01:56am 15 July 2026
NEWS
പേഴ്‌സണൽ സ്റ്റാഫ് നിയമനം: മന്ത്രിമാർക്കെതിരെ മുസ്ലിംലീഗ് പ്രവർത്തക സമിതി
14/07/2026  01:32 PM IST
നെല്ലിക്കുത്ത് ഹനീഫ
പേഴ്‌സണൽ സ്റ്റാഫ് നിയമനം: മന്ത്രിമാർക്കെതിരെ മുസ്ലിംലീഗ് പ്രവർത്തക സമിതി
HIGHLIGHTS

 

മന്ത്രിമാർക്ക് കൃത്യമായ നിലപാടില്ലെന്നും യുവ എം.എൽ.എ മാർ അവഗണിക്കുന്നതായും മുസ്ലിം സംഘടനകൾ

 

 

കൃത്യമായ നിലപാടെടുക്കാൻ കഴിയാത്ത മുസ്ലിംലീഗ് മന്ത്രിമാർക്കെതിരെ പാർട്ടിയിലും, പോഷക സംഘടനകളിലും കടുത്ത വിമർശനം. രാഷ്ട്രീയ നിലപാടുകളിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. പാർട്ടി നിർദ്ദേശങ്ങളോടൊപ്പം, കീഴ്ഘടകങ്ങൾ നൽകിയ 200-ഓളം പേരുടെ പട്ടിക അട്ടിമറി നടത്തിയാണ് മന്ത്രിമാർ വ്യക്തിപരമായ ഇഷ്ടക്കാർക്കും, ഉപജാപക സംഘങ്ങൾക്കുമായി അവരവരുടെ സ്റ്റാഫിൽ നിയമനം നൽകിയത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി പരിഗണിക്കേണ്ടവരുടെ പട്ടിക കീഴ്ഘടകങ്ങൾ നൽകിയിട്ടും ജില്ലതല സ്‌ക്രീനിംഗ് കമ്മിറ്റിയെ മറി കടന്ന്, അനർഹരായ പലരും പേഴ്‌സണൽ സ്റ്റാഫിൽ കേറിപ്പറ്റിയതായി പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നു. ഈ വിഷയത്തിൽ പഞ്ചായത്ത്-മണ്ഡലം യൂത്ത് ലീഗ് കമ്മറ്റികളിൽ ഉയർന്ന വിമർശനത്തിന്റെ തുടർച്ചയാണ് ജില്ലാ പ്രവർത്തക സമിതിയിലും ഉയർന്നത്. നേതാവ് ചമയുന്ന ഏതാനും പേർക്ക് മന്ത്രിമാരായി സുഖലോലുപരായി ജീവിക്കാം എന്നല്ലാതെ, മുസ്ലിംലീഗ് മന്ത്രിമാരെ കൊണ്ട് നാടിനോ, സമുദായത്തിനോ ഒരു ഗുണവുമില്ല എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

