05:43am 27 October 2026
NEWS
എഐ ഉപയോഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് എം.വി. ഗോവിന്ദൻ
09/02/2025  05:06 PM IST
nila
എഐ ഉപയോഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് എം.വി. ഗോവിന്ദൻ

തൃശൂർ: നിർമ്മിത ബുദ്ധി ഉപയോ​ഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികൾ കൂടുമെന്നാണ് എം വി ​ഗോവിന്ദന്റെ വിശദീകരണം. ഇതുമൂലം തൊഴിലില്ലായ്മ കൂടുമെന്നും ഇതു വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാൻ കാരണമാവുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് സംസ്ഥാന സെക്രട്ടറി വീണ്ടും എഐയെ കുറിച്ച് വിശദീകരിച്ചത്. 

‘‘എഐ ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയിൽ കൂടും. അവർ തന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തു വളർന്നുവന്നാൽ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുക’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി.ഗോവിന്ദൻ മുമ്പ് എഐയെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. എഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. വിവാദമായതോടെ എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുധ്യം വർധിക്കുമെന്നും ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയർത്തുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് തൃശ്ശൂരിൽ വീണ്ടും എഐയെ കുറിച്ച് സിപിഎം സെക്രട്ടറിയുടെ വിശദീകരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img