03:47am 18 September 2026
NEWS
മുസ്ലീം രാഷ്ട്രീയവും കേരളവും നിലമ്പൂരിന് മുമ്പും ശേഷവും ...
25/07/2025  09:37 PM IST
രാഷ്ട്രീയലേഖകൻ
മുസ്ലീം രാഷ്ട്രീയവും കേരളവും നിലമ്പൂരിന് മുമ്പും ശേഷവും ...

ക്രിസ്തുവിന് മുമ്പും ശേഷവും എന്നതരത്തിലാണ് പൊതുവേ ചരിത്രത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്നത്. എന്നാൽ സമകാലിക കേരള രാഷ്ട്രീയസാഹചര്യങ്ങളിലേക്ക് വന്നാൽ നിലമ്പൂരിന് മുമ്പും ശേഷവും എന്ന തരത്തിലാകും ചില അടയാളപ്പെടുത്തലുകൾ കാണാൻ സാധിക്കുക. അതായത് കേരളത്തിലെ പ്രബല മുന്നണികൾ അടുത്തിടെയായി മുന്നോട്ടുവെയ്ക്കുന്ന സാമൂഹ്യരാഷ്ട്രീയ സമവാക്യങ്ങൾ (സോഷ്യോ പൊളിറ്റിക്കൽ ഇക്വേഷൻസ്) നിലമ്പൂർ തിരഞ്ഞെടുപ്പിന് മുമ്പെന്തായിരുന്നു, ശേഷം എന്താകും എന്ന തരത്തിലേക്കാണ് ചിന്തകൾ വഴിമാറുന്നത് എന്നുസാരം. ഇരുധ്രുവ കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ ഇന്നും സജീവമായി നിലനിൽക്കുന്നത്. ബി.ജെ.പി. മുന്നോട്ടുവെയ്ക്കുന്ന എൻ.ഡി.എ. കേരളത്തിൽ ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും, അതിനെ ഒരു രാഷ്ട്രീയബദൽ എന്ന നിലയിലേക്ക് ഉയർത്തിക്കാട്ടാനുള്ള വളർച്ചയോ വികാസമോ ഇപ്പോഴും ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ നേർക്കുനേർ നിൽക്കുന്നതു പ്രബല മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫുമാണ്. 

നിലമ്പൂരിൽ മത്സരിക്കാനിറങ്ങിയ പ്രമുഖർക്കെല്ലാം ജയിച്ചേ മതിയാകൂ എന്നത് നിർബന്ധമായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം ആ ലേബലിൽ 2016 ൽ മത്സരിക്കാനിറങ്ങിയ ആര്യാടൻ ഷൗക്കത്ത് ഒരിക്കൽ തോൽവിയുടെ കയ്പ് അറിഞ്ഞതാണ്. ഇനിയൊരു തോൽവികൂടി നേരിട്ടാൽ തന്റെ രാഷ്ട്രീയഭാവി അവിടെ തീർന്നു എന്ന് ആര്യാടന് അറിയാമായിരുന്നു. അതുപോലെ തന്നെയാണ് ഇടതുസ്ഥാനാർത്ഥി എം. സ്വരാജിന്റെ കാര്യവും. 2021 ൽ തൃപ്പൂണിത്തുറയിൽ തോറ്റ സ്വരാജിനെ ഇക്കുറി പാർട്ടി പരീക്ഷിച്ചത് സ്വന്തം ജൻമനാട്ടിലാണ്. അവിടെ വീണാൽ പിന്നൊരു തിരിച്ചുവരവ് ഏറെക്കുറേ അസാദ്ധ്യമാണെന്നുതന്നെ പറയാം. ഇക്കുറി തിരഞ്ഞെടുപ്പിന് ഈ രണ്ടുകൂട്ടരേയും കളത്തിലിറക്കിയപ്പോൾ അതാത് മുന്നണികൾ ജയിക്കാൻ വേണ്ടി തന്നെയാണ് കരുക്കൾ നീക്കിയത്. അതിനായി അവർ പ്രയോഗിച്ച സാമൂഹ്യ-രാഷ്ട്രീയ തന്ത്രങ്ങളാണ് ഇവിടെ പരിഗണനാവിഷയം. 