പാർട്ടിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുകയും, പോലീസ് മർദ്ദനമേൽക്കുകയും ചെയ്ത സാധാരണ പ്രവർത്തകരേയും, യൂത്ത്‌ലീഗ് പ്രവർത്തകരേയും തീർത്തും അവണിച്ച്, പാർട്ടിയെ ധിക്കരിച്ചാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നത്. മുതിർന്ന നേതാക്കൾ സ്വന്തം നിലയ്ക്ക് നിയമനങ്ങൾ നടത്തിയപ്പോൾ, മറ്റ് മന്ത്രിമാരും അതേ രീതി അനുവർത്തിച്ചു എന്നതാണ് ആരോപണം ഉയർന്നിട്ടുള്ളത്. പരിചയ സമ്പന്നരായ ആളുകളെയാണ് പേഴ്‌സണൽ സ്റ്റാഫുകളാക്കുക എന്നാണ് മന്ത്രിമാരുടെ പക്ഷം. പാർട്ടി യുവ എം.എൽ.എ മാർ സാധാരണ പ്രവർത്തകരെ തിരിഞ്ഞ് നോക്കുന്നില്ലെന്നും, കോൺഗ്രസ്സ് എം.എൽ.എ മാർ നൽകുന്ന പരിഗണന പോലും പല മണ്ഡലങ്ങളിലും ലഭിക്കുന്നില്ലെന്നും യൂത്ത്‌ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. മലപ്പുറം ഭാഷാ സമരഹാളിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത 16 നിയോജക മണ്ഡലം കമ്മിറ്റികളും വിമർശനങ്ങൾ ഉന്നയിച്ചു. മന്ത്രിമാരേയോ, സർക്കാർ നയത്തേയോ പിന്തുണയ്ക്കാൻ ആരും തയ്യാറായതുമില്ല. പത്ത് വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ വന്ന സന്തോഷം പാടെ ഇല്ലാതാക്കുന്ന സമീപനമാണ് മന്ത്രിമാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് പാർട്ടി പ്രവർത്തക സമിതിയോഗം ചൂണ്ടിക്കാട്ടി. പാർട്ടി നൽകിയ പട്ടിക അവഗണിച്ച്, 'ചെമ്മാട് ദാറുൽഹുദാ'യിലെ ഏതാനും വിദ്യാർഥികളെ മന്ത്രിമാർ അവരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ നീക്കം നടത്തുന്നതായും, പാർട്ടി പ്രവർത്തകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി രാജി സന്നദ്ധത അറിയിച്ചതായും പറയപ്പെടുന്നുണ്ട്. പി.വി അബ്ദുൾവഹാബ് എം.പി യുടെ സ്റ്റാഫ് അംഗങ്ങളേയും മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമിക്കാൻ ശ്രമം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. എം.പി മാരുടെ സ്റ്റാഫിൽ ഉൾപ്പെട്ടവർക്ക് പെൻഷൻ ആനുകൂല്യം ഇല്ലാത്ത സാഹചര്യമാണ് ഇവരെ മന്ത്രിമാരുടെ പി.എ ആക്കാനുള്ള ശ്രമം നടത്തുന്നതെന്നും ആരോപിക്കപ്പെടുന്നു.  

പാളിയ തുടക്കം

മുസ്ലിംലീഗ് തീർത്തും സെക്കുലർ ആണിപ്പോൾ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് ഇതാദ്യം പ്രകടമാക്കിയതെന്ന് മലബാറിലെ മുസ്ലിം സംഘടനകളും ആരോപിക്കുന്നു. മുസ്ലിംലീഗ് എന്നും പ്രണയിച്ചിരുന്ന 'തൊപ്പി' യെ അവർ താഴെയിറക്കി. സി.എച്ചിന്റെ കാലംമുതൽ, നിരപരാധിയായ തൊപ്പി ലീഗ് തലകളിൽ സ്വതന്ത്രമായി വിരാജിക്കുകയായിരുന്നു. 'അല്ലാഹു' വിനേയും അവർ ഒഴിവാക്കി. കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ ഷംസുദ്ദീൻ, പി.കെ ബഷീർ, വി ഇ. അബ്ദുൽഗഫൂർ എന്നീ ലീഗ് മന്ത്രിമാർ അള്ളാഹുവിനെ ഒഴിവാക്കി ദൈവനാമത്തിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. മുസ്ലിംലീഗിന്റെ ഒരു പുതു രീതിയായിരുന്നു ഇത്. ഈ മലക്കംമറിച്ചിൽ സംഘപരിവാറിന്റേയും, വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുടേയും രാഷ്ട്രീയ ഓഡിറ്റിംഗ് ഭയന്നാണ് എന്നാണ് സമുദായ സംഘടനകൾ വിമർശിക്കുന്നത്. ഇത് രാഷ്ട്രീയ തന്ത്രമാണെന്ന് പറഞ്ഞ് ലീഗ് നേതൃത്വം കൈ കഴുകുകയായിരുന്നു. എന്നാൽ യഥാർത്ഥ്യം സംഘ്പരിവാർ ആക്രമണം ഭയന്ന് തന്നെയാണത്രെ.

