06:12am 21 January 2025
NEWS
പാണക്കാട് സാദിഖലി തങ്ങളെ അപമാനിച്ച സമസ്ത സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് മുസ്ലിംലീഗ്
03/12/2024  08:35 AM IST
നെല്ലിക്കുത്ത് ഹനീഫ
പാണക്കാട് സാദിഖലി തങ്ങളെ അപമാനിച്ച സമസ്ത സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് മുസ്ലിംലീഗ്

ചെറിയ ഇടവേളയ്ക്ക് ശേഷം, സുന്നീ സംഘടനയായ സമസ്തയും, മുസ്ലിംലീഗ് നേതൃത്വവും തമ്മിൽ വീണ്ടും സംഘർഷത്തിൽ. മുമ്പില്ലാത്ത വിധം വിഷയം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. സുന്നീ ആശയപരമായ വിഷയത്തിലൂന്നി സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും, മതപണ്ഡിതനുമായ ഉമർഫൈസി മുക്കത്തിന്റെ പ്രസ്താവന  പാണക്കാട് കുടുംബത്തേയും മുസ്ലിംലീഗ് നേതാക്കളേയും അത്യന്തം ചൊടിപ്പിച്ചിരിക്കുകയാണ്. ഇരുവിഭാഗത്തിലേയും അണികൾ സോഷ്യൽ മീഡിയാകളിൽ സൈബർ യുദ്ധവും രൂക്ഷമായിട്ടുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങൾ, ഉമർഫൈസി മുക്കം തുടങ്ങിയ സമസ്ത നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സി.ഐ.സി (കൗൺസിൽ ഓഫ് ഇസ്ലാമിക് കോളേജസ്) എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന ഹക്കീംഫൈസി അദൃശ്ശേരിയെ നീക്കം ചെയ്തിരുന്നു. ഹക്കീംഫൈസി ഭാരവാഹിയായി തുടരുമ്പോൾ സി.ഐ.സി യുമായി സഹകരിക്കില്ലെന്ന് സമസ്തയിലെ ഒരു വിഭാഗം ശാഠ്യം പിടിച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻകൈ എടുത്ത് ഹക്കീംഫൈസി മുക്കത്തിനെ വീണ്ടും സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വന്നു. ഇതാണ് ഇപ്പോൾ സമസ്തയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മേൽഖാസി പദവി

 ഒരു മഹല്ലിലെ (ഇടവക) 'വിശ്വാസികൾക്കിടയിൽ ജഡ്ജിന്റെ സ്ഥാനവും, അധികാരവുമാ'ണ് ഖാസിമാർക്കുള്ളത്. മതപരമായും, സാമൂഹികപരമായും ഉണ്ടായേക്കാവുന്ന തർക്കങ്ങളിൽ മഹല്ലിൽ ഖാസിമാരാണ് തീർപ്പ് കൽപ്പിക്കുക. പൊതുവെ, ഇത് അംഗീകരിക്കപ്പെടുകയും ചെയ്യും. അഥവാ ഏതെങ്കിലും വിഷയം പരിഹരിക്കപ്പെടാതെ വന്നാൽ, അതിന്റെ അവസാന തീർപ്പ് പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ നിന്നുള്ള മേൽഖാസിക്കാണ്. മലബാറിൽ പലയിടത്തേയും കീഴ്‌വഴക്കമാണിത്. 'മേൽഖാസി' എന്നത് അത്യന്തം ഉത്തരവാദിത്വമേറിയ ഒരു പദവിയാണ്. മതപരമായ നിയമത്തിലൂടെ, നീതിയുക്തവും, കാര്യക്ഷമവുമായിരുന്നു പാണക്കാട് മേൽഖാസിമാരുടെ തീരുമാനങ്ങൾ. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും അമുസ്ലീങ്ങൾ പോലും പാണക്കാട് നിന്നുള്ള തീരുമാനങ്ങളെ അംഗീകരിച്ചിരുന്നു. അന്തരിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളാണ് പാണക്കാട് കുടുംബത്തിൽ നിന്ന് ആദ്യമായി വിവിധ മഹല്ലുകളുടെ മേൽഖാസിയായത്. മലബാറിന്റെ വിവിധ പ്രദേശങ്ങളും, നീലഗിരിയും ഉൾപ്പെടെ എൺപത് മഹല്ലുകളുടെ മേൽഖാസി സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം മുഹമ്മദലി ശിഹാബ് തങ്ങളും, പാണക്കാട് ഉമറലി തങ്ങളും, പിന്നീട് ഹൈദരലി തങ്ങളും അനേകം മഹല്ലുകളെ ഖാസിമാരായി പ്രവർത്തിച്ചു. ഇത് ഒരു പാരമ്പര്യത്തുടർച്ചയായി രൂപപ്പെട്ടു. വയനാട്, കണ്ണൂർ, തൃശൂർ, തമിഴ്‌നാട്ടിലെ നീലഗിരി എന്നിവിടങ്ങളിൽ സാദിഖലി തങ്ങളാണ് മേൽഖാസി. ഇതിന് പുറമെ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ, ഇതര ജില്ലകളിലെ പല മഹല്ലുകളിലും പാണക്കാട് കുടുംബത്തിൽ നിന്നുള്ളവരെ ഖാസിമാരായി അവരോധിച്ചിട്ടുണ്ട്.