തിരഞ്ഞെടുപ്പ് സമയത്ത് ആര് എന്ത് പിന്തുണ പ്രഖ്യാപിച്ചാലും ഒരു മുന്നണിയും, അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയും വേണ്ടെന്ന് പറയില്ല. കാരണം ജയം അവരുടെ മാത്രം ആവശ്യമാണല്ലോ. ഇക്കുറി യു.ഡി.എഫിന് പരസ്യപിന്തുണയുമായി രംഗത്തുവന്നത് ജമാഅത്തെ ഇസ്ലാമി എന്ന മതസംഘടന പ്രൊമോട്ട് ചെയ്യുന്ന വെൽഫെയർ പാർട്ടിയാണ്. അവർ സംഘടിതശക്തിയൊന്നുമല്ലെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം ചില കേന്ദ്രങ്ങളിൽ അവർക്ക് അവരുടേതായ വോട്ടുബാങ്കുണ്ട്. മാത്രമല്ല ഇസ്ലാംമതവിശ്വാസികളെ തങ്ങളുടെ കാഴ്ചപ്പാടിന് അനുകൂലമായി തിരിച്ചുവിടാൻ സാധിക്കുന്ന ശക്തമായ മാധ്യമസംവിധാനങ്ങൾ അവർക്ക് സ്വന്തമായുണ്ട്. 'മാധ്യമം' ദിനപത്രവും മീഡിയ വൺ ചാനലും തന്നെയാണ് അവരുടെ പ്രബല ആയുധം. അതായത് മുസ്ലീങ്ങൾക്കിടയിൽ ജമാഅത്തെക്കാർ ന്യൂനപക്ഷമാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാംമതവിശ്വാസികളെ സ്വാധീനിക്കാനും അവരുടെ ചിന്തകളെ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിന് അനുസൃതമായി തിരിച്ചുവിടാനും ജമാഅത്തെയ്ക്ക് സാധിക്കുമെന്ന് സാരം. ഈ സാഹചര്യത്തിൽ ജമാഅത്തെയെ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നത് മാത്രമാണ് യു.ഡി.എഫിന് മുന്നിലുള്ള പോംവഴി. 

2016 ൽ ഇതേ ജമാഅത്തെ ഇസ്ലാമി തന്നെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായി നിലകൊണ്ടതും, പിണറായി വിജയന്റെ വിജയന്റെ വിജയത്തിനായി അച്ചുനിരത്തിയതും. ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് വെൽഫെയർപാർട്ടിയുടെ ആഭിമുഖ്യത്തിൽ ഒരുപകൽ മുഴുവൻ സെക്രട്ടറിയേറ്റ് വളഞ്ഞ് ഉപരോധസമരംപോലും സംഘടിപ്പിച്ചിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം പിണറായി വിജയനുമായി സമരസപ്പെടാത്ത ജമാഅത്തെ ഇസ്ലാമിക്കാർ യു.ഡി.എഫ്. ബാന്ധവത്തിനായി പുറപ്പെടുകയും, അവർ അത് സർവ്വാത്മനാ സ്വീകരിക്കുകയും ചെയ്തു. നിലമ്പൂരിൽ യു.ഡി.എഫ്. നേടിയതോടെ ഇനി ജമാഅത്തെയ്ക്ക് സ്വീകാര്യത കൂടും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ ഭാവിയിൽ യു.ഡി.എഫ്. മന്ത്രിസഭയിൽ ജമാഅത്തെക്കാരനായ ആൾക്ക് മന്ത്രിസ്ഥാനം ലഭിച്ചാൽപ്പോലും അത്ഭുതപ്പെടേണ്ടതില്ല. ബി.ജെ.പി, ആർ.എസ്.എസ് തേരോട്ടം തടയാൻ ജമാഅത്തെക്കാരെ കൂട്ടുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസ്സിന്റെ വാദം. 
എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്നത് രണ്ട് അപകടങ്ങളാണ്. അതിൽ പ്രധാനം ജമാഅത്തെ മുന്നോട്ടുവെയ്ക്കുന്ന മതരാഷ്ട്രവാദമാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ സെയ്ദ് അബ്ദുല്ല മൗദൂദി ഇസ്ലാമികരാഷ്ട്രവാദത്തിന്റെ പ്രയോക്താവായിരുന്നു. ഇസ്ലാമികരാജ്യത്തിനായി നിലകൊള്ളുന്നു എന്നുപറയുമ്പോൾ അവർക്ക് ശരിയത്ത് നിയമത്തിനപ്പുറം ഒന്നുമില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനത്തെ മൗദൂദി ഉൾപ്പെടെയുള്ള നേതാക്കൻമാർ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. എന്നാൽ ആ ലൈൻ തങ്ങൾ ഇന്ത്യയിൽ തുടരുന്നില്ല എന്നാണ് ജമാഅത്തെക്കാർ ഇപ്പോൾ പറയുന്നതെങ്കിലും അത് കേവലം നിലനിൽപ്പിന്റെ വാദമായി മാത്രമാണ് പൊതുവേ വിലയിരുത്തിക്കാണുന്നത്. 