നിയമസഭാ തെരഞ്ഞെടുപ്പിനിടെയും, കോൺഗ്രസ്സ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന വേളയിലും ബി.ജെ.പി- സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ലീഗിനെതിരെ അതിശക്തമായ വർഗ്ഗീയ ആക്രമണങ്ങൾ ഉയർന്നിരുന്നു. അതോടൊപ്പം സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനും, സുകുമാരൻ നായരും ലീഗിനെ വിമർശിച്ച് രംഗത്ത് വരികയും  ചെയ്തിരുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രി ആയത്, മുസ്ലിംലീഗിന്റെ സമ്മർദ്ദ ഫലമായാണ് എന്നായിരുന്നു പ്രധാന ആരോപണം. സാദിക്കലി ശിഹാബ് തങ്ങളെ 'ഹൈക്കമാന്റ്' ആയി ചിത്രീകരിച്ച പോസ്റ്ററുകളും ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നു. എസ്.എൻ.ഡി.പി യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'യോഗനാദം' ത്തിൽ മാറാട് കലാപത്തിനും, മലബാർ കലാപത്തിനും പിന്നിൽ മുസ്ലിംലീഗാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങളും, വിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കൂടുതൽ രാഷ്ട്രീയ വിമർശനങ്ങളും, 'ഓഡിറ്റിംഗിനും' വിധേയരാകും എന്ന ഭയത്താലാണ് ലീഗ് മന്ത്രിമാർ ഇത്തവണ 'അല്ലാഹു'വിനെ ഒഴിവാക്കുന്നത്. സംഘ്പരിവാർ ഭയം കാരണം മുസ്ലിംലീഗ് അവരുടെ പാരമ്പര്യമായ  സ്വത്വം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇതര മുസ്ലിംസംഘടനകൾ ആരോപിച്ചതും. ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംലീഗിന് മേലുള്ള സ്വാധീനമാണ് കുഞ്ഞാലിക്കുട്ടിയും, ഷാജിയുമെല്ലാം മലക്കം മറിയുന്നതിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. 

ഷാജിയുടെ വീര്യമെവിടെ?

മുസ്ലിംലീഗ് മന്ത്രിമാരിൽ നിന്നുണ്ടാകുന്ന അപക്വമായ നിലപാടുകൾ പാർട്ടിയ്ക്ക് ദോഷം വരുത്തുന്നുണ്ടെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പിണറായി സർക്കാർ അപകടം തിരിച്ചറിഞ്ഞ് മരവിപ്പിച്ച പി.എം.ശ്രീ പദ്ധതി കോൺഗ്രസ്സ് നടപ്പാക്കാൻ വെമ്പുമ്പോൾ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡണ്ട് വെല്ലുവിളിച്ചത് പോലെ, ലീഗ് മന്ത്രിയെ കൊണ്ട് തന്നെ അതിൽ ഒപ്പുവയ്പ്പിക്കാൻ മുഖ്യമന്ത്രി  സതീശൻ തിടുക്കം കാണിച്ചു. ഇപ്രകാരം വലിയ വഞ്ചനയാണ് അരങ്ങേറുന്നത്.  പി.എം.ശ്രീ വേണ്ടെന്ന നിലപാടിൽ നിന്ന് പിറകോട്ട് പോയി എന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിൽ മന്ത്രിമാർ അപക്വമായി പലതും പ്രസ്താവിച്ചു. പി.എം.ശ്രീ യിൽ വലിയ ആശങ്ക നില നിൽക്കുകയണ്. അത് എത്രയും വേഗം പരിഹരിക്കണമെന്നും പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പി.എം.എ.വൈ വിവാദത്തിലും, പ്ലസ് വൺ വിഷയത്തിലും മന്ത്രിമാരുടെ അഭിപ്രായ പ്രകടനം നിലവാരമില്ലാത്ത വിധമായെന്ന് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും വിമർശനമുണ്ടായി. മുസ്ലിംലീഗിലെ യുവ എം.എൽ.എ ടി.പി അഷ്‌റഫലി പി.എം.എ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട എംബ്ലം വിവാദത്തിൽ കെ.എം ഷാജിക്കെതിരെ ഒളിയമ്പ് എയ്തിരുന്നു. വയനാട്ടിൽ മുസ്ലിംലീഗ് നിർമ്മിച്ച് കൊടുത്ത വീടുകളിൽ ഒരു എംബ്ലവും പതിച്ചിട്ടില്ല. ജനങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഒരു നീക്കവും പാടില്ലെന്ന് പറഞ്ഞായിരുന്നു അത്.

