10:53pm 09 November 2026
NEWS
ആർഎസ്എസ് ബാന്ധവത്തിൽ മലക്കംമറിഞ്ഞ് എം വി ​ഗോവിന്ദൻ
18/06/2025  12:17 PM IST
nila
ആർഎസ്എസ് ബാന്ധവത്തിൽ മലക്കംമറിഞ്ഞ് എം വി ​ഗോവിന്ദൻ

ആർഎസ്എസ് ബാന്ധവത്തിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ നിന്നാണ് എം വി ​ഗോവിന്ദൻ പിന്നോട്ട് പോയത്. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞത്.  ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ആർ എസ് എസ് ബന്ധം സംബന്ധിച്ച് താൻ പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും എം വി ​ഗോവിന്ദൻ വിശദീകരിച്ചു. 

'ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അർധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്'-ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളെയും ഉണ്ടാകുകയില്ല. ആർഎസ്എസ് യഥാർത്ഥത്തിൽ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിച്ചത്. ആർഎസ്എസിന്റെ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞവരാണ് ഞങ്ങൾ.

കാവിവത്കരണത്തിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിക്കൊണ്ടിരിക്കുന്നു. അവിടെ എപ്പോഴാണ് ഗോഡ്സെയുടെ ഫോട്ടോ വെക്കുന്നതെന്നേ അറിയാനുള്ളൂ. രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല, ശരിയായി രാഷ്ട്രീയം ഉപയോഗിക്കാൻ യുവതലമുറയെ പഠിപ്പിക്കണം. 50 കൊല്ലം മുൻപ് നടന്ന സംഭവം വിവാദം ആകേണ്ട ആവശ്യം ഇല്ല. രാഷ്ട്രീയമാറ്റത്തെകുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണം ആണത്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. യുഡിഎഫിനെ അവർ പാഠം പഠിപ്പിക്കും. ഒരു ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ല. ഒരു വോട്ടും ഇക്കാരണംകൊണ്ട് കുറയില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img