
ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി ഫോണിലൂടെ തന്നെ മുത്തലാഖ് ചൊല്ലിയെന്നാണ് ഇയാളുടെ ഭാര്യയുടെ പരാതി. കഴിഞ്ഞ ദിവസമാണ് വീരാൻകുട്ടി യുവതിയുടെ പിതാവിനെ വിളിച്ച് മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചത്.
രണ്ട് വർഷം മുമ്പാണ് വീരാൻകുട്ടി യുവതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം വീരാൻകുട്ടി ഭാര്യയെ കാണാൻ പോയിട്ടില്ല.
യുവതിക്ക് മുമ്പ് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കിയെങ്കിലും അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാൻകുട്ടി തീരുമാനിച്ചതെന്നാണ് വിവരം. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാൾ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു. എന്നാൽ യുവതിയുടെ മുപ്പത് പവൻ സ്വർണാഭരണം തിരിച്ചുനൽകിയില്ല.വനിതാ കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.