ഇത് യു.ഡി.എഫിന്റെ മതനിരപേക്ഷമുഖത്തിന് എത്രത്തോളം അപകടം സൃഷ്ടിക്കും എന്നത് കാത്തിരുന്നുകാണേണ്ട വിഷയമാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിരുന്ന പരമ്പരാഗത ഹൈന്ദവ വോട്ടുബാങ്കിൽ ഇപ്പോൾ തന്നെ ശക്തമായൊരു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ആത്യന്തികമായി നോക്കിയാൽ അതുതന്നെയാണ് ബി.ജെ.പിയുടെ വളർച്ചയും. എന്നാൽ ജമാഅത്തെ പോലുള്ള പ്രസ്ഥാനങ്ങളെ ഔദ്യോഗികമായി യു.ഡി.എഫിലെടുക്കുമ്പോൾ ഇനിയുമെന്ത് നഷ്ടമാണ് ഹൈന്ദവവോട്ടുബാങ്കിൽ വരാനുള്ളത് എന്നതാണ് ഇവിടെ നിരീക്ഷിക്കേണ്ടത്. നിലമ്പൂരിലെ ഫോർമുല വിജയിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ജമാഅത്തെയുടെ അവകാശവാദം യു.ഡി.എഫ്. അംഗീകരിക്കുന്ന സാഹചര്യമാകും വന്നുഭവിക്കുക. 

അങ്ങിനെ സംഭവിക്കുമ്പോൾ മുന്നണിയിൽ രണ്ടാമനായ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ അവസ്ഥ എന്താകും എന്നതും ചിന്തനീയമാണ്. ഇപ്പോൾ തന്നെ ലീഗുമായി അത്ര രസത്തിലല്ലാത്ത സമസ്തനേതാക്കൻമാർ ജമാഅത്തെയെ എതിർപക്ഷത്ത് കാണുന്നവരാണ്. സുന്നിവിഭാഗം നേതാക്കൻമാരുടെ കാര്യവും ഏതാണ്ട് അങ്ങിനെ തന്നെ. അങ്ങിനെ വരുമ്പോൾ ലീഗിന്റെ രാഷ്ട്രീയഅസ്തിത്വം തന്നെ ചിലപ്പോൾ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള ലീഗിന്റെ ക്ലെയിമുകൾക്ക് ഇടിവ് വരാനുള്ള സാദ്ധ്യതയും കാണാതിരിക്കാനാകില്ല. ആത്യന്തികമായി ജമാഅത്തെയുടെ വരവ് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ എങ്ങിനെ ബാധിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.

കോട്ടങ്ങൾക്ക് വെള്ളപൂശുന്ന സി.പി.എം.

