
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരാകണം എന്ന കോൺഗ്രസ് നേതാക്കൾ തമ്മിലെ തർക്കം രൂക്ഷമാകുന്നതിനിടെ മുസ്ലീം ലീഗിന്റെ നിർണായക ഇടപെടൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന പാർട്ടി നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം എഐസിസി നിരീക്ഷകരെ അറിയിക്കും.
പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്നാകും ലീഗ് നേതൃത്വം എഐസിസി നിരീക്ഷകരെ അറിയിക്കുക. വിഡി സതീശൻറെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ഇക്കാര്യം കണക്കിലെടുക്കണമെന്നും ലീഗ് അഭ്യർത്ഥിക്കും. വോട്ടർമാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കാനും നേതാക്കൾക്കിടയിൽ ധാരണയായി. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.










