
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിപ്പറയാതെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാകാം കാന്തപുരം ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും വാർത്താ കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം ഉദ്ദേശിച്ചത് നിലവിലെ സാമൂഹിക സാഹചര്യങ്ങളെയാകാമെന്നും ഇത് ഒരു മതപണ്ഡിതന്റെ അഭിപ്രായമായി കാണണമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സമൂഹത്തിന്റെ നന്മയ്ക്കായുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യത്തിനാണ് പ്രാധാന്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ വിവിധ സംഘടനകൾ രംഗത്തെത്തി. സിപിഎമ്മിന്റെ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചാണ് എസ്എസ്എഫും എസ്വൈഎസും രംഗത്തെത്തിയത്.
പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫ് വിമർശിച്ചു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തോടുള്ള പ്രതീക്ഷ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ലെന്നും സംഘടന വ്യക്തമാക്കി.
വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ സിപിഎം ശ്രമിക്കേണ്ടതില്ലെന്ന മുന്നറിയിപ്പുമായി എസ്വൈഎസും രംഗത്തെത്തി. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവരാണ് വിശ്വാസി സമൂഹത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നതെന്നായിരുന്നു വിമർശനം.
വിശ്വാസി സമൂഹത്തിന്റെ ആചാര-മര്യാദകൾക്ക് നേരെ ‘കപട പുരോഗമന’ത്തിന്റെ ക്ലാസെടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവുമാണെന്നും എസ്വൈഎസ് ആരോപിച്ചു.
കാന്തപുരത്തിന്റെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിൽ സിപിഎം നേതാക്കൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സമസ്ത സംഘടനകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതികരണം.