2024 പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എൽ.ഡി.എഫിന് വിശിഷ്യാ സി.പി.എമ്മിന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ലീഗ് തങ്ങൾക്കൊപ്പം വരും എന്നതായിരുന്നു ആ പ്രതീക്ഷ. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സാമാന്യം തരക്കേടില്ലാത്ത മുന്നേറ്റം കാഴ്ചവെച്ച സാഹചര്യത്തിൽ കോൺഗ്രസ്സിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് ലീഗിന് ബോധ്യമായി. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ 2026 ന് മുന്നേതന്നെ ലീഗ് മറുകണ്ടം ചാടി ഇടതുപാളയത്തിൽ എത്തുമായിരുന്നു. കാരണം തുടർച്ചയായി മൂന്നുടേം ലീഗിനെപ്പോലൊരു പാർട്ടിക്ക് പ്രതിപക്ഷത്തിരിക്കാൻ സാധിക്കില്ല എന്നതുതന്നെ. ഇത് മനസ്സിൽ കണ്ടിട്ടാണ് പാലാരിവട്ടംപാലം അഴിമതിക്കേസ് ഉൾപ്പെടെ പലതും പിണറായി സർക്കാർ ചവിട്ടിപ്പിടിച്ചത്. എന്നാൽ 2024 ലെ തിരഞ്ഞെടുപ്പുഫലം സാഹചര്യങ്ങൾ മാറ്റിമറിച്ചു. 

ലീഗ് വന്നാലും ഇല്ലേലും ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അവർ ലക്ഷ്യമിടുന്നത് തുടർച്ചയായ മൂന്നാംഭരണമാണ്. അതിന് ന്യൂനപക്ഷത്തിന്റെകൂടി പിന്തുണ അനിവാര്യമാണ്. തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത ഹൈന്ദവ വോട്ടുകൾ, വിശിഷ്യാ ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിയുന്നത് അവർ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരുഭാഗത്ത് ഈഴവരേയും മറുഭാഗത്ത് മുസ്ലീങ്ങളേയും ചേർത്തുപിടിച്ച് മാത്രമേ അവർക്ക് മുന്നോട്ടുപോകാൻ സാധിക്കൂ. ഗണ്യമായ ക്രൈസ്തവവോട്ടുകൾ മാണികോൺഗ്രസ്സിലൂടെ ഉറപ്പാണെന്ന് അവർ കരുതുന്നുമുണ്ട്. ഇവിടെ മുസ്ലീംവോട്ടുകൾ ഇടത്തോട്ട് കേന്ദ്രീകരിക്കാനുള്ള കുറുക്കുവഴി ആയിട്ടാണ് അവർ ലീഗിന്റെ വരവിനെ കണ്ടത്. എന്നാൽ അതടഞ്ഞതോടെ സി.പി.എം. പുതിയ തന്ത്രം മെനയുകയാണിപ്പോൾ. അതിന്റെ ആദ്യപടിയാണ് പി.ഡി.പിയുമായുള്ള ബാന്ധവം. 

പി.ഡി.പിയുടെ ജീവാത്മാവും പരമാത്മാവുമായ അബ്ദുൾനാസർ മഅ്ദിനി തീവ്രവാദക്കേസിൽ വിചാരണത്തടവുകാരനായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമല്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ പാർട്ടി സംവിധാനങ്ങൾ ചലിപ്പിച്ചുകൊണ്ടിരുന്നത് അടുത്ത അനുയായിയും വിശ്വസ്തനുമായ പൂന്തുറ സിറാജ് ആയിരുന്നു. സിറാജിന്റെ കാലശേഷം പി.ഡി.പിയുടെ അസ്തിത്വം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ പി.ഡി.പിയെ ഇടതിനൊപ്പം ചേർത്ത് ആ പാർട്ടിയെത്തന്നെ ഹൈജാക്ക് ചെയ്യാനാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. മഅ്ദിനി എന്ന പഴയ ഫയർബ്രാന്റ് ഇന്ന് രോഗശയ്യയിലാണെങ്കിലും അദ്ദേഹത്തിനോട് കൂറും ആദരവും പുലർത്തുന്ന വലിയൊരു ജനവിഭാഗം ഇന്നും കേരളസമൂഹത്തിലുണ്ട്. ഇത് മുതലെടുക്കുക എന്നതാണ് സി.പി.എമ്മിന്റെ തന്ത്രം. പി.ഡി.പിയെ മുന്നണിയിലെടുത്ത് സി.പി.എമ്മിന്റെ ഒരു ന്യൂനപക്ഷ വിഭാഗമായി അതിനെ മാറ്റിയെടുത്താൽ അതിലൂടെ സംഘടിത മുസ്ലീംവോട്ടുബാങ്കിൽ പിളർപ്പുണ്ടാക്കാനാകുമോ എന്നതാണ് സി.പി.എം. പരിശോധിക്കുന്നത്, അല്ലെങ്കിൽ പരീക്ഷിക്കുന്നത്.