 പ്രതിപക്ഷത്തായിരുന്ന വേളയിൽ 'പോക്കിരി രാജാ' ശൈലിയിലുള്ള ഗീർവ്വാണ പ്രസംഗങ്ങളും, 'അറബിക്കടൽ പ്രയോഗ' വെല്ലുവിളികളും നടത്തി കയ്യടി വാങ്ങിയിരുന്ന കെ.എം ഷാജി ഇപ്പോൾ ആകെ മാറിയതായും വിമർശിക്കപ്പെടുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നതോ, അങ്ങനെ വരുത്തിത്തീർക്കുകയോ ചെയ്ത 'ഷാജിയൻ നിലപാടു' കളിൽനിന്ന് അതിവേഗമാണ് പിറകോട്ട് പോയതെന്ന് ലീഗണികൾ പരാതിപ്പെടുന്നു. 'പൊട്ടന് ലോട്ടറി കിട്ടിയ പോലെ' എന്നാണ് പാർട്ടിയിലെ ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും, യു.ഡി.എഫിന് ഭരണം കിട്ടിയാൽ തിരിച്ച് പിടിയ്ക്കുമെന്ന് കട്ടായം പരസ്യമായി ഗീർവ്വാണ പ്രസംഗം നടത്തി അണികളെ പിരികയറ്റിയ നേതാവാണ് ഷാജി. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയുള്ള നിയമനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി നിയാസ് പരസ്യമായി രംഗത്ത് വന്നതോടെ പാർട്ടിയും, ഷാജിയും വെട്ടിലായി. ശേഷാദ്രിനാഥന്റെ നിയമനത്തിൽ യു.ഡി.എഫ് വലിയ വില നൽകേണ്ടി വരുമെന്നും, ഇതിന്റെ പ്രത്യാഘതത്തിൽ തനിക്ക് പങ്കുണ്ടാകില്ലെന്നും പി.എം നിയാസ് വ്യക്തമാക്കുകയും, കെ.സി വേണുഗോപാൽ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഈ വിഷയത്തിൽ  എതിർപ്പുമായി രംഗത്തുണ്ടെങ്കിലും, ഷാജി തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണെന്ന് പറഞ്ഞ ഷാജി, അദ്ദേഹം അഭിഭാഷകനും, ജഡിയുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസ്താവനയോ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഘി ഇടപെടലോ കാണിച്ച് തരാൻ വെല്ലുവിളിക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാം. ഒരു തെളിവും കാണിക്കാതെ ഒരു മനുഷ്യനെ വർഗ്ഗീയ വാദിയാക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഷാജി പറഞ്ഞു.

