
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. 30 സീറ്റുകളിൽ മത്സരിക്കുക എന്നതാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത് എന്നാണ് സൂചന. വിജയസാധ്യത കുറവുള്ള മണ്ഡലങ്ങൾ വെച്ചുമാറാനും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്. മലബാറിന് പുറത്തേക്ക് ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ വിജയസാധ്യതയുള്ള സീറ്റുകൾ ഏറ്റെടുക്കണമെന്ന വികാരവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
വലിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലീം ലീഗ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. 30 സീറ്റുകളിൽ മത്സരിക്കുകയും നൂറുശതമാനം വിജയം നേടുകയുമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് സൂചന. അങ്ങനെവന്നാൽ മുഖ്യമന്ത്രിപദം പോലും ആവശ്യപ്പെടാനുള്ള ശക്തി പാർട്ടിക്ക് നേടാനാകും എന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് മത്സരിക്കുന്ന മുഴുവൻ സീറ്റുകളിലും വിജയിക്കാൻ സാധിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയോ ഉപമുഖ്യമന്ത്രി കസേരയോ ലീഗിന് അപ്രാപ്യമല്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
വടക്കൻ ജില്ലകളിലെ ഉറപ്പുള്ള മണ്ഡലങ്ങളാകും ലീഗ് പുതുതായി ആവശ്യപ്പെടുക. കോഴിക്കോട് വയനാട് ജില്ലകളിലെ മണ്ഡലങ്ങൾ വിട്ടുകിട്ടണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയോ നാദാപുരമോ ലീഗ് ആവശ്യപ്പെടും. വയനാട് ജില്ലയിൽ കൽപ്പറ്റ സീറ്റാണ് ലീഗ് കണ്ണുവെയ്ക്കുന്നത്. ഒത്തുതീർപ്പ് എന്ന നിലയിൽ സംവരണ മണ്ഡലമായ മാനന്തവാടിയും ലീഗ് ആവശ്യപ്പെട്ടേക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വിട്ട് കൊടുത്ത് പകരം തവനൂരോ പട്ടാമ്പിയോ ലഭിക്കണമെന്നതാണ് ലീഗിൻ്റെ നിലപാട്.
സീറ്റുകൾ മുസ്ലീം ലീഗ് ആവശ്യപ്പെടുമെന്നതിനെ പരോക്ഷമായി ശരിവെയ്ക്കുന്ന പ്രതികരണമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയത്. കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ എല്ലാ കക്ഷികൾക്കും താല്പര്യം ഉണ്ടാകുമെന്നായിരുന്നു പിഎംഎ സലാം ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചത്. സീറ്റുകൾ എങ്ങനെ പങ്കുവെക്കണം എന്ന് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