അതിന്റെ ആദ്യപടി ആയിട്ടാണ് പി.ഡി.പി. വേട്ടയാടപ്പെട്ട പാർട്ടി എന്ന് നിലമ്പൂരിൽ അവർ പ്രഖ്യാപിച്ചത്. ഇവിടെ വേട്ടയാടപ്പെടുന്നവരെ രക്ഷിക്കാൻ തങ്ങൾ മാത്രം എന്ന ധ്വനി മുസ്ലീംസമൂഹത്തിന് പകർന്നുനൽകാനാണ് തത്പരകക്ഷികൾ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പണ്ട് പാർട്ടിസെക്രട്ടറി ആയിരുന്നപ്പോൾ ഇതേ ഫോർമുല പരീക്ഷിച്ചിരുന്നെങ്കിലും അന്ന് പാർട്ടിയിൽ പ്രബലനായിരുന്ന വി.എസ്. അച്യുതാനന്ദൻ അതിനെ എതിർത്തു. മഅ്ദിനിയുമായി പിണറായി വേദി പങ്കിട്ടതൊക്കെ വലിയ വിവാദമായത് ഈ സാഹചര്യത്തിലായിരുന്നു. എന്നാൽ ഇന്ന് വി.എസ്. ഒരു ഫാക്ടറല്ലാതായതോടെ കാര്യങ്ങൾ പിണറായിക്ക് അനുകൂലമാണ്. സി.പി.എമ്മിലെ വളർന്നുവരുന്ന ബി കാറ്റഗറി മുസ്ലീം നേതാക്കൻമാരിൽ ഒരുവിഭാഗത്തെ പി.ഡി.പിയിലൂടെ വളർത്തി ആ പാർട്ടിയെ പൂർണ്ണമായും ഹൈജാക്ക് ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ടീം പിണറായി നടത്തിക്കൊണ്ടിരിക്കുന്നതത്രേ.  

സ്‌കൂൾ സമയക്രമീകരണ വിഷയത്തിലും സൂംബാഡാൻസ് വിഷയത്തിലുമൊക്കെ സർക്കാരുമായി കൊമ്പുകോർത്തുനിൽക്കുന്ന ഇതരമുസ്ലീം സംഘടനകൾ ഉയർത്തുന്ന ഭീഷണി മറികടക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവർ കരുതുന്നുണ്ട്. എന്നാൽ നിലമ്പൂരിൽ പി.ഡി.പി. ബാന്ധവം അത്രകണ്ട് ഏശാത്ത സാഹചര്യത്തിൽ ഇനിയങ്ങോട്ട് എങ്ങിനെ എന്ന ചോദ്യവും ചില കേന്ദ്രങ്ങളിൽനിന്നും ഉയരുന്നുണ്ട്. മഅ്ദിനിയുടെ കാലംകഴിഞ്ഞെന്നും അദ്ദേഹത്തിന് ഇനി പഴയതരംഗം സൃഷ്ടിക്കാനാകുമോ എന്നചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. ഇവിടെ മഅ്ദനി വേണ്ട മഅ്ദിനി എന്ന വികാരവും സംഘപരിവാർവിരുദ്ധ അജണ്ടയും മുന്നോട്ടുവെച്ചാൽ നേട്ടം കൊയ്യാനാകും എന്നതാണ് മറുവാദം. നിലമ്പൂരിൽ പരാജയപ്പെട്ടത് പി.ഡി.പി. സമവായ ഫോർമുല മാത്രമല്ല, മറിച്ചവിടെ ഇതര രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളും ഇടതിന്റെ തോൽവിക്ക് കാരണമായിട്ടുണ്ട്. അതിൽ പ്രധാനം പി.വി. അൻവർ പിടിച്ച വോട്ടുകൾ തന്നെയാണ്. എന്നാലത് പരസ്യമായി സമ്മതിക്കുന്നത് നാണക്കേടായതുകൊണ്ട് അതേക്കുറിച്ച് മിണ്ടുന്നില്ലെന്ന് മാത്രം. 