പക്വതയില്ലാത്ത മന്ത്രിമാർ

സംസ്ഥാന പൊതു വിദ്യാഭ്യാസ മേഖലയേയും, ഭവന നിർമ്മാണ പദ്ധതികളേയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും, ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ ആത്മാഭിമാനമുള്ളവരെ വേദനിപ്പിക്കുന്നതാണെന്നും പാർട്ടി അണികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സർക്കാറിന് നിരവധി വീടുകൾ നൽകാൻ സാധിച്ചു. ഒരു ഭരണാധികാരിയുടേയോ, പാർട്ടി നേതാവിന്റേയോ ചിത്രം ആ വീടുകളിൽ പതിക്കേണ്ടില്ലെന്നും, വീട് ആ കുടുംബത്തിന്റെ സ്വത്താണെന്നുമായിരുന്നു ആ സർക്കാറിന്റെ നിലപാട്. അപ്രകാരമുള്ള വീടുകൾക്ക് മുന്നിൽ കേന്ദ്രത്തിന്റെ ലോഗോയോ, മോദിയുടെ ചിത്രമോ നിർബന്ധപൂർവ്വം വയ്ക്കണമെന്ന് പറയുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. അത് അംഗീകരിക്കാനാകില്ലെന്നും, മദ്യ നയത്തെക്കുറിച്ച് ഗൗരവ്വതരമായ നിലപാടെടുക്കാൻ മുസ്ലിംലീഗിന് കഴിയുന്നില്ലെന്ന ആരോപണവും  മുസ്ലിം സംഘനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 'മുസ്ലിം വിരുദ്ധത' ആക്രോശിച്ചവർ ഇപ്പോൾ എന്ത് നിലപാടാണ് കൈകൊള്ളുന്നതെന്ന് സമുദായം അത് ഉറ്റ് നോക്കുകയാണെന്നും, കോൺഗ്രസ്സ് നേതാവ് വി.എം സുധീരന്റെ നിലപാട് മാതൃകയാക്കാൻ പോലും കഴിയാതെ, നികുതിയിൽ കുറവ് വരുത്തി മദ്യപാനം സാർവ്വത്രികമാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ നിയന്ത്രിക്കാൻ ചന്ദ്രിക പത്രത്തിൽ ലേഖനം എഴുതിയത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് ലീഗ് നേതാക്കൾ മനസ്സിലാക്കണമെന്നും മുസ്ലിം സംഘടനകൾ പറയുന്നു.

മുസ്ലിംലീഗ് പൂർവ്വാശ്രമത്തിൽ എന്തായിരുന്നു എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അധികാരം ലഭിച്ച ശേഷം വൻ പരിണാമമാണ് മുസ്ലിംലീഗിനുണ്ടായത്. സർവ്വം സെക്കുലർ. സമൂഹത്തിലെ  വൈവിധ്യങ്ങളെ സാമുദായികമായി കാണാതെ, അതംഗീകരിക്കാനുള്ള സൗമനസ്യം എത്ര പെട്ടന്നാണ് മുസ്ലിംലീഗും, മന്ത്രിമാരും കൈവരിച്ചത്.  കെ.എം ഷാജിയുടെ മോദി ഭക്തി മൂലമാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ഷാജിയെ ആദരിച്ചത്. മന്ത്രി ഷംസുദ്ദീന് അഭിനന്ദനവുമായി വന്ന എ.ബി.വി.പി യുമായി ചർച്ച നടത്തിയതിൽ കാണിച്ച പരസ്പര്യവും ജനാധിപത്യ ബോധവും അതിശയകരമാണെന്നും മുസ്ലിംസംഘടനകൾ പറയുന്നു. 

