
സിപിഎം എപ്പോഴും വിശ്വാസി സമൂഹത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ആർഎസ്എസിനും മറ്റ് വർഗീയവാദികൾക്കും ഇഷ്ടപ്പെടുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിൽ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയിൽ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
അയ്യപ്പ സംഗമം കലക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയെ തുടർന്നാണ് ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമെല്ലാം ഇതിന്റെ ഭാഗമായി വരുന്നുണ്ട്. അവരെയെല്ലാം നിയമത്തിന്റെ മുന്നിൽകൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വർണം ഉൾപ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണപ്പാളി വിവാദങ്ങളേക്കുറിച്ച് ചോദ്യത്തിന്, ഓരോന്നായി പുറത്തുവരുന്നുണ്ട്. വരുന്നതിനെ കണ്ടുപിടിക്കുക, കർശനമായ നിലപാട് സ്വീകരിക്കുക അതല്ലേ സർക്കാരിന്റെ ഉത്തരവാദിത്വം എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ആ ഉത്തരവാദിത്വം സർക്കാർ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിലെ സംഘർഷം ആസൂത്രിതമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ബോംബുൾപ്പെടെ കൊണ്ടുപോയി പോലീസിനെ ആക്രമിച്ചു. ഇതിന്റെ തുടർച്ചയായി കേരളത്തിലുടനീളം കലാപം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ആസൂത്രണംചെയ്തത്. കോൺഗ്രസിൽ വലിയ ആഭ്യന്തരപ്രശ്‌നങ്ങളാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതും കെപിസിസി ജംബോ കമ്മിറ്റി അടക്കമുള്ള ആഭ്യന്തരസംഘർഷങ്ങളും ശക്തമായനിലയിലാണ്. അതിനാൽ ജനശ്രദ്ധ മാറ്റാൻ കലാപങ്ങളും വർഗീയധ്രൂവീകരണങ്ങളും ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും മറ്റുവിഭാഗങ്ങളും നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പള്ളുരുത്തി സെയ്ന്റ് റീത്ത സ്‌കൂളിലെ പ്രശ്‌നം ഏതാണ്ട് പരിഹരിക്കപ്പെട്ടശേഷം അതിനെ വർഗീയവൽക്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോൺഗ്രസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ചേർന്ന് നടത്തിയെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
'സംഘർഷത്തിലേക്ക് പോകുമ്പോൾ സംഘർഷത്തിന്റെ ഭാഗമായ പ്രശ്‌നങ്ങളുണ്ടാകും. ആദ്യമായി നടക്കുന്നതാണോ കേരളത്തിലെ സംഘർഷം. ബോംബും സ്‌ഫോടകവസ്തുക്കളും കൊണ്ടുപോയി പോലീസിനുനേരേ കടന്നാക്രമിക്കുന്ന സന്ദർഭം വരുമ്പോൾ സ്വാഭാവികമായും എന്തൊക്കെയാണ് ഉണ്ടാവുകയെന്ന് നമുക്ക് പറയാൻ സാധിക്കില്ല. ഞാൻ ഏതിനെയെങ്കിലും ന്യായീകരിക്കാനോ ഏതിനെയെങ്കിലും എതിർക്കാനോ ഉദ്ദേശിക്കുന്നില്ല. ബോംബും കല്ലും വടിയുമെടുത്ത് പോലീസുമായി സംഘർഷത്തിന് പുറപ്പെട്ടു. ആ സംഘർഷത്തിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്ന് പകൽവെളിച്ചംപോലെ തെളിഞ്ഞിരിക്കുകയാണ്', എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് ലഭിച്ചുവെന്ന വാർത്ത സംബന്ധിച്ച ചോദ്യത്തിന്, പാർട്ടിക്ക് ഇതൊന്നും അറിയേണ്ടകാര്യമില്ലെന്നും ആരൊക്കെയോ കടലാസ് അയച്ചതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. 'ഒരുവാർത്ത പ്രസിദ്ധീകരിച്ചാൽ അതിന് പിറകെ ഞങ്ങൾപോകുമെന്ന് കരുതിയോ. ഞങ്ങളെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാൻ നിൽക്കേണ്ട. ബിജെപിയോട് എന്തുനിലപാട് സ്വീകരിക്കണമെന്നതിൽ സിപിഎമ്മിന് നല്ലധാരണയുണ്ട്. ഇന്നേവരെ ഒരുവിട്ടുവീഴ്ചയും ചെയ്യാതെ ഉറച്ചനിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎം. ഇനിയും അതുതന്നെ സ്വീകരിക്കും', അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരെങ്കിലും വർത്തമാനം പറഞ്ഞാൽ ഉടനെ പാർട്ടി നിലപാട് സ്വീകരിക്കാൻ പോവുകയാണോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. ''ഒരാള് അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു. ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പാർട്ടി നിലപാട്. ഒരാളെയും ഒഴിവാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 75 വയസ്സ് കഴിഞ്ഞ ഒരുപാട് സഖാക്കൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരൊന്നും പാർട്ടിയിനിന്ന് റിട്ടയർമെന്റായിട്ടില്ല. അവരൊക്കെ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്', എം.വി. ഗോവിന്ദൻ വ്യക്തമാക്കി.











