09:31am 07 May 2026
NEWS
തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമുള്ള പാർട്ടി; എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച് വാർത്താസമ്മേളനം അവസാനിപ്പിച്ച് എം വി ​ഗോവിന്ദൻ
06/05/2026  05:38 PM IST
nila
തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമുള്ള പാർട്ടി; എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച് വാർത്താസമ്മേളനം അവസാനിപ്പിച്ച് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എഴുതിക്കൊണ്ടു വന്ന കുറിപ്പ് വായിച്ച ശേഷം വാർത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞാണ് എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്. അപ്രതീക്ഷിത തിരിച്ചടിയാണ് മുന്നണിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായെന്ന് തുറന്നു സമ്മതിച്ച എം വി ​ഗോവിന്ദൻ, ജനങ്ങളെയാകെ വിശ്വാസത്തിൽ എടുത്ത് തിരിച്ചടി പരിശോധിക്കുമെന്നും വ്യക്തമാക്കി. മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. എല്ലാ സഖാക്കളെയും കേൾക്കും. പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ വായിച്ചത്

തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് എൽഡിഎഫിന് ഉണ്ടായത്. സംഘടനാപരവും രാഷ്ട്രീപരവുമായ പ്രശ്നങ്ങൾ, പാർട്ടിക്കെതിരായി വന്ന വിവിധ തരത്തിലുള്ള പ്രചാര വേലകളും പരാജയത്തിനിടയായിട്ടുണ്ട് എന്ന് പാർട്ടി പ്രാഥമികമായി കാണുന്നു. ഇത് സംബന്ധിച്ച്, പാർട്ടിയുടെ പ്രവർത്തകരേയും പാർട്ടി ഘടകങ്ങളേയും എൽഡിഎഫിലെ ഘടകകക്ഷികളേയും ജനങ്ങളേയും വിശ്വാസത്തിലെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടിയുടെ പരിശോധനയും നിലപാടുകളും.

തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ആണ് ലഭിച്ചത്. താരതമ്യേന ഇത് കുറഞ്ഞ വോട്ട് ആണ്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 2019-ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളുമാണ് എൽഡിഎഫിന് ലഭിച്ചത്. ആ സന്ദർഭത്തിൽ തിരിച്ചടിയുടെ പാഠം പഠിക്കുകയും ജനങ്ങൾക്ക് ബോധ്യമാകും വിധത്തിൽ തിരുത്തലുകൾ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിൽ ഉള്ളത്. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കും. അത് സംബന്ധിച്ച് വളരെ ഏറെ പ്രാധാന്യത്തോടെ മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർത്ത്, സഖാക്കൾക്ക് പറയാനുള്ളത് കേൾക്കാനും മുകളിലേക്ക് എടുക്കാനും സാധിക്കണമെന്ന് പാർട്ടി ആലോചിച്ചിട്ടുണ്ട്.

പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടേറിയറ്റിൽ നടന്നത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണം എന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ ഏരിയാ കമ്മിറ്റികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് എല്ലാ ലോക്കൽ കമ്മിറ്റികളും ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്. ഏരിയാ കമ്മിറ്റികൾ പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേർന്ന് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. തുടർന്ന് തിരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി താഴേത്തട്ടിലേക്ക് നൽകില്ല. അവരെ കൂടി കേട്ട ശേഷം കൃത്യമായ വിശകലനം തയ്യാറാക്കണം.

അഞ്ച് വർഷം കഴിയുമ്പോൾ ഭരണം മാറിവരുന്ന സംസ്ഥാനമാണ് കേരളം. അത് മാറ്റിക്കുറിച്ച് പത്ത് വർഷം തുടർച്ചയായി ഇടതുപക്ഷം ഭരണത്തിലായി. ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരുന്ന മുന്നണിയാണെന്ന കാര്യത്തിൽ സംശയമില്ല. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകൾ പാർട്ടി സ്വീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img