10:20am 25 May 2026
NEWS
മുത്തങ്ങ- ആദിവാസി ഭൂപ്രശ്‌നങ്ങളിൽ ധവളപത്രം പുറത്തിറക്കണം: ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ
01/10/2025  08:09 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
മുത്തങ്ങ- ആദിവാസി ഭൂപ്രശ്‌നങ്ങളിൽ ധവളപത്രം പുറത്തിറക്കണം: ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ

2003 ഫെബ്രുവരി-19. കേരള ചരിത്രത്തിൽ ആദിവാസികൾക്കു നേരെ നരനായാട്ട് നടന്ന ദിവസമാണ്. മണ്ണിനോടും വന്യജീവികളോടും മല്ലിട്ട് കൃഷി ചെയ്ത് ജീവിച്ച സമൂഹത്തിന് കാടിനു പുറത്തെ ജനങ്ങളോടും അവരുടെ പൊലീസിനോടും എതിരിട്ട് ശീലമില്ലായിരുന്നു. അതുകൊണ്ടുതന്നെ അടിക്കും ഇടിക്കും വെടിക്കും കണ്ണീർ വാതകത്തിനും ഗ്രനേഡിനും മുമ്പിൽ അവർ പതറിപ്പോയിട്ടുണ്ടാകും. 
സമരമെന്നത് ജയിക്കാൻ വേണ്ടി മാത്രമുള്ള മുറയല്ല. അടുത്ത തലമുറയ്ക്ക് വഴിവെട്ടാനും മുമ്പോട്ടു കുതിക്കാനുമുള്ള ഊർജ്ജം സംഭരിച്ചു നൽകുന്ന സമരത്തിനുള്ള വിത്തുവിതയ്ക്കൽ കൂടിയാണത്. ആ അർഥത്തിൽ മുത്തങ്ങയിലെ ആദിവാസിസമരം വിജയമായിരുന്നു, വലിയ വിജയം.

മുത്തങ്ങ സമരത്തിന്റെ 22 വർഷങ്ങൾക്കിപ്പുറം നിന്ന് അന്നത്തെ സമരത്തെ കുറിച്ചോർത്തെടുക്കുമ്പോഴും നേട്ടകോട്ടങ്ങളെ കുറിച്ച് പറയുമ്പോഴും ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓഡിനേറ്റർ എം ഗീതാനന്ദന് നിശ്ചയദാർഢ്യമുണ്ട്. പതിറ്റാണ്ടുകളുടെ ചരിത്രത്തെ അദ്ദേഹം വരയും വരിയും തെറ്റാതെ പറയുമ്പോൾ ഓർമകൾ മാത്രമല്ല അടുക്കിവെച്ച പത്രകട്ടിംഗുകളും ഫയലുകളും കൂടി സാക്ഷ്യം പറയാൻ മുമ്പിലുണ്ട്. ചരിത്രമെന്നത് ചിലരുടെ മാത്രം കഥയല്ലെന്നും, എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും ഉയിർത്തുവരുന്ന ജനതയുടെ കൂടി ജീവിതമാണെന്നും എം. ഗീതാനന്ദൻ ഓർമിപ്പിക്കുന്നു. 

മുത്തങ്ങയിലെ ആദിവാസി സമരകാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് നടത്തിയ ചില കുമ്പസാരങ്ങളുടെ പശ്ചാത്തലത്തിൽ 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് സംസാരിക്കുന്നു എം ഗീതാനന്ദൻ.

മുത്തങ്ങ സമരം

2003 ജനുവരി അഞ്ചിനാണ് വയനാട് ജില്ലയിലെ മുത്തങ്ങയിൽ ആദിവാസികൾ കുടിൽകെട്ടി സമരം ആരംഭിച്ചത്. വയനാട്ടിലെ തിരുനെല്ലി, കോട്ടത്തറ, നൂൽപ്പുഴ, നെന്മേനി തുടങ്ങിയ പഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ നിന്നുള്ളവരായിരുന്നു കൂടുതലും മുത്തങ്ങ സമരത്തിൽ പങ്കെടുക്കാനെത്തിയത്. ആദിവാസികളിലെ ഏറ്റവും താഴെത്തട്ടിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിപക്ഷവും. കുറുച്യ വിഭാഗത്തിൽ നിന്നും രണ്ട് കുടുംബങ്ങളുണ്ടായിരുന്നു. കുറുമ വിഭാഗത്തിൽ ആരും മുത്തങ്ങയിൽ കുടിൽകെട്ടാനുണ്ടായിരുന്നില്ല. 

