
മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കൂടുതൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കാൻ മുസ്‌ലിം ലീഗ്. പാർട്ടി നേതൃത്വത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിയമനങ്ങൾ നടത്തരുതെന്നും, കീഴ്‌ഘടകങ്ങളുടെ ശുപാർശയില്ലാത്തവരെ പരിഗണിക്കരുതെന്നും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അർഹരായ പാർട്ടി പ്രവർത്തകരെ അവഗണിച്ച് വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് എംഎൽഎമാരോ മന്ത്രിമാരോ ഇല്ലാത്ത ജില്ലകൾക്കും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി പി.എം.എ. സലാം, പാണക്കാട് റഷീദ് അലി തങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റാഫ് അംഗത്വം ആഗ്രഹിക്കുന്നവർ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ അംഗീകാരപത്രം സമർപ്പിക്കണമെന്നാണ് തീരുമാനം. ലീഗ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് വലിയ തോതിൽ അപേക്ഷകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നത്.
ഡെപ്യൂട്ടേഷൻ നിയമനങ്ങളിൽ പാർട്ടിയുമായി ബന്ധമുള്ള സർവീസ് സംഘടനകളുടെ ശുപാർശകൾക്കും പരിഗണന നൽകും. അതേസമയം, ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ ഓഫീസുകളിലും പാർട്ടി നേതാക്കളെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കാനും ധാരണയായി. മന്ത്രിമാരുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ നിയമനങ്ങൾ.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാമിനെ നിയമിക്കാനാണ് ആലോചന. കെ.എം. ഷാജിയുടെ ഓഫീസിൽ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ ചുമതലയേൽക്കുമെന്നാണ് സൂചന. എ.കെ. മുസ്തഫയെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയോ അബ്ദുൽ ഗഫൂറിന്റെയോ ഓഫീസിലേക്ക് പരിഗണിക്കുന്നുണ്ട്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജുവിന്റെയും അബ്ദുറഹ്മാൻ ഹുദവിയുടെയും പേരുകളും സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.










