
തൃശൂർ: നിർമ്മിത ബുദ്ധി ഉപയോഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികൾ കൂടുമെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം. ഇതുമൂലം തൊഴിലില്ലായ്മ കൂടുമെന്നും ഇതു വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാൻ കാരണമാവുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് സംസ്ഥാന സെക്രട്ടറി വീണ്ടും എഐയെ കുറിച്ച് വിശദീകരിച്ചത്.
‘‘എഐ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയിൽ കൂടും. അവർ തന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തു വളർന്നുവന്നാൽ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുക’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
എം.വി.ഗോവിന്ദൻ മുമ്പ് എഐയെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. എഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. വിവാദമായതോടെ എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുധ്യം വർധിക്കുമെന്നും ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയർത്തുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് തൃശ്ശൂരിൽ വീണ്ടും എഐയെ കുറിച്ച് സിപിഎം സെക്രട്ടറിയുടെ വിശദീകരണം.