30 ഊരുകൂട്ടങ്ങളിൽ നിന്നായി 820 കുടുംബങ്ങളാണ് മുത്തങ്ങയിലെ തകരപ്പാടി മുതൽ അമ്പുകുത്തി വരെയുള്ള ഭാഗങ്ങളിൽ കുടിലുകൾ കെട്ടിയത്. അവരവിടെ കൃഷി ആരംഭിക്കുകയും കുട്ടികൾക്ക് പഠിക്കാൻ അംഗനവാടികൾ ഉണ്ടാക്കുകയും ചെയ്തു.  മുത്തങ്ങയിലെ കുടിൽ കെട്ടൽ സമരത്തിന്റെ 46-ാം ദിവസമാണ് ഭരണകൂട ഇടപെടലും പൊലീസ് വെടിവെയ്പുമുണ്ടായത്. വെടിവെയ്പിൽ ആദിവാസിയായ ജോഗി കൊല്ലപ്പെട്ടു. കണ്ണൂർ കെ എ പി ബറ്റാലിയനിലെ വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. 

സർക്കാർ പരിഹരിക്കാത്ത പ്രശ്‌നങ്ങൾ

2001-ലാണ് ഭൂരഹിതരായ ആദിവാസികൾക്കുവേണ്ടി ആദിവാസി ഗോത്രമഹാസഭയുടേയും സി കെ ജാനുവിന്റേയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ കുടിൽ കെട്ടൽ സമരം നടത്തിയത്. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം സർക്കാർ മതികെട്ടാനിലെ 900 ഹെക്ടർ വനഭൂമി ആദിവാസികൾക്ക് പതിച്ചു നൽകാൻ ധാരണയായി. എന്നാൽ ഇതിന്റെ മറവിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ചിലർ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഒത്താശയോടെ മതികെട്ടാനിൽ കാട് വെട്ടിപ്പിടിക്കുകയും അന്നത്തെ വനം മന്ത്രി കെ സുധാകരനും റവന്യൂ മന്ത്രി കെ എം മാണിയും തമ്മിൽ വാക്‌പോര് നടക്കുകയും ചെയ്തു. അതോടെ മതികെട്ടാനിലെ 1281-ലേറെ ഹെക്ടർ സ്ഥലം 2003 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചേരുകയായിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന സമരത്തിന്റെ മികച്ച ഫലങ്ങളിലൊന്ന് ട്രൈബൽ റിഹാബിലിറ്റേഷൻ ഡവലപ്‌മെന്റ് മിഷൻ രൂപീകരിച്ചതായിരുന്നു. 

കേരളത്തിലെ ഭൂരഹിതരായ ഗോത്രവർഗ്ഗക്കാർക്ക് ഒന്നുമുതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകുമെന്നായിരുന്നു കരാർ. 
തങ്ങൾക്ക് വാഗ്ദാനം നൽകിയ ഭൂമി സർക്കാർ അനുവദിക്കാതിരിക്കുകയും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നിലപാടുകൾ പല തട്ടുകളിലാവുകയും ചെയ്തതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ആദിവാസികൾ തിരിച്ചറിഞ്ഞതോടെയാണ് വയനാട്ടിലെ മുത്തങ്ങയിൽ കുടിൽ കെട്ടാൻ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചത്. 

