12:19pm 20 April 2026
NEWS
മുസ്ലിമുകൾ കർണാടകത്തിലെ കോൺഗ്രസ്സിൽ നിന്നകലുന്നു; ഡി കെ ശിവകുമാറുമായി ചർച്ച നടത്തി സതീഷ് ജാർക്കിഹോളി
20/04/2026  10:53 AM IST
വിഷ്ണുമംഗലം കുമാർ
മുസ്ലിമുകൾ കർണാടകത്തിലെ കോൺഗ്രസ്സിൽ നിന്നകലുന്നു; ഡി കെ ശിവകുമാറുമായി ചർച്ച നടത്തി സതീഷ് ജാർക്കിഹോളി

 ദാവൺഗെരെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് മുസ്ലിം നേതാക്കൾ വിട്ടുനിന്നത് കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിന് ആ സ്ഥാനം നഷ്ടപ്പെട്ടു. ദാവൺഗെരെ സ്വദേശിയായ അബ്ദുൾ ജബ്ബാർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു.  നസീർ അഹമ്മദും അബ്ദുൾ ജബ്ബാറും എം എൽ സി മാരാണ്. 2004 ൽ ചെറുകിട വ്യവസായ മന്ത്രിയായിരുന്നു നസീർ അഹമ്മദ്. ഹൈക്കമാണ്ടിന്റെ കൂടി താല്പര്യപ്രകാരമാണ് ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെ സിദ്ധരാമയ്യ ദാവൺഗെരെ സൗത്തിൽ സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലത്തിൽ മുസ്ലിങ്ങൾ പ്രബലശക്തിയാണ്. മുസ്ലിങ്ങളുടെ കൂടി വോട്ടുകൊണ്ടാണ് 2023 ൽ ശിവശങ്കരപ്പ 27888 വോട്ടുകൾക്ക് വിജയിച്ചത്. ശിവശങ്കരപ്പ മരണമടഞ്ഞ സാഹചര്യത്തിൽ ഒരു മുസ്ലിമിനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു മുസ്ലിം നേതാക്കളുടെ ആവശ്യം. അത് നടന്നില്ല. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ്സിലെ മുസ്ലിം നേതാക്കൾ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. മുസ്ലിംകൾ പലരും എസ്‌ ഡി പി ഐയ്ക്കും മുസ്ലിമുകളായ സ്വതന്ത്രസ്ഥാനാർത്ഥികൾക്കുമാണ് വോട്ടുചെയ്തത് എന്ന വിവരം കോൺഗ്രസ്സ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷപദവിയും വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള ശീതസമരം ഇതിന്റെ പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണ് പുറത്താക്കപ്പെട്ടത്. എന്നാൽ സിദ്ധരാമയ്യ അതേപ്പറ്റി മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ വിശ്വസ്തനും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി ശിവകുമാറെ കണ്ട് ചർച്ച നടത്തിയിരുന്നു. അബ്ദുൾ ജബ്ബാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് അദ്ദേഹം ശിവകുമാറിനോട് ആവശ്യപ്പെട്ടത്. മുസ്ലിങ്ങൾ അകന്നാൽ 2028 ലെ തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് അദ്ദേഹം ശിവകുമാറിന്റെ ശ്രദ്ധയിൽ പെടുത്തി. തീരുമാനം ഹൈ ക്കമാണ്ടിന്റേതാണെന്നാണ് ശിവകുമാർ മറുപടി നൽകിയത്. ശിവകുമാർ ഒഴിയുമ്പോൾ പിസിസി അധ്യക്ഷനാകാനും അതുവഴി മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴി ഭദ്രമാക്കാനും വേണ്ടി ശ്രമിക്കുന്ന നേതാവാണ് ജാർക്കിഹോളി. ബെളഗാവി രാഷ്ട്രീയത്തിലെ അതികാ യനായ സതീഷ് ജാർക്കിഹോളിയും ശിവകുമാറും തമ്മിൽ നല്ല ബന്ധമല്ല നിലനിൽക്കുന്നത്. എന്നിട്ടും ശിവകുമാറിനെ കാണാൻ ജാർക്കിഹോളി തയ്യാറാവുകയായിരുന്നു. അഹിന്ദ നേതാവാണ് ജാർക്കിഹോളി. ദാവൺഗെരെയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ കോൺഗ്രസ്സ് നേതൃത്വവും മുസ്ലിം നേതാക്കളും തമ്മിലുള്ള ബന്ധം വഷളാകുമെന്നുറപ്പാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img