
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ ജാഗ്രത പുലർത്തണമെന്ന് മുസ്ലീം ലീഗ്. പാർട്ടിയുടെ മന്ത്രിമാർക്കുള്ള പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് ലീഗ് മാർഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ തെരഞ്ഞടുക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും അഭിപ്രായം നിർബന്ധമായും തേടണമെന്നും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. കൂടാതെ, ഉപജാപക സംഘങ്ങളിൽ നിന്ന് മന്ത്രിമാർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന കമ്മിറ്റി യോഗത്തിലും മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും ഉയർന്ന പ്രധാന നിർദേശങ്ങളാണ് ഇവ. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതിൽ അടിത്തട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും പോഷക സംഘടനകളുടെയും പങ്ക് നിർണായകമാണെന്നും, ഭരണപ്രക്രിയയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും ലീഗ് നേതൃത്വം വിലയിരുത്തി.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുയർന്ന വിവാദം യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നും, പ്രത്യേകിച്ച് പുതിയ തലമുറയിൽ അത് അവമതിപ്പ് സൃഷ്ടിച്ചതായും ലീഗ് യോഗം നിരീക്ഷിച്ചു. ഈ വിഷയം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്നും നിർദേശം ഉയർന്നു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകളിൽ ലീഗിന് ആശങ്കയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിൽ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും അത് മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനങ്ങൾ യുഡിഎഫിന്റെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും എടുക്കുക. ജനവികാരത്തെ മാനിച്ചായിരിക്കും കോൺഗ്രസ് തീരുമാനം ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