എ കെ ആന്റണിയുടെ കുമ്പസാരം

മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് എ കെ ആന്റണി ഖേദം പ്രകടിപ്പിക്കുകയും അന്വേഷണ റിപ്പോർട്ടുകൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞു. ഇതിനോട് കേരളത്തിലെ ഇടത് വലതു മുന്നണി നേതൃത്വങ്ങൾ പ്രതികരിക്കാൻ തയ്യാറാകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. 22 വർഷങ്ങൾക്ക് ശേഷം നടത്തുന്ന ഖേദപ്രകടനം കൊണ്ടുമാത്രം ജനാധിപത്യ കേരളത്തിലെ രക്തപങ്കിലമായ ഒരു അധ്യായത്തെ തിരുത്താൻ സാധിക്കില്ല. അത്രത്തോളം പൈശാചികവും വംശീയവുമായ വിദ്വേഷത്തോടെ നടത്തിയ നരവേട്ടയുടെ അനുഭവങ്ങൾ മനുഷ്യമനസ്സുകളിൽ നിന്നും മാഞ്ഞുപോകില്ല. 

മുത്തങ്ങ സംഭവത്തിന് ശേഷം കക്ഷിരാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ നേതൃത്വങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്നാണ് എ കെ ആന്റണി പറഞ്ഞ മറ്റൊരു കാര്യം. ഇത് വസ്തുതാപരമായ കാര്യമാണ്. മുത്തങ്ങയിലെ കിരാതമായ നരവേട്ടയുടെ ഉത്തരവാദിത്വം മുൻമുഖ്യമന്ത്രി എ കെ ആന്റണിക്ക് മാത്രമല്ല കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിനും, ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി പി എമ്മിനും പൊലീസ്-വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന എക്‌സിക്യൂട്ടീവിനും ഉണ്ട്. 

മുഖ്യമന്ത്രി എന്ന നിലയിൽ പൊലീസ് നടപടിയിലൂടെ ആദിവാസികളെ കുടിയിറക്കാൻ കാബിനറ്റിൽ തീരുമാനമെടുക്കുന്ന കാർമികത്വം വഹിച്ചത് എ കെ ആന്റണി ആണ്. എന്നാൽ അങ്ങേയറ്റം മനുഷ്യത്വരഹിതമായി ഹർത്താലും ബന്ദും സൃഷ്ടിച്ച് മുത്തങ്ങയിൽ ആദിവാസികളെ ഒറ്റപ്പെടുത്തുന്നതിൽ സി പി എം ഉൾപ്പെടെയുള്ള പാർട്ടികൾക്ക് പങ്കുണ്ട്. 

വനംവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസ്‌സേനയേയും അക്രമാസക്തമാക്കി മാറ്റുന്നതിൽ അന്നത്തെ വനംവകുപ്പ് മന്ത്രി കെ സുധാകരന് ശക്തമായ പങ്കുണ്ട്. മുത്തങ്ങയിലെ ആദിവാസി കുടിലുകളും ആദിവാസികളുടെ ജീവനോപാധികളും അവശേഷിച്ച പച്ചപ്പുകളും ചുട്ടെരിച്ചത് ആരാണ്? ആറായിരം ഏക്കറോളം വനമേഖല ചാമ്പലാക്കിയത് അന്വേഷിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടോ? കുട്ടികളേയും സ്ത്രീകളേയും ആക്രമിച്ച് ജയിലിൽ അടയ്ക്കുക, കറുത്തവരെ എവിടെ കണ്ടാലും അറസ്റ്റ് ചെയ്യുക, ആദിവാസി ഊരുകളിൽ ആക്രമണം നടത്തുക, ആദിവാസികളെ ആട്ടിയോടിക്കുക, വർഷങ്ങളോളം തൊഴിൽ നിഷേധിക്കുക, നേതാക്കളെ തെരഞ്ഞുപിടിച്ച് വകവരുത്താൻ പദ്ധതിയിടുക, നൂറുകണക്കിന് ആദിവാസികൾക്കെതിരെ കള്ളക്കേസെടുക്കുക, കോടികൾ മുടക്കി ഇപ്പോഴും ആദിവാസികൾക്കെതിരെ കേസ് നടത്തുക തുടങ്ങിയവയെല്ലാം ക്രമസമാധാനം ഉറപ്പുവരുത്താനാണോ എന്ന് വിശദമാക്കേണ്ടതുണ്ട്. കേസിലുൾപ്പെട്ട 40 പേർ ഇതിനകം മരിച്ചു കഴിഞ്ഞിട്ടുണ്ട്. 
ആദിവാസികൾക്കെതിരെ വനം കയ്യേറി എന്ന പേരിൽ ഒരു കേസു പോലും നിലനിന്നില്ല. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് രണ്ട് കേസുകൾ കോടതി തള്ളിയിട്ടുണ്ട്. നാലു കേസുകൾ ഉമ്മൻചാണ്ടി സർക്കാരും ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും വനം കയ്യേറിയതിന്റെ പേരിൽ ഇപ്പോഴും വിചാരണ നടക്കുന്നുണ്ട്. ടൂറിസത്തിന് വേണ്ടി ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ (ജിം) മുത്തങ്ങ വിൽപ്പനയ്ക്ക് വെച്ചിരുന്നു എന്ന വസ്തുത എ കെ ആന്റണി ആത്മകഥയിൽ പറയുമോ? 

