
എറണാകുളത്തെ വീട്ടുമുറ്റത്ത് കിടന്ന കാർ മോഷ്ടിച്ച പത്തൊൻപതുകാരൻ തിരുവനന്തപുരത്ത് പിടിയിലായി. പായിപ്ര പേണ്ടാണത്ത് അൽ സാബിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളി കുരുട്ടുക്കാവ് ഭാഗത്തുള്ള വീടിന്റെ പോർച്ചിൽ കിടന്ന കാർ മോഷ്ടിച്ച ഇയാൾ കാറിനു രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും കാമുകിയുമൊത്ത് കറങ്ങി നടക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങി നടക്കാനായിരുന്നു അൽ സാബിത്ത് കാർ അടിച്ചുമാറ്റിയത്. രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയാണ് ഇയാളുടെ കാമുകി. ഒരു വർഷം മുൻപാണ് പൂന്തുറ സ്വദേശിനിയുമായി അൽ സാബിത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ ഇവരെ പൂന്തുറയിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കൊണ്ടുവന്നു. പൂന്തുറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂവാറ്റുപുഴ പൊലീസാണ് അന്നു യുവതിയെ കണ്ടെത്തി പൂന്തുറ പൊലീസിനു കൈമാറിയത്.
ഇക്കഴിഞ്ഞ നാലാം തീയതി പുലർച്ചെയാണ് വാഴപ്പിള്ളി കുരുട്ടുക്കാവ് ഭാഗത്തുള്ള വീടിന്റെ പോർച്ചിൽ കിടന്ന കാർ ഇയാൾ മോഷ്ടിച്ചത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.ബി. സത്യൻ, പി.സി. ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, സിവിൽ പൊലീസ് ഓഫിസറായ ശ്രീജു ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.