മുഖ്യമന്ത്രി വി.ഡി സതീശനും, കുഞ്ഞാലിക്കുട്ടിയും ബി.ജെ.പി യുമായി നടത്തിയ ഡീലിന്റെ അടിസ്ഥാനത്തിലാണ് കേരള രാഷ്ട്രീയം ഇപ്പോൾ നീങ്ങുന്നതെന്ന് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കോർപ്പറേറ്റുകളുടെ കയ്യിൽ ഏൽപ്പിക്കുയാണ്. അധികാരം കിട്ടിയപ്പോൾ ആദർശം മറക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് മുസ്ലിംലീഗ് നേടിയെടുത്ത ഇത്തരത്തിലുള്ള പക്വതയും, സമചിത്തതയും അതിശയകരമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മൈക്കിന് മുന്നിൽ നിന്ന് നാല് പഞ്ച് ഡയലോഗ് തട്ടി വിട്ടാൽ കാര്യം നടക്കും എന്നിവർക്കറിയാം. മുസ്ലിം സമുദായത്തെ മറയാക്കി മുസ്ലിംലീഗ് നടത്തുന്ന ഈ കച്ചവടം സമുദായം തിരിച്ചറിയണമെന്നും, അത് സമുദായത്തിനോ, നാടിനോ വേണ്ടിയല്ലെന്നും, ബി.ജെ.പിക്ക് വേണ്ടി നടത്തുന്ന ദാസ്യവേലയാണെന്ന് തിരിച്ചറിയണമെന്നും മുസ്ലിം സംഘടനകൾ പറയുന്നു. അധികാരം കിട്ടുന്നതിന് മുമ്പ് പറഞ്ഞ എല്ലാ കാര്യങ്ങളും മറന്നു. അധികാരത്തിലിരിക്കുമ്പോൾ,  ഏത് കാര്യത്തിലും മോഡിയോട് വിധേയപ്പെട്ട് നിൽക്കുമെന്നാണ് ഈ സർക്കാരിന്റേയും മുസ്ലിംലീഗിന്റേയും നിലപാട്. മുസ്ലിം സമുദായത്തിന്റെ ഒറ്റുകാരും വഞ്ചകരുമാണിവർ. പ്രതിപക്ഷത്ത് ആയപ്പോൾ ഷാജിയെ പോലുള്ളവർ ഉത്തരവാദിത്തമില്ലാതെ  പലതും പറഞ്ഞ് നടന്നത് മനസ്സിലാക്കാം. ഇപ്പോൾ ഉത്തരവാദിത്തമുണ്ടെങ്കിലും അതേ രീതി തന്നെയാണ്  തുടരുന്നത്. മുസ്ലിംലീഗ് 'വർഗ്ഗീയപാർട്ടി' അല്ലെന്ന് വരുത്തി തീർക്കാനുള്ള പെടാപാട് എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. പുതുതായി വരുന്ന രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്  മുസ്ലിംലീഗ് വലിയ പാഠമാവുകയാണെന്നും അവർ അധിക്ഷേപിക്കുന്നു.

സാദിക്കലി തങ്ങളുടെ പ്രതികരണം

സംസ്ഥാന ഭരണത്തിനും, പാർട്ടിയിക്കുമെതിരെ അകത്തും, പുറത്തും വിമർശനങ്ങൾ ശക്തമായി കൊണ്ടിരിക്ക, പാണക്കാട് സാദിക്കലി തങ്ങൾ സ്വന്തം വസതിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരുന്നു. സർക്കാർ നിയോഗിച്ച ഉപസമിതി എല്ലാം പഠിച്ച് വ്യക്തമായ തീരുമാനമെടുക്കുമെന്നും, പി.എം.ശ്രീ യിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് കൊണ്ട് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾ. വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തിന്റെ നയവും, പാരമ്പര്യവും അനുസരിച്ചായിരിക്കും കുട്ടികൾ പഠിക്കുക. അതിനപ്പുറമുള്ള ഒരു തീരുമാനവും ഉണ്ടാകില്ല. ശേഷാദ്രിനാഥനെ നിയമത്തിനെ മുൻ വിധിയോടെ കാണേണ്ടതില്ല. സർക്കാർ എല്ലാ കാര്യവും പരിശോധിച്ചാണ് തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് വീക്ഷിക്കട്ടെ. വീഴ്ച ഉണ്ടെങ്കിൽ മാറ്റും. മദ്യം വീര്യം കുറഞ്ഞതായാലും, വീര്യമുള്ളതായാലും രണ്ടും വിൽക്കരുത് എന്നാണ് ലീഗ് നിലപാട്. സർക്കാറിന് സർക്കാറിന്റേതായ ചില നയങ്ങളുണ്ടാകും. അതിൽ മുസ്ലിംലീഗ് പാർട്ടിയുടെ നയം അറിയിക്കും. ഇക്കാര്യത്തിൽ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും സാദിക്കലി തങ്ങൾ പാണക്കാട് വസതിയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ  വിദേശ കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അദാനി ഗ്രൂപ്പ് ബിസിനസ്സ് കമ്പനിയായതിനാൽ അവരുടെ അഭിപ്രായമനുസരിച്ച് നീക്കം നടത്തിയിട്ടുണ്ടാകും. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിശദമായി പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ. സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ 10 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന വിധമാണ് ഒരു മാസം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img