ഫെബ്രുവരി 19 വരെ ആദിവാസികൾക്കെതിരെ ഒരു പെറ്റിക്കേസുപോലും ഉണ്ടായിട്ടില്ല. ഏതെങ്കിലും പൊലീസ് റിപ്പോർട്ടുമില്ല. കേന്ദ്ര സമ്മർദ്ദം, ക്രമസമാധാന തകർച്ച, സി ബി ഐ റിപ്പോർട്ട്, രാഷ്ട്രീയ വൃത്തങ്ങൾ ഒറ്റപ്പെടുത്തിയത്, പിന്നീട് വനം കയ്യേറ്റം നടന്നില്ല തുടങ്ങിയ കാര്യങ്ങളൊക്കെയാണ് എ കെ ആന്റണി മുത്തങ്ങ സമരവും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പറയുന്നത്. കേന്ദ്രത്തിന്റെ എന്ത് സമ്മർദ്ദമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയണം.  ആദിവാസി ഭൂമിയുൾപ്പെടെ കുടിയേറ്റക്കാർ കയ്യേറിയപ്പോൾ ഇല്ലാത്ത വനസംരക്ഷണ ബോധം മുത്തങ്ങയിൽ മാത്രം എങ്ങനെ ഉണ്ടായി എന്നും പറയാൻ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. 

മുത്തങ്ങ സമരവും തുടർന്നുണ്ടായ വെടിവെയ്പും സംബന്ധിച്ച് ഒരു റിപ്പോർട്ടും സി ബി ഐ അധികൃതർക്ക് സമർപ്പിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. അത് അട്ടിമറിക്കാനാണ് ആദിവാസികൾക്കെതിരെയുള്ള കള്ളക്കേസുകൾ അന്വേഷിക്കാനെന്ന പേരിൽ ആരും ആവശ്യപ്പെടാതെ തന്നെ ആന്റണി സർക്കാരും ഉന്നത പൊലീസ് മേധാവികളും സി ബി ഐക്ക് കേസ് കൈമാറിയത്. ഒരു വർഷത്തിന് ശേഷം ആദിവാസികൾക്കെതിരെയുള്ള കുറ്റപത്രം മാത്രമാണ് സി ബി ഐ കോടതിയിൽ സമർപ്പിച്ചത്. സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിന് നാലായിരത്തിലേറെ പേജുകളുണ്ടായിരുന്നു. 

മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയതുപോലുമില്ല. മാത്രമല്ല വെടിവെയ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ മരണത്തെ കുറിച്ച് ഇപ്പോഴും അന്വേഷണം നടന്നിട്ടില്ല. മുത്തങ്ങയിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് നിർമല ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കണ്ടെത്തിയിരുന്നു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്താനാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ മൂന്നു ദിവസത്തിനകം കേരളം അനുകൂലമായി വിജ്ഞാപനം ഇറക്കിയെങ്കിലും നിഷ്പക്ഷ അന്വേഷണം മാത്രം നടന്നില്ല.  
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം വിഭാഗീയമാണെന്ന് കോടതിയിൽ ചലഞ്ച് ചെയ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട അന്വേഷണം നടന്നില്ല. എങ്കിലും ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. 