വിശ്വാസികളുടെ പള്ളിയും, പള്ളിക്കൂടവും, പഞ്ചായത്തും. പാർലമെന്റും, നീതിന്യായ മന്ദിരവുമെല്ലാം മസ്ജിദുകളായിരുന്നു. ആ മസ്ജിദുകളിലെ ഖാസിമാരാണ് ഒരു കാലത്ത്, മുസ്ലിം ജീവിതത്തിന്റെ ചലനത്തെ നിയന്ത്രിച്ചിരുന്നത്. മുസ്ലിം-മാപ്പിളമാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോഴിക്കോട്ടെ സാമൂതിരി, ഖാസിമാരുടെ തീർപ്പിന്,  കാത്തിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. ഇന്ന് പ്രകടമാകുന്ന ശാസ്ത്രീയവും, വ്യവസ്ഥാപിതവുമായ മഹല്ല് സംവിധാനങ്ങൾ സമസ്തയുടെ ഇടപെടലിന്റെ ഭാഗം കൂടിയാണ്. പാണക്കാട് കുടുംബത്തിലെ മൺമറഞ്ഞ പൂർവ്വികരെല്ലാം തന്നെ മേൽഖാസി പദവി മാതൃകാപരമായി നിറവേറ്റിയവരുമായിരുന്നു. കാരണം അവരെല്ലാം തന്നെ സമൂഹത്തോടും, സമുദായത്തോടും പ്രതിപത്തിയും, മത നിയമങ്ങളും, സാമൂഹിക ബോധവും കൈവരിച്ചവരായിരുന്നു. തലമുറകൾ മാറി വരുമ്പോഴും പാണക്കാട് തങ്ങൾമാർ കാലാകാലങ്ങളായി നിരവധി മഹല്ലുകളിലെ മേൽഖാസിമാരാകും എന്ന കീഴ്‌വഴക്കമാണ് പിന്നീട് രൂപപ്പെട്ട് വന്നത്. ഇപ്പോഴത്തെ മേൽഖാസി പദവിയിൽ പാണക്കാട്ടെ സാദിഖലി തങ്ങളാണ്. സമസ്തയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ, അടുത്തിടെ 'പാണക്കാട് ഖാസി ഫൗണ്ടേഷൻ' എന്ന പേരിൽ കോഴിക്കോട് യോഗം ചേർന്ന് സാദിഖലി തങ്ങൾ ഒരു പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി  പലയിടത്തും യോഗം ചേരുകയും ചെയ്തു. സമസ്തയ്‌ക്കെതിരെയുളള ഒരു നീക്കമായിട്ടാണ് ഇതിനെ പലരും വിലയിരുത്തിയിരുന്നതും.

