
കൊല്ലം: മുസ്ലിം ലീഗ് നേതാവിനെ ഡിസിസി ജനറൽ സെക്രട്ടറി മർദ്ദിച്ചതോടെ യുഡിഎഫിൽ പൊട്ടിത്തെറി. യു.ഡി.എഫ്.വേദിയിൽവെച്ചാണ് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.എം.ഷെരീഫിനെ ഡി.സി.സി. ജനറൽ സെക്രട്ടറി എ.ഷുഹൈബ് മർദ്ദിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ വികസനമുരടിപ്പിനെതിരേ യുഡിഎഫ് സംഘടിപ്പിച്ച യോഗത്തിനിടെയാണ് സംഭവം. ഇതിന് പിന്നാലെ ലീഗ് അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചു.
യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനമില്ലായ്മയിൽ മാർച്ചും പൊതുയോഗവും നടത്തിയത്. പൊതുയോഗത്തിനിടെ ഡി.സി.സി. ജനറൽ സെക്രട്ടറി എ.ഷുഹൈബ് മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.എം.ഷെരീഫിനെ മർദിക്കുകയും അസഭ്യവർഷം നടത്തുകയായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ വേദിയിലിരിക്കെയാണ് സംഭവം. ഇവർ അക്രമം തടയാൻ ശ്രമിച്ചതിനെ തുടർന്ന് യോഗവും അലങ്കോലപ്പെട്ടു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം എ.ഐ.സി.സി. സെക്രട്ടറി അറിവഴകനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും യു.ഡി.എഫ്. കൺവീനർ എം.എം.ഹസനുമടക്കം പരാതി നൽകിയിട്ടുണ്ട്. ഷുഹൈബിനെതിരേ കർശന നടപടി ഉണ്ടായില്ലെങ്കിൽ യു.ഡി.എഫ്.പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ മൗനംപാലിച്ചത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്.











