
ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും നായനാൽ അക്കാദമിയിൽ ഇ.കെ.നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
എം വി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ:
‘‘റാപ് എന്നതിന്റെ അർഥം അടുത്താണ് മനസ്സിലാക്കിയത്. റിഥം ആൻഡ് പോയട്രി എന്നാണത്. പദ്യം വളരെ മനോഹരമായി സമന്വയിപ്പിച്ച് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവർക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിനു കരുത്തുണ്ട്.
6 ഗ്രാം കഞ്ചാവുമായാണ് വേടനെ പിടികൂടിയത്. അയാളുടെ സംഘത്തിൽ എട്ട് പേരുണ്ട്. കഞ്ചാവ് കൈയിൽ വച്ചത് തെറ്റാണെന്ന് വേടൻ തന്നെ പറഞ്ഞു. എനിക്ക് പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവർത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടായത്. വേടന്റെ ശരീരത്തിൽ ഒരു മാല കണ്ടു. അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാൾ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു.
ഇടുക്കിയിൽ സർക്കാർ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി ഉൾപ്പെടുത്തിയിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകർ എന്നോട് വിളിച്ചു ചോദിച്ചു, എന്താണ് ചെയ്യുക. തെറ്റ് തിരുത്താമെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആ പരിപാടി നടത്തണമെന്നും ഞാൻ പറഞ്ഞു. അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന് കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടൻ’’.











