
കാസർകോട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർസാനയ്‌ക്കെതിരെ പരാതി. മുളേളരിയയിൽ നടന്ന യുഡിഎഫ് കുടുംബയോഗത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായതെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. പ്രസംഗത്തിൽ ഷാനവാസ് പാദൂരിനെ “കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ” എന്ന് വിശേഷിപ്പിക്കുകയും “മുനാഫിഖ്” എന്ന പദം ഉപയോഗിക്കുകയും ചെയ്തതായാണ് പരാതി. ഈ പരാമർശങ്ങൾ വ്യക്തിപരമായ അധിക്ഷേപമെന്നും മതസ്പർദ്ധ വളർത്തുന്നതാണെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
'ഷാനവാസ് പാദൂര്‍ എന്നൊരു സ്ഥാനാര്‍ത്ഥിയുണ്ടല്ലോ. രാവിലെ ഒരു കൊടി പിടിച്ച് ഉച്ചയ്ക്ക് മറ്റൊരു കൊടി പിടിച്ച് വൈകുന്നേരം മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് കൊണ്ട് നമ്മളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ വരികയാണ്. പിണറായി വിജയന്‍ എന്ന സഖാവ് പറഞ്ഞതുപോലെ നമുക്കും പറയാനുണ്ട്, കടക്ക് പുറത്ത്' എന്നാണ് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പറഞ്ഞത്.
ഷാനവാസ് പാദൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റായ കെ.എ. മുഹമ്മദ് ഹനീഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രസംഗം സമൂഹത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും മതസ്പർദ്ധ വർധിപ്പിക്കാനുമുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, വോട്ടുകൾ നേടുന്നതിനായി സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവ്വം ഇത്തരം പദങ്ങൾ ഉപയോഗിച്ചതായും ആരോപിക്കുന്നു.
ആയിഷത്ത് ഫർസാനയ്‌ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവരെ ചുമതലപ്പെടുത്തിയ കല്ലട്ര മാഹിനെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കേസെടുക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.