പീപ്പിൾസ് ജുഡീഷ്യറി എൻക്വയറി ജസ്റ്റിസ് സുരേഷിന്റെ നേതൃത്വത്തിൽ നടന്നു. ജസ്റ്റിസ് ശംസുദ്ദീന്റെ നേതൃത്വത്തിലാണ് പീപ്പിൾസ് ജുഡീഷ്യറി എൻക്വയറിക്ക് സഹായം നൽകിയത്. ഈ റിപ്പോർട്ട് സ്വതന്ത്രമായിരുന്നു. 
ദേശീയ ബാലാവകാശ കമ്മീഷനാണ് മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവും റിപ്പോർട്ടും നടത്തിയ മറ്റൊരു വിഭാഗം. പൂർണിമ അദ്വാനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ വനിതാ കമ്മീഷനും കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ നിഷ്പക്ഷമോ സ്വതന്ത്രമോ ആയ അന്വേഷണങ്ങളെയെല്ലാം ഭരണകൂട പക്ഷ അന്വേഷണങ്ങൾ അട്ടിമറിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിനോ കുടിയിറക്കപ്പെട്ട ആദിവാസികൾക്കോ നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും ഇതോടൊപ്പം ചേർത്തു വായിക്കണം. എ കെ ആന്റണി പറയുന്ന ഒരു കാര്യം മാത്രമാണ് ശരി, അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏറ്റെടുത്ത ഭൂമിയും പുനരധിവാസ പദ്ധതികളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. എങ്കിലും അത് ദുർബലപ്പെടുത്താൻ മറ്റ് ഭരണപരമായ കാരണങ്ങളോടൊപ്പം മുത്തങ്ങയിലെ പൊലീസ് നടപടി കൂടി കാരണമായി എന്ന വസ്തുതയും കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. 

മുത്തങ്ങ സമരത്തിന് ശേഷം കേന്ദ്ര സർക്കാർ വനഭൂമി വിട്ടുനൽകാൻ തയ്യാറായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോത്രമഹാസഭ വനഭൂമിയിൽ കുടിൽകെട്ടി സമരത്തിന് മുൻകൈ എടുക്കാതിരുന്നത്. ഇതുചൂണ്ടിക്കാട്ടിയാണ് മുത്തങ്ങയ്ക്ക് ശേഷം വനഭൂമിയിലേക്ക് ആദിവാസികൾ കയ്യേറ്റം നടത്തി സമരം നടത്തിയില്ലെന്ന് അധികാരികൾ പറയാൻ ശ്രമിക്കുന്നത്. 

മുത്തങ്ങ സമരവും വെടിവെയ്പും നടന്ന വയനാട്ടിൽ പോലും ഭൂവിതരണം അട്ടിമറിക്കപ്പെടുകയായിരുന്നു. വയനാട്ടിൽ ഭൂരഹിതർക്ക് നൽകേണ്ട ഏകദേശം 4500 ഏക്കർ ഭൂമിയുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘടനകളും പല പദ്ധതികൾക്കായി സർക്കാരും കയ്യേറ്റം നടത്തി. വെറ്ററിനറി സർവകലാശാല, കിർത്താഡ്‌സ് മ്യൂസിയം തുടങ്ങിയ പദ്ധതികൾക്കായി സർക്കാർ കണ്ടെത്തിയത് ഈ ഭൂമിയായിരുന്നു. മുത്തങ്ങ സംഭവത്തെക്കുറിച്ചും ആദിവാസി ഭൂപ്രശ്‌നത്തെ സംബന്ധിച്ചും സത്യസന്ധമായ ധവളപത്രം പുറത്തുവിടാനുള്ള ജനാധിപത്യ മര്യാദയാണ് രാഷ്ട്രീയ സമൂഹം പ്രകടിപ്പിക്കേണ്ടത്.  

