപിഎമ്മിനെ ഭീഷണിപ്പെടുത്താനാകില്ലെന്ന് എം.വി. ഗോവിന്ദൻ
23/08/2026  08:38 PM IST
nila
ഇ.ഡിക്കും മാധ്യമങ്ങൾക്കും സിപിഎമ്മിനെ ഭീഷണിപ്പെടുത്താനാകില്ലെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: എക്സാലോജിക്–സിഎംആർഎൽ കേസിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നതെന്നും മാധ്യമങ്ങളുടെ പിന്തുണ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിക്കും മാധ്യമങ്ങൾക്കും സിപിഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന ധാരണ വേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് സിപിഎം ആരോപണം. സമൂഹത്തിനുമുന്നിൽ പുകമറ സൃഷ്ടിക്കുകയാണ് അന്വേഷണ ഏജൻസി ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ബിജെപി നേതാക്കൾക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഓഫീസിലേക്ക് 15 കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലുണ്ടായിട്ടും ഇ.ഡി നടപടിയെടുത്തോ എന്നും കൊടകര കുഴൽപ്പണക്കേസ് എവിടെയെത്തിയെന്നും ഗോവിന്ദൻ ചോദിച്ചു.

സിഎംആർഎൽ–എക്സാലോജിക് കേസിലെ ‘ഹവാല ഇടപാട്’ ആരോപണം ഇ.ഡിയുടെ സൃഷ്ടിയാണെന്നും റെയ്ഡുകളിൽ അന്വേഷണ ഏജൻസിക്ക് കാര്യമായൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിനോ മറ്റ് സിപിഎം നേതാക്കൾക്കോ എതിരെ അന്വേഷണം വന്നാൽ നിയമപരമായി നേരിടുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കോഴിക്കോട് മുതലക്കുളത്ത് എക്സാലോജിക് കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡുകൾക്കെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

‘റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് സ്വാഭാവികം’; ഇ.ഡി

അതേസമയം, ടി.വീണയെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ പിണറായി വിജയന്റെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ഇ.ഡി. റെയ്ഡിന് ശേഷം അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത് സാധാരണ നടപടിയാണെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.

ടി.വീണയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്ക് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തന്റെ പേര് ഉൾപ്പെടുത്തിയതിനെ പിണറായി വിജയൻ നേരത്തെ വിമർശിച്ചിരുന്നു. നടപടി അസാധാരണമായിരുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ റെയ്ഡിന് ശേഷം അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് ഇ.ഡിയുടെ വിശദീകരണം.

വീണയ്ക്കെതിരെ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങളാണ് വാർത്താക്കുറിപ്പിൽ പരാമർശിച്ചതെന്നും ഇ.ഡി വ്യക്തമാക്കി. ഇതിനിടെ പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി കേസിലെ പരാതിക്കാരനായ ഷോൺ ജോർജും രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് വീണയ്ക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു.

പിണറായിയുടെ വിമർശനം ഭയം കൊണ്ടാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. വീണയ്ക്ക് വിദേശത്ത് കമ്പനിയുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് ഇ.ഡി കടക്കുകയാണ്. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതടക്കമുള്ള നിയമപരമായ നടപടികൾ വേഗത്തിലാക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img