2026 ന് മുന്നോടിയായി പി.ഡി.പിയെ ഉയർത്തിക്കൊണ്ടുവന്നാൽ അതിലൂടെ നഷ്ടമായ മുസ്ലീം അനുഭാവ ഇമേജ് തിരികെപ്പിടിക്കാനാകുമെന്നും ലീഗും ജമാഅത്തെയും ഉയർത്തുന്ന പ്രതിസന്ധിയെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൂട്ടുന്നു. എന്നാൽ ഏതൊരുനാണയത്തിനും രണ്ടുവശം ഉണ്ടെന്ന് പറയുന്നതുപോലെ ഇവിടെയും ചില വൈതരണികൾ അവർക്കുമുന്നിലുണ്ട്. അതിൽ പ്രധാനം ഹൈന്ദവവോട്ടുകൾ അകലുമോ എന്ന ആശങ്ക തന്നെയാണ്. ജമാ അത്തെയെ കൂട്ടുപിടിക്കുമ്പോൾ യു.ഡി.എഫ്. നേരിടുന്ന അതേ പ്രതിസന്ധി പി.ഡി.പി. ബാന്ധവത്തിലൂടെ നാളെ എൽ.ഡി.എഫിനും വന്നുകൂടായ്കയില്ല. മാത്രമല്ല എൽ.ഡി.എഫിൽ രണ്ടാമനായ സി.പി.ഐക്ക് എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പ് സൃഷ്ടിച്ചാൽ അതും തിരിച്ചടിയാണ്. യു.ഡി.എഫിൽ ഇത്തരം പ്രതിസന്ധി ഉയർത്തുന്നത് അവിടെ രണ്ടാമൻമാരായ ലീഗാണ്. 

സി.പി.എം. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പരമ്പരാഗത ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിയുന്നു എന്നതാണ്. അതൊഴിവാക്കാനാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിണറായി കൂടെ നിർത്തിയിരിക്കുന്നത്. മകൻ തുഷാർ എൻ.ഡി.എ. ക്യാമ്പിൽ തുടരുമ്പോഴും പിണറായിയും കൂട്ടരും അദ്ദേഹത്തിനെതിരെ ഒരക്ഷരം മിണ്ടാറില്ല. വെള്ളാപ്പള്ളി പ്രതിസ്ഥാനത്ത് നിൽക്കുന്ന മൈക്രോഫിനാൻസ് തട്ടിപ്പുകേസുകൾ പലതും ഇന്ന് ആവിയായിപ്പോയതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. വസ്തുതകൾ ഇങ്ങിനൊക്കെയാണെങ്കിലും നാളെ ഈഴവരുടെ അനുഭാവം യു.ഡി.എഫ്. അല്ലേൽ ബി.ജെ.പി. പാളയത്തിലേക്ക് പൂർണ്ണമായി മാറിയാൽ ക്രമേണ വെള്ളാപ്പള്ളിയും ചുവടുമാറ്റും. അതിനുള്ള മൂലകാരണമായി പി.ഡി.പി. ബാന്ധവം മാറില്ല എന്ന് തറപ്പിച്ച് പറയാനും സാധിക്കില്ല. ഇടതുമുന്നണിക്ക് മൂന്നാം ടേം ലഭിക്കുമ്പോൾ അതിന്റെ അമരത്ത് പിണറായി അല്ലാതെ മറ്റേത് നേതാവ് വന്നാലും വെള്ളാപ്പള്ളി തിരിഞ്ഞുകുത്തും എന്നതും ഏറെക്കുറേ ഉറപ്പാണ്. അതുകൊണ്ടുതന്നെ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പി.ഡി.പി. ബാന്ധവം ഇരുതലമൂർച്ചയുള്ള വാള് തന്നെയാണ്. ഏതായാലും നിലമ്പൂർ തിരഞ്ഞെടുപ്പിന് ശേഷം ഇനിയങ്ങോട്ട് കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത് മുസ്ലീംസംഘടനകളും അവരുമായി ബന്ധപ്പെട്ട കൂട്ടുകെട്ടുകളുമാണ് എന്നതാണ് രാഷ്ട്രീയനിരീക്ഷകരുടെ പൊതുവിലയിരുത്തൽ. ഇതിലേതൊക്കെ ഫോർമുല വിജയം കാണുമെന്നത് കാലം തെളിയിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img