11:37am 28 July 2026
NEWS
കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് മരുമക്കൾ അറസ്റ്റിൽ
26/07/2026  08:34 AM IST
nila
കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് മരുമക്കൾ അറസ്റ്റിൽ

തിരുനാവായ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്‌ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുസ്തഫയുടെ സഹോദരിയുടെ മക്കളായ സൽമാൻ ഫാരിസ് (27), സക്കീർ ഹുസൈൻ (23), സൈനുൽ ആബുദീൻ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ മുസ്തഫയും സഹോദരൻ അബ്ദുള്ളയും ബൈക്കിൽ വീട്ടിൽനിന്ന് പുറത്തേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ബൈക്കിന് തീകൊളുത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു.

സക്കീർ ഹുസൈനാണ് മുസ്തഫയെ കുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹൃദയത്തിലും കഴുത്തിലുമേറ്റ ഗുരുതര മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ സഹോദരൻ അബ്ദുള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതികളും കൊല്ലപ്പെട്ട മുസ്തഫയും തമ്മിൽ കുടുംബവഴക്കിനെ തുടർന്ന് നേരത്തെയും നിരവധി തവണ സംഘർഷമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മുസ്തഫയെ ആക്രമിച്ച കേസിൽ പ്രതികളായിരുന്ന ഈ മൂന്ന് സഹോദരങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്നും കല്പകഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. രാജേഷ് അറിയിച്ചു.

മുസ്തഫയുടെ ഭാര്യ സബിതയാണ്. മക്കൾ: മുഹ്സിൻ, നിഷാദ്, റിൻഷ, റിഫ്ന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img