 സാദിഖലി തങ്ങൾ

 യോഗ്യനല്ലെന്ന്

അടുത്തിടെ മലപ്പുറം-എടവണ്ണപ്പാറയിൽ സമസ്തയുടെ മേഖലാ കമ്മറ്റി സംഘടിപ്പിച്ച 'ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ' പങ്കെടുത്ത് സംസാരിക്കവെ സമസ്തയുടെ മുതിർന്ന സെക്രട്ടറിമാരിലൊരാളായ ഉമർഫൈസി മുക്കം നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നതും, നീറിപ്പുകയുന്നതും. പാണക്കാട് സാദിഖലി തങ്ങൾ ഖാസിയാകാൻ ഒട്ടും യോഗ്യനല്ലെന്നായിരുന്നു അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ, യോഗ്യത ഇല്ലാത്ത പലരും ഖാസിമാരാകുന്നു. തനിക്ക് ഖാസി ആകണമെന്ന് ചിലർ. രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ. ഖുർആനിൽ നിന്നും, ഹദീസിൽ (പ്രവാചകവചനങ്ങൾ) നിന്നും മതനിയമങ്ങൾ കണ്ടെത്താൻ പറ്റിയവരാകണം ഖാസിമാർ. അതിന് കിതാബ് പഠിക്കുകയും വേണം. അങ്ങനെ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നുമില്ല. അദ്ദേഹം കിതാബ് പഠിച്ച ആളാണ്. അല്ലെങ്കിൽ അങ്ങനെയുള്ള ആളാണെന്ന് ആരും പറയുന്നുമില്ല. ഖാസിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് മുമ്പിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരവും, ബുദ്ധിയും ഖാസിക്ക് വേണം. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും ഖാസിയാകും. എനിക്ക് ഖാസിയാകണം എന്ന് പറഞ്ഞാൽ, അവരെ ഖാസിയാക്കാൻ കുറെ ആളുകളുണ്ട്. കൂട്ടത്തിൽ ചില സമസ്തക്കാരുമുണ്ട്. ഇതിനൊക്കെ വ്യക്തമായ മാനദണ്ഡങ്ങളില്ലേ? മസ്അലകൾ (മതവിധി) വേണ്ടേ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ, വരും നാളുകളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയും. ചിലർ അതിരുവിട്ട് പോകുന്നുണ്ട്, കരുതി ഇരുന്നോളൂ, വേണ്ടി വന്നാൽ തങ്ങൾ  ആയുധങ്ങൾ പുറത്തെടുക്കും. സമസ്തക്കെതിരെ പലതും നടക്കുന്നുണ്ട്. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്.  എല്ലാവരേയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷൻ ഉണ്ടാക്കിയിട്ടുണ്ട്. ഖാസിമാരെക്കുറിച്ച് നമുക്കറിയാം, എന്നാൽ 'ഖാസി ഫൗണ്ടേഷൻ' എന്നാരെങ്കിലും കേട്ടിട്ടുണ്ടോ? എല്ലാവരും സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല, രാഷ്ട്രീയം വളർത്താനാണെങ്കിൽ അത് നടക്കില്ല. അതിരുവിട്ട് പോവുകയാണ് നിങ്ങൾ. സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ആരേയും പേടിച്ചിട്ടല്ല. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മൗനിയായതെന്നും, ഉമർ ഫൈസി പരസ്യമായി പ്രതികരിക്കുകയായിരുന്നു.

