10:12am 11 November 2026
NEWS
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളല്ലെന്ന് എം വി ​ഗോവിന്ദൻ
19/09/2025  06:34 PM IST
nila
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളല്ലെന്ന് എം വി ​ഗോവിന്ദൻ

കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വലതുപക്ഷ ശക്തികൾ സ്ത്രീകൾക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ലെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി.  

വിഡി സതീശൻ ഉൾപ്പെടെ പ്രതിപക്ഷ നേതൃനിരയിലുള്ളവർ ആസൂത്രിതമായി ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ചെയ്തികളെ തുറന്നെതിർക്കുന്നു എന്നുവരുമ്പോഴാണ് ഇത്തരം തടിതപ്പുന്നതിന് വേണ്ടിയുള്ള നിലപാട് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോൺഗ്രസ് സൈബർ വിഭാഗം ഇത്തരമൊരു നിലപാട് സ്വീകരിക്കുമോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

മുൻപ് കെ.കെ. ശൈലജയ്‌ക്കെതിരേയും വീണാ ജോർജിനെതിരേയും തിരുവനന്തപുരം കോർപറേഷൻ മേയർക്കെതിരേയുമൊക്കെ ഈ സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. സൈബർ ഇടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സ്ത്രീകളെ തേജോവധം ചെയ്യാൻ നടത്തുന്ന ഇത്തരം പരിശ്രമങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ച് നിയമപോരാട്ടംവരെ നടത്തേണ്ടതുണ്ട്. നാല് എംഎൽഎമാരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ച ചില വിഭാഗങ്ങളുണ്ട്. അതിനെതിരേയും നിയമപരമായ നിലപാട് സ്വീകരിക്കണം എന്നുതന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് ജീർണമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ആർക്കും ഇനി സാധിക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോൾ സിപിഎം തടയുമോ എന്ന ചോദ്യത്തിന്, ഞങ്ങൾ തടയാനൊനും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. കേരളത്തിലെ സാംസ്‌കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാറിയിട്ടുണ്ട്. ആ മുഖം ഇങ്ങനെ തന്നെ തുടർന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് ഓർമിക്കാൻ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img