മുത്തങ്ങയിലെസമരകാലത്ത്

മുത്തങ്ങ സമരം ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായി എന്നു പറയുമ്പോൾ എന്തുക്രമസമാധാന പ്രശ്‌നമാണ് ഉണ്ടാക്കിയതെന്നും കൂടി വിശദമാക്കേണ്ടതുണ്ട്. സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പരിസ്ഥിതി സംഘടനകളാണ് ഇക്കാര്യങ്ങൾ ആദ്യം മുതലേ ആരോപിച്ചത്. നൂൽപ്പുഴ പഞ്ചായത്തിലും സുൽത്താൻ ബത്തേരി പ്രദേശത്തും ഹർത്താലുകൾ പ്രഖ്യാപിച്ചും ആദിവാസികളെ ഭീഷണിപ്പെടുത്തിയും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് അവർ തന്നെയായിരുന്നു, സമരത്തിലുണ്ടായിരുന്ന ആദിവാസികളോ ഗോത്രമഹാസഭയോ ആയിരുന്നില്ല.

ഇന്ത്യയിലെ വനഭൂമിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള സെൻട്രൽ എംപവേർഡ് കമ്മിറ്റിയിൽ അക്കാലത്ത് ഉദ്യോഗസ്ഥനായിരുന്ന മലയാളിയായ വിവേക് മേനോനെ സ്വാധീനിച്ച് പരിസ്ഥിതി ലംഘനമുണ്ടാക്കുന്നുവെന്ന കത്ത് സംഘടിപ്പിച്ചാണ് സുൽത്താൻ ബത്തേരിയിലെ പരിസ്ഥിതി സംഘടനകൾ ആദിവാസി സമരത്തിനെതിരെ തിരിഞ്ഞത്. ഇത്തരത്തിൽ ഒരു കത്തിന് യാതൊരു നിയമപ്രാബല്യവുമില്ലെന്നതാണ് സത്യം. 

2003 ഫെബ്രുവരി 17-ന് മുത്തങ്ങയിൽ നടന്ന തീപിടിത്തമാണ് സംഭവങ്ങൾക്കെല്ലാം തുടക്കമിട്ടത്. ഇത്തരത്തിൽ തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് അന്വേഷണം നടന്നിട്ടില്ല. മുത്തങ്ങയിലുണ്ടായ തീപിടിത്തത്തിൽ ചിലരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അവർ കൗണ്ടർ ഫയർ (കാട്ടിൽ തീപിടിത്തമുണ്ടായാൽ അത് നിയന്ത്രിച്ച് പടരുന്നത് തടയാൻ തീയിടുന്ന രീതി) ചെയ്തതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അക്കാര്യം വിശദമായ അന്വേഷണത്തിലേക്ക് പോയില്ല. ആനപ്പിണ്ഡം, ഇന്ധനം എന്നിവ ഉപയോഗിച്ച് വനത്തിൽ തീപിടിത്തമുണ്ടാക്കിയെന്ന് സംശയിക്കുന്ന റിപ്പോർട്ടുകൾ മുത്തങ്ങ വെടിവെയ്പിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പത്രങ്ങളിൽ ഫോട്ടോ ഉൾപ്പെടെ വാർത്ത വന്നിരുന്നു. മുത്തങ്ങ വെടിവെയ്പിന് മുമ്പുള്ള ദിവസങ്ങളിൽ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ പത്രങ്ങൾ മുൻകൈ എടുത്തിരുന്നുവെങ്കിൽ മുത്തങ്ങ സംഭവത്തിന്റെ ഗതിതന്നെ മാറുമായിരുന്നു. 