വിഷയം വൻ വിവാദമായതോടെ, സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി നടത്തിയ പരാമർശത്തിൽ സമസ്തയ്ക്ക് ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഒരു പ്രസ്താവന പുറത്തിറക്കി. ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനായിരുന്നു ഇത്. എന്നാൽ ലീഗ് നേതാക്കളുടെ മറുപടി രൂക്ഷമായ ഭാഷയിലായിരുന്നു. പാണക്കാട് കുടുംബത്തേയും സാദിഖലി തങ്ങളേയും അപമാനിച്ചാൽ പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടിവരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. ഉമർഫൈസിയെ പോലുള്ള വ്യക്തികളെ നിലക്ക് നിർത്താൻ  സമസ്ത നേതൃത്വം തയ്യാറാകണം. അദ്ദേഹത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. ഇതംഗീകരിക്കാനാകില്ല. ഇതിന് പിന്നിൽ സി.പി.എമ്മാണെന്നും, സർക്കാർ ഏതോ കമ്മിറ്റിയിൽ നൽകിയ നക്കാപ്പിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസിയെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി. ഉമർഫൈസി നടത്തിയ പരാമർശത്തിൽ സമസ്തയ്ക്ക് ബന്ധമില്ലെന്ന് മാത്രം ലളിതമായി പറഞ്ഞാൽ പോരാ. വിഷയം ഗൗരവതരമാണ്. കടന്ന വർത്തമാനങ്ങൾ പറഞ്ഞ് കയ്യൊഴിയുകയാണ്. സമസ്ത നേതൃത്വം ഉമർഫൈസിയെ താക്കീത് ചെയ്‌തേ മതിയാകൂ. കാര്യങ്ങൾ സമസ്ത നേതൃത്വവുമായി പറഞ്ഞ് തീർക്കേണ്ടതുണ്ടെന്നേ ഇപ്പോൾ പറയുന്നുള്ളൂവെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

സമസ്തയുടെ വേദിയെ, പാണക്കാട് സാദിഖലി തങ്ങളെ വ്യക്തിഹത്യ ചെയ്യാനായി ദുരുപയോഗം ചെയ്ത ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാണ് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് എം.കെ മുനീർ എം.എൽ.എ യുടെ പ്രതികരണം. സാദിഖലി തങ്ങളിൽ വിശ്വാസമർപ്പിച്ചും, ആ നേതൃത്വത്തിന്റെ പുണ്യം നുകർന്നും ആയിരത്തി അഞ്ഞൂറിലേറെ മഹല്ലുകളാണ് കേരളത്തിലുളളത്. ഇത് അങ്ങോട്ട് ആവശ്യപ്പെട്ടോ, മത്സരിച്ചോ നേടിയതല്ല. മുനീർ പ്രസ്താവനയിൽ വ്യക്തമാക്കി. ഉമർ ഫൈസിക്കെതിരെ, സമസ്ത രണ്ടാംനിര നേതാവായ അബ്ദുസമദ് പൂക്കോട്ടൂരും രംഗത്തെത്തിയിരുന്നു. എല്ലാവരേയും യോജിപ്പിച്ച് കൊണ്ട് പോകുന്ന സാദിഖലി തങ്ങളുടെ ഖാസി പദവി ഉമർഫൈസി ചോദ്യം ചെയ്തത് ശരിയല്ല. സമസ്ത ജോയിന്റ് സെക്രട്ടറിയായ ഉമർഫൈസി, തന്റെ സ്ഥാനം വിസ്മരിച്ച് സമൂഹത്തിൽ അനൈക്യമുണ്ടാക്കുന്ന പ്രസതാവനയാണ് നടത്തിയത്. സമസ്ത ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറിയായ ഉമർഫൈസി പ്രവർത്തിക്കുകയാണ്. അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

പരാതി പോലീസിലും

 ഖാസി ഫൗണ്ടേഷനും, പാണക്കാട് സാദിഖലി തങ്ങൾക്കുമെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗം സമൂഹത്തിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കാനുള്ള വിദ്വേഷ പ്രസംഗമാണെന്നും, ഉമർഫൈസിക്കെതിരെ കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ട് പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.പി റിയാസ് മലപ്പുറം പോലീസ് ചീഫിന് പരാതിയും നൽകിയിട്ടുണ്ട്. സമസ്ത മുശാവറ (കൂടിയാലോചനാ സമിതി) അംഗവും, മതവിധി പ്രസ്താവിക്കുന്ന പണ്ഡിതനുമായ ഉമർഫൈസിയെ പോലീസ് നടപടികളിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരവും, പ്രതിഷേധാർഹവുമാണെന്ന് സമസ്തയിലെ 10 മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഇതിനോടകം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ നിയമങ്ങളും, വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമ്മമാണ്.  ഉമർ ഫൈസി മുക്കത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസിൽ പരാതി കൊടുത്ത നടപടിയും അംഗീകരിക്കാനാകില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി  സമസ്തയ്‌ക്കെതിരെ കുപ്രചാരണം നടക്കുകയാണ്. മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉത്തവാദപ്പെട്ട വ്യക്തികൾ നിരന്തരം ഇത് ആവർത്തിക്കുന്നതിൽ സമസ്ത നേതൃത്വം നേരെത്തെ അവരെ പ്രതിഷേധം അറിയിച്ചതാണ്. എന്നിട്ടും  ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സി.ഐ.സി വിഷയത്തിൽ മധ്യസ്ഥ ചർച്ച നടത്താനിരിക്കെയാണ്, മാറ്റി നിർത്തപ്പെട്ട വ്യക്തിയെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിക്കുന്നത്. സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തുന്ന കാര്യമാണിത്.  സമസ്തയുടെ 10 കേന്ദ്ര മുശാവറ അംഗങ്ങൾ ഒപ്പ് വെച്ച പ്രസ്താവനയിൽ വിശദീകരിക്കുന്നു.

 ഖാസി ഫൗണ്ടേഷൻ

 വിപത്താകുമെന്ന്

ഒരു നൂറ്റാണ്ട് പിന്നിടുകയാണ് സമസ്ത എന്ന സുന്നീ സംഘടന. നൂറാം വാർഷികത്തിൽ, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് സമസ്ത ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഉമർ ഫൈസിയുടെ പ്രസംഗം വിവാദമായത് അതിവേഗതയിലായിരുന്നു. ഇതോടെ രൂക്ഷമായ പ്രതികരണങ്ങളുമായി ഇരുവിഭാഗവും രംഗത്തെത്തി. അതിരൂക്ഷമായ പരാമർശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. സമീപ ഭാവിയിൽ സുന്നീ വിഭാഗത്തിന്റെ ആശയാദർശങ്ങൾക്ക് 'പാണക്കാട് ഖാസി ഫൗണ്ടേഷൻ' വിപത്തായി മാറുമെന്നാണ് സമസ്തയിലെ ഒരു വിഭാഗം ആശങ്കപ്പെടുന്നത്. അലങ്കാരത്തിന് ഒരു പദവി എന്ന രീതി പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. ഇസ്ലാമിക ലോകത്ത് അങ്ങനെ ഒരു സംസ്‌കാരവുമില്ല. രാഷ്ട്രീയം വിളമ്പാനും, രാഷ്ട്രീയക്കാരുടെ തമ്മിൽതല്ലിനും പള്ളികൾ വേദിയാക്കപ്പെടും. മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്ന ഉസ്താദന്മാർക്ക് മാത്രം നിയമനം പരിമിതപ്പെടുത്തും. തീരുമാനമെടുക്കുന്ന കാര്യങ്ങളെല്ലാം സമസ്തയുടെ ആദർശ പ്രകാരമാകില്ല.  മതഗ്രന്ഥങ്ങളിൽ നിഷ്‌കർഷിക്കുന്നതെല്ലാം നിസ്സാരവത്ക്കരിക്കപ്പടും. 'തങ്ങൾ' എന്ന മഹത്വ പദവി ഒരു പ്രത്യേക തറവാട്ടിലേക്ക് മാത്രം ഒതുക്കപ്പെടും. അന്ധമായ തറവാടുസ്‌നേഹം മഹല്ലിലെ ജനങ്ങൾക്കിടയിൽ കുത്തിക്കേറ്റാനുള്ള ശ്രമം നടക്കുകയും, മഹല്ല് സംവിധാനങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം രൂപപ്പെടുത്തുകയും ചെയ്യും. നിലവിൽ താരതമ്യേന മത താൽപ്പര്യം കുറഞ്ഞവരാണ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ മത പണ്ഡിതൻമാരോട് ആദരവില്ലാത്ത ഒരു വിഭാഗം സ്വാഭാവികമായും രൂപപ്പെടും. പണം കുന്നുകൂടിയ സമുദായ പ്രമാണിമാരാകും കാര്യങ്ങൾ തീരുമാനിക്കുക.  പള്ളി-മദ്രസകളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന അന്യ മതസ്ഥരെ വോട്ട് ലക്ഷ്യമിട്ട്, മത സൗഹാർദ്ദത്തിന്റെ പേരും പറഞ്ഞ് അവരെ മഹല്ല് സംവിധാനങ്ങളിലേക്ക് എത്തിക്കും.

സാദിഖലി തങ്ങൾ എന്തു കൊണ്ട് ഖാസിയാവാൻ യോഗ്യനല്ല എന്നതിനും വിശദീകരണം മറു ഭാഗത്തു നിന്നുയരുന്നുണ്ട്. ലീഗധ്യക്ഷൻ ആകുമ്പോൾ അന്യ സ്ത്രീകളുമായി വേദിപങ്കിടേണ്ടി വരും. അന്യസ്ത്രീകളോട് ഇടപഴകുന്നത് സമസ്തയുടെ നിലപാടിന് വിരുദ്ധമാണ്. ലീഗാകുമ്പോൾ സഹകരണ ബാങ്കുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ, തക്ബീർ ചൊല്ലും. ഇസ്ലാമിനെ സംബന്ധിച്ച് പലിശയുമായി അടുക്കാനേ പാടില്ല. ഇതും സമസ്തയുടെ നിലപാടാണ്. ഇസ്ലാമിക ചട്ടങ്ങൾ പാലിക്കാൻ കഴിയാത്ത വ്യക്തിയെ എങ്ങനെ ഖാസിയായി തെരഞ്ഞെടുക്കും. ഒരു ഖാസിക്ക് ആ മഹല്ലിലെ നിരവധി പ്രശ്‌നങ്ങൾക്ക് വിധി കണ്ടത്തേണ്ടതുണ്ട്. അതുതന്നെ കഴിയില്ലെന്നിരിക്കെ, അനേകം മഹല്ലുകളുടെ ഖാസിസ്ഥാനം എങ്ങനെ നിർവ്വഹിക്കാനാകും. രാഷ്ട്രീയപ്പാർട്ടി അധ്യക്ഷനാകുമ്പോൾ, സന്ദർഭോചിതമായി ധാരാളം കളവ് പറയാൻ നിർബന്ധിതനാകും. ഇസ്ലാമിൽ കളവ് അനുവദനീയമല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു വ്യക്തിയെ ഖാസിയാക്കുന്നതിനുള്ള മുഖ്യ മാനദണ്ഡം അയാൾ തങ്ങളാണോ എന്നതല്ല. അദ്ദേഹത്തിന് ജനപിന്തുണയുണ്ടോ, അയാൾ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണോ എന്നതല്ല. മറിച്ച് ഖാസിയാകാനുള്ള മാനദണ്ഡങ്ങൾ ഇസ്ലാം വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഉമർഫൈസി പറഞ്ഞതും. അതല്ലെങ്കിൽ എന്തിനാണ് ഇവിടെയിപ്പോൾ ഖാസി ഫൗണ്ടേഷൻ. അതും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ആധീനതയിൽ. തീർച്ചയായും ഇതിന്റെ ഉദ്ദേശശുദ്ധി മുൻകൂട്ടി മനസ്സിലാക്കിയാണ് ഉമർ ഫൈസി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതെന്നും ലീഗ് വിരുദ്ധപക്ഷക്കാർ ചൂണ്ടിക്കാട്ടുന്നു.

സമസ്ത-ലീഗ് ബന്ധം എങ്ങോട്ട്?

സാദിഖലി തങ്ങൾക്കെതിരെ ഉമർഫൈസി  നടത്തിയ അവഹേളന പ്രസംഗത്തിൽ സമസ്ത പ്രസിഡണ്ടിന്റെ പ്രതികരണത്തിൽ മുസ്ലിംലീഗ് ഏറെ പ്രകോപിതരാണ്. അത്ര നിസ്സാര കാര്യമല്ല ഉമർഫൈസി പ്രസംഗിച്ചത്. മുസ്ലിംലീഗിനെ സംബന്ധിച്ച് അത്യന്തം പ്രകോപനപരമാണത്. മഹല്ലുകളുടെ ഖാസിയാവാൻ സാദിഖലി തങ്ങൾക്ക് യോഗ്യതയും, വിവരവുമില്ലെന്നും, സമസ്തയെ വെല്ലുവിളിക്കുന്ന സമീപനമാണ് മഹല്ലുകളിൽ നടക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ തുറന്ന് പറയുമെന്നുള്ള താക്കീത് മുസ്ലിംലീഗിനെ ലക്ഷ്യമിട്ടായിരുന്നു. ഉമർ ഫൈസിക്കെതിരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം തയ്യാറായില്ലെങ്കിൽ, ലീഗ്-സമസ്ത ബന്ധം കൂടുതൽ വഷളായ സാഹചര്യമാണ് നിലവിലുള്ളത്. സമസ്തയിൽ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതയും വിദൂരമല്ല. സമസ്ത-ലീഗ് ബന്ധം തകർക്കുക എന്ന സി.പി.എമ്മിന്റെ ആഗ്രഹത്തിന് വളമേകുന്നതായിരുന്നു ഉമർ ഫൈസിയുടെ പ്രസംഗം. സമസ്തയിലെ ലീഗ് വിരുദ്ധരെ പരമാവധി പ്രോൽസാഹിപ്പിക്കാൻ സി.പി.എം എക്കാലത്തും ശ്രമം നടത്താറുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പാളിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ലീഗ്സ്ഥാനാർഥി വിജയിച്ചത് സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കടുത്ത ക്ഷീണവുമായി. മുസ്ലിംലീഗ്-സമസ്ത പോര് ഇന്ന് ശക്തമാണ്. സമസ്തയുടെ കീഴിലുള്ള സംഘടനയായ 'സുന്നീ മഹല്ല് ഫെഡറേഷനെ' ദുർബ്ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിംലീഗ് പുതുതായി രൂപം നൽകിയ 'പാണക്കാട് ഖാസി ഫൗണ്ടേഷ'നെന്ന് സമസ്ത ഉറച്ച് വിശ്വസിക്കുന്നു. സമസ്തയുടെ കീഴിൽ 'സുന്നി മഹല്ല് ഫെഡറേഷൻ' നിലവിലുള്ളപ്പോൾ, പാണക്കാട് ഖാസി ഫൗണ്ടേൻ എന്ന കൂട്ടായ്മ തികച്ചും രാഷ്ട്രീയപരമാണെന്നാണ് പറയപ്പെടുന്നത്. മതപാണ്ഡിത്യം ഇല്ലാത്തവർ ഖാസിസ്ഥാനം കൈകാര്യം ചെയ്യുന്നത് വിശ്വാസത്തിന് അപകടം ചെയ്യുമെന്നാണ് സമസ്തയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img