05:04am 16 September 2026
NEWS
സിപിഎമ്മിൽ വൻ അഴിച്ചുപണി; ഇഡിക്കെതിരെ പോരാട്ടം; പാർട്ടിക്കുള്ളിൽ ‘തെറ്റുതിരുത്തൽ’
15/09/2026  04:23 PM IST
nila
സിപിഎമ്മിൽ വൻ അഴിച്ചുപണി; ഇഡിക്കെതിരെ പോരാട്ടം; പാർട്ടിക്കുള്ളിൽ ‘തെറ്റുതിരുത്തൽ’

കോഴിക്കോട്: കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെ ശക്തമായ പ്രചാരണവുമായി സിപിഎം രംഗത്ത്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ കൂടി ഉപയോഗിച്ച് ഇഡി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെയും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട് നടന്ന സിപിഎം വിശാല സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. യോഗത്തിൽ മൂന്ന് പ്രമേയങ്ങൾ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ഇഡി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകരുടെ വീടുകൾ വരെ റെയ്ഡ് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന നിലപാടിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന കടന്നാക്രമണങ്ങളെ പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ നേരത്തെയും സിപിഎമ്മിനെതിരെ നിരവധി ആരോപണങ്ങളും വാർത്തകളും ഉയർത്തിയിട്ടുണ്ടെന്നും പിന്നീട് അവയെല്ലാം ആവിയായി പോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ച് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിശാല യോഗത്തിൽ ഉണ്ടായ പരസ്യമായ ശാസനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംഘടനാപരമായ വിഷയങ്ങളിൽ വിശദീകരണം നൽകേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പാർട്ടിക്കുള്ളിൽ തെറ്റുതിരുത്തൽ പ്രക്രിയ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സംഭവിച്ച തെറ്റുകളെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നിട്ടുണ്ട്. സെക്രട്ടറിയെക്കുറിച്ചും ചർച്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചർച്ചകളും പരിഗണിച്ച ശേഷമായിരിക്കും ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുക.

താഴെത്തട്ടിലുള്ള ഘടകങ്ങളിൽ മൂന്നുമാസം കൂടുമ്പോൾ പ്രവർത്തന അവലോകനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ പ്രവർത്തനം സംസ്ഥാന കമ്മിറ്റി വിലയിരുത്തും. ഓരോ ഘട്ടത്തിലും അജണ്ട നിശ്ചയിച്ച് സംസ്ഥാന കമ്മിറ്റി തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റിലും അഴിച്ചുപണി

വിശാല സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും മാറ്റങ്ങൾ വരുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായി. ഇരുവരും കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റിനെ സഹായിക്കും.

ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പി.ബിയുടെ പ്രത്യേക അനുമതിയോടെ പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.

കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോൺ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായ ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർ സംസ്ഥാന സെന്ററിന്റെ ഭാഗമായും പ്രവർത്തിക്കും. സൂസൻ കോടി സംസ്ഥാന സമിതിയിലും പ്രവർത്തിക്കും.

സംസ്ഥാന സമിതിയിലും പുതിയ മുഖങ്ങൾ

സംസ്ഥാന സമിതിയിലേക്ക് ഒമ്പത് പേരെ പുതുതായി ക്ഷണിതാക്കളായി ഉൾപ്പെടുത്തി. യുവ നേതാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാണ് പുനഃസംഘടന.

എം. വിജിൻ, ജെയ്ക് തോമസ്, പി.എസ്. സഞ്ജീവ്, ആദർശ് എം. സജി, എം. ശിവപ്രസാദ്, പ്രഭാവർമ, ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളായത്.

കോഴിക്കോട്ട് വൈകിട്ട് നടക്കുന്ന റാലിയോടെ സിപിഎം വിശാല സമിതി യോഗത്തിന് സമാപനമാകും. സമാപന സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം കെ.കെ. ശൈലജയും സമ്മേളനത്തിൽ പ്രസംഗിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img