ഭൂവിതരണം അട്ടിമറിച്ചത് അന്നത്തെ വനംമന്ത്രി

എ കെ ആന്റണി മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരന് ആദിവാസി ഭൂവിതരണം അട്ടിമറിക്കുന്നതിൽ വലിയ പങ്കുണ്ട്. സി പി എമ്മിലെ ചിലരുമായി ഇക്കാര്യത്തിൽ അദ്ദേഹം യോജിച്ചു പ്രവർത്തിച്ചു. ആദിവാസികൾക്ക് വനം പതിച്ചു കൊടുക്കുന്നതിൽ കെ സുധാകരന് യാതൊരു താത്പര്യവും ഇല്ലായിരുന്നു. മതികെട്ടാനിലും മുത്തങ്ങയിലുമൊക്കെ കെ സുധാകരന്റെ എതിർപ്പ് പ്രകടമായിരുന്നു. മുത്തങ്ങ സമരമാണ് സി പി എം ആദിവാസി സംഘടന രൂപീകരിക്കുന്നിലേക്കും നയിച്ചത്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ആദിവാസികൾ പാർട്ടിയിൽ നിന്നും അകലുന്നു എന്ന തോന്നൽ സി പി എമ്മിനുമുണ്ടായിരുന്നു. ഇതാണ് കെ സുധാകരൻ സി പി എം നേതൃത്വങ്ങൾ തമ്മിലുള്ള 'ചേർച്ച'യ്ക്ക് നിമിത്തമായത്. ഇവരോടൊപ്പം ചില ഉദ്യോഗസ്ഥർ കൂടി കൂട്ടുനിന്നതോടെ ആദിവാസികൾ വഞ്ചിക്കപ്പെടുകയായിരുന്നു. 

മുത്തങ്ങയിൽ ആദിവാസികൾ കുടിൽകെട്ടി സമരം ചെയ്യുമ്പോൾ അധികാരികളിലെ ചിലർക്ക് അവിടെ കണ്ണുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ മുത്തങ്ങയും പട്ടികയിൽപ്പെടുത്തിയിരുന്നുവെന്നൊക്കെ അറിഞ്ഞത് പിന്നീടായിരുന്നു. വനംമന്ത്രി കെ സുധാകരന് ഇതിലൊക്കെ പ്രത്യേക താത്പര്യങ്ങളുണ്ടായിരുന്നു.
ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകണമെന്ന് അതിയായി ആഗ്രഹിച്ച നിരവധി ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിലുണ്ടായിരുന്നുവെന്നതും അവർ ഭൂമി ലഭ്യമാക്കാൻ ആത്മാർഥമായി പരിശ്രമിച്ചിരുന്നു എന്ന കാര്യവും മറക്കുന്നില്ല. 

ആദിവാസികളുടെ ലോകം

മുത്തങ്ങയിൽ കുടിൽകെട്ടി സമരം നടത്തുന്നിന് മുമ്പ് 2002 ഓഗസ്റ്റിൽ മാനന്തവാടിയിൽ ട്രൈബൽ കോടതി ചേർന്ന് വനം വകുപ്പിനെ വിചാരണ ചെയ്തിരുന്നു. ട്രൈബൽ കോടതി ചേർന്നപ്പോൾ മൂവായിരത്തിലേറെ ആദിവാസികളാണ് മാനന്തവാടിയിൽ പങ്കെടുത്തത്. 
മുത്തങ്ങയിൽ കുടിൽകെട്ടിയ കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻപോലും അതുവഴി വന്നിട്ടില്ല. പൊടിപ്പും തൊങ്ങലുംവച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്ന റിപ്പോർട്ടുകളായിരുന്നു സർക്കാരിൽ എത്തിയിരുന്നത്. 

പൊലീസുകാരൻ വിനോദിന്റെ മരണവും അന്വേഷിക്കണം

മുത്തങ്ങ ആക്ഷനിൽ പങ്കെടുത്ത കണ്ണൂർ കെ എ പി ബറ്റാലിയനിലെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന കാര്യവും അന്വേഷിക്കണം. ആദിവാസികൾ വിനോദിനെ കൊല്ലപ്പെടുത്തിയെന്നാണ് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണകാരണം കാൽമുട്ടിന് സമീപത്തുണ്ടായ മുറിവിലെ രക്തസ്രാവമാണെന്നാണ് അറിയുന്നത്. അതെങ്ങനെ വന്നുവെന്ന് അറിയേണ്ടതുണ്ട്. പരിക്കേറ്റ വിനോദിനേയും തളർന്ന മറ്റു പൊലീസുകാരേയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായം ചെയ്തവരാണ് ആദിവാസികൾ. 
മുത്തങ്ങ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും കൃത്യത വരുത്തണം. വെടിവെയ്പ് നടന്ന ദിവസം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് നാലുപേർ കൊല്ലപ്പെട്ടുവെന്നാണ്. എന്നാൽ പിന്നീടത് ഒരാൾ മാത്രമായി. മറ്റു മൂന്നുപേർ ആരാണെന്ന കാര്യം സർക്കാരാണ് വ്യക്തമാക്കേണ്ടത്.

മുത്തങ്ങയ്ക്ക് ശേഷം ജയിലിൽ കിടക്കവേ തന്നേയും ജാനുവിനേയും സമീപിച്ച് ഫാ. തേരകൻ മൂന്ന് ഫോട്ടോകൾ കാണിച്ചിരുന്നു. അവരെ അറിയുമോ എന്നായിരുന്നു ചോദ്യം. ഈ മൂന്നുപേരെ തനിക്കോ ജാനുവിനോ അറിയില്ലായിരുന്നു. അവരുടെ രൂപത്തിന് ആദിവാസികളുമായി സാദൃശ്യം തോന്നിയതുമില്ല. ആരാണ് ആ ഫോട്ടോയിലുണ്ടായിരുന്ന മൂന്നുപേരെന്ന കാര്യവും അന്വേഷണ വിധേയമാക്കണം. 
തുല്യശക്തികൾ തമ്മിലാണ് മുത്തങ്ങയിൽ പോരാട്ടം നടത്തിയെന്ന രീതിയിലാണ് അക്കാലത്ത് മാധ്യമങ്ങൾ ചിത്രങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചത്. ആയുധ ധാരികളും നക്‌സൽ പ്രസ്ഥാനങ്ങളോട് ബന്ധങ്ങളുള്ളവരുമാണ് മുത്തങ്ങയിൽ കുടിൽകെട്ടിയ ആദിവാസികളെന്നും പ്രചരിപ്പിക്കപ്പെട്ടു. 

വിദ്യാഭ്യാസമാണ് വഴി

ആദിവാസി വിഭാഗത്തിലെ പുതിയ തലമുറയിലുള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് മുമ്പിലുള്ള മാർഗ്ഗം. ഓരോ വർഷവും 60 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികൾ നടത്തുന്നുണ്ട്. അവർ ഉയർന്നുവരുന്നതോടെ പിന്നാക്കാവസ്ഥയ്ക്കും ചൂഷണത്തിനുമൊക്കെ അറുതി വരുമെന്ന പ്രതീക്ഷയുണ്ട്.

നരിവേട്ടയുംസി കെ ജാനുവും

എന്തൊക്കെ പറഞ്ഞാലും ആദിവാസി സമരങ്ങളുടെ അക്കാലത്തെ മുഖം സി കെ ജാനു തന്നെയായിരുന്നു. അവർ പിന്നീട് ബി ജെ പി പക്ഷത്തേക്ക് പോവുകയും ഇപ്പോൾ ബി ജെ പി ബന്ധം ഉപേക്ഷിക്കുകയുമൊക്കെ ചെയ്തത് ആദിവാസി മുന്നേറ്റത്തെ പിറകോട്ടടിപ്പിച്ചിട്ടുണ്ട്. പല സമരങ്ങളിലൂടെ ആദിവാസികൾക്ക് നേടിയെടുക്കാനായ പുരോഗതിയെ പത്ത് വർഷമെങ്കിലും പിന്നോട്ടടിപ്പിക്കുന്നതായിരുന്നു സി കെ ജാനുവിന്റെ ബി ജെ പി ബന്ധം.

'നരിവേട്ട' സിനിമ ആദ്യദിവസം തന്നെ ആദിവാസി യുവാക്കളോടൊപ്പം കണ്ടിരുന്നു. പല കാര്യങ്ങളിലും ആ സിനിമയോട് വിയോജിപ്പുണ്ട്. പ്രത്യേകിച്ച് ഒരു പൊലീസുകാരന്റെ കണ്ണിലൂടെയാണ് ആ സിനിമ പുരോഗമിക്കുന്നത്. എങ്കിലും രണ്ട് പതിറ്റാണ്ടു മുമ്പു നടന്ന മുത്തങ്ങയിലെ നരനായാട്ടിനെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിൽ ആ സിനിമ പങ്കുവഹിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.