
കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഇക്കുറി മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എം.എൽ.എമാരുടെ എണ്ണത്തിൽ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വാർത്താചാനലിനോട് പ്രതികരിക്കവെയാണ് പിഎംഎ സലാം ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക സമുദായിക ധ്രുവീകരണമല്ല എന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറയുന്നത്. സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ജനവികാരമാണ് ജനവിധിയിൽ പ്രതിഫലിക്കുകയെന്നും ഇത് ലീഗിന് വലിയ മുൻതൂക്കം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനെക്കുറിച്ച് പാർട്ടി നിലവിൽ ആലോചിച്ചിട്ടില്ലെന്ന് സലാം വ്യക്തമാക്കി. എം.എൽ.എമാരുടെ എണ്ണത്തിന് അനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങൾ പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 27 പേരെയാണ് മുസ്‌ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയത്. ചരിത്രത്തിലാദ്യമായി ഇത്തവണ രണ്ട് വനിതാ സ്ഥാനാർത്ഥികളെയും ലീഗ് മത്സരരംഗത്തിറക്കിയിരുന